ബെംഗളൂരു: മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹരജിയിൽ റിപ്പോർട്ടർ ടി.വിക്ക് പിഴയിട്ട് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി.
ഹരജിക്കാർക്ക് ദുരുദ്ദേശമുണ്ടെന്ന നിരീക്ഷണങ്ങളടക്കം പങ്കുവെച്ച് പതിനായിരം രൂപയാണ് റിപ്പോർട്ടർ ടി.വിക്ക് കോടതി പിഴയിട്ടത്.
റിപ്പോർട്ടർ ടി.വി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായി വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും മാധ്യമങ്ങളിലും വന്ന വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹരജി നല്‍കിയത്. ഈ ഹരജി പിൻവലിച്ചതോടെയാണ് കോടതി പിഴ ചുമത്തിയത്. വാദിഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതി പറഞ്ഞു.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോർട്ടർ ടി.വി ബെംഗളൂരു കോടതിയെ സമീപിച്ചത്.
ഇതുസംബന്ധിച്ച് ഏതെങ്കിലും വാർത്തകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാകണമെന്നും വാർത്തകൾ സംബന്ധിച്ച എല്ലാ ലിങ്കുകളും പുനസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
Content Highlight: Bengaluru court fines Reporter TV for lack of honesty in news ban petition