ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എല്‍ കിരീടം ശിരസിലണിഞ്ഞിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് പഞ്ചാബ് കിങ്സിനെ തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്സ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്.
ഈ കിരീടനേട്ടത്തോടെ ബെംഗളൂരുവിന് ഒരു റെക്കോഡ് നേട്ടവും റോയല്‍ ചലഞ്ചേഴ്‌സ് സമ്മാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന മൂന്ന് ലീഗുകളില്‍ കിരീടം സ്വന്തമാക്കുന്ന സിറ്റിയെന്ന റെക്കോഡാണ് ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്ലിന് പുറമെ ഐ.എസ്. എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്), പി.കെ.എല്‍ (പ്രോ കബഡി ലീഗ്) എന്നീ ടൂര്‍ണമെന്റുകളിലെ കിരീടം നേരത്തെ തന്നെ ബെംഗളൂരു സ്വന്തമാക്കിയിരുന്നു.
2018-19 സീസണിലാണ് ഈ രണ്ട് ബെംഗളൂരു സ്വന്തമാക്കിയത്. ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയെ തകര്‍ത്തുകൊണ്ടായിരുന്നു ബെംഗളൂരുവിന്റെ കിരീടനേട്ടം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്.
നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ എക്‌സ്ട്രാ ടൈമിലേക്ക് മത്സരം കടന്നു. 117ാം മിനിട്ടില്‍ രാഹുല്‍ ഭേക്കേ നേടിയ ഗോളില്‍ ബെംഗളൂരു ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ തകര്‍ത്തുകൊണ്ടാണ് ബെംഗളൂരു പ്രോ കബഡി കിരീടം സ്വന്തമാക്കിയത്. മുംബൈ എസ്.വി.പി സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 33-38 എന്ന സ്‌കോറിനാണ് ബെംഗളൂരു വിജയിച്ചുകയറിയത്.
ബെംഗളൂരുവിന് പുറമെ കൊല്‍ക്കത്തയും മുംബൈയും മാത്രമാണ് ഈ ഐക്കോണിക് ട്രിപ്പിള്‍ നേട്ടം പൂര്‍ത്തിയാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മൂന്ന് തവണ ഐ.പി.എല്‍ കിരീടത്തിലും എ.ടി.കെയിലൂടെ മൂന്ന് തവണയും മോഹന്‍ ബഗാനിലൂടെ രണ്ട് തവണയും ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ട കൊല്‍ക്കത്ത ബംഗാള്‍ വാറിയേഴ്‌സിനൊപ്പമാണ് പ്രോ കബഡി കിരീടമണിഞ്ഞത്.
2012, 2014, 2024 സീസണുകളിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ കിരീടമണിഞ്ഞത്. ഐ.എസ്.എല്ലിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുകൊണ്ട് കിരീടമണിഞ്ഞ എ.ടി.കെ 2016, 2019-20 സീസണിലും കിരീട നേട്ടം ആവര്‍ത്തിച്ചു. 2022-23, 2024-25 സീസണിലാണ് മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായത്.
2019ല്‍ ദബാംഗ് ദല്‍ഹി കെ.സിയെ അഞ്ച് പോയിന്റിന് തകര്‍ത്താണ് ബംഗാള്‍ വാറിയേഴ്‌സ് കിരീടം ചൂടിയത്. ഇറാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇസ്മായില്‍ നബിബക്ഷിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ബംഗാള്‍ 39-34 എന്ന സ്‌കോറിന് എതിരാളികളെ തകര്‍ത്ത് ചരിത്രത്തിലെ ഏക കിരീടം സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സിനൊപ്പം 2013ല്‍ ഐ.പി.എല്‍ കിരീടം നേടിക്കൊണ്ടാണ് മുംബൈ ഈ റെക്കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത്. ശേഷം നാല് തവണ കൂടി മുംബൈ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമൊപ്പം ഐ.പി.എല്‍ ചാമ്പ്യന്‍മാരായി.
2020-21 സീസണിലാണ് മുംബൈ സിറ്റി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തിയത്. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റി ഫൈനലില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടവും സ്വന്തമാക്കി. ലീഗ് ഷീല്‍ഡും ഐ.എസ്.എല്‍ കിരീടവും ഒന്നിച്ച് സ്വന്തമാക്കുന്ന സൂപ്പര്‍ ലീഗിലെ ആദ്യ ടീം എന്ന റെക്കോഡും ഇതിനൊപ്പം മുംബൈ സിറ്റി സ്വന്തമാക്കി.
പി.കെ.എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം സീസണില്‍ കിരീടം നേടിയാണ് അനൂപ് കുമാറിന്റെ യു മുംബ കബഡി ചാമ്പ്യന്‍ഷിപ്പും മുംബൈയുടെ മണ്ണിലെത്തിച്ചത്. യു മുംബയുടെ ചരിത്രത്തിലെ ഏക പി.കെ.എല്‍ കിരീടമാണിത്.
Content Highlight: Bengaluru joins Kolkata and Mumbai in the list of teams to have won IPL, ISL and PKL trophies