വിജയ് ഹസാരെ ട്രോഫിയുടെ ഭാഗമായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന എല്ലാ മത്സരങ്ങളും ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് വേദി മാറ്റം.
വിരാട് കോഹ് ലിയടക്കമുള്ള താരങ്ങള്‍ വിജയ് ഹസാരെ ടൂര്‍ണമെന്റ് കളിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടക്കാത്തത് എന്നതും ശ്രദ്ധേയമാണ്.
ചിന്നസ്വാമി സ്റ്റേഡിയം. Photo: Wikipedia
ടൂര്‍ണമെന്റിന്റെ ആദ്യ ദിവസം നടക്കുന്ന ദല്‍ഹി – ആന്ധ്രാ പ്രദേശ് മത്സരമടക്കം പുതിയ വേദിയിലാകും നടക്കുകയെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ക്രിക്ബസ്സിനോട് പറഞ്ഞു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍
വിരാട് കോഹ്‌ലിയും റിഷബ് പന്തും അടക്കമുള്ള വമ്പന്‍ താരനിരയാണ് ദല്‍ഹിക്കായി ഈ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. 2025 ഐ.പി.എല്ലില്‍ കിരീടമണിഞ്ഞ ശേഷം ചിന്നസ്വാമിയിലേക്കുള്ള വിരാടിന്റെ തിരിച്ചുവരവ് വിജയ് ഹസാരെ ടൂര്‍ണമെന്റിലുണ്ടാകുമെന്ന് കരുതിയെങ്കിലും വേദി മാറ്റത്തോടെ അടുത്ത ഐ.പി.എല്‍ വരെ ഇതിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ആരാധകര്‍.
വേദി മാറ്റത്തെ കുറിച്ചുള്ള അന്തിമ തീരുമാനം സംസ്ഥാന കായിക മന്ത്രാലയം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
വലിയ ഒത്തുചേരലുകള്‍ക്ക് സ്റ്റേഡിയം ഒട്ടും സുരക്ഷിതമല്ല (ഹൈലി അണ്‍സെയ്ഫ്) എന്ന ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി കുന്‍ഹയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനം.
വെങ്കിടേഷ് പ്രസാദിന് കീഴിലുള്ള കെ.സി.എ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കവെ തിങ്കളാഴ്ച നടന്ന പരിശോധനകള്‍ക്ക് പിന്നാലെയാണ് കായികമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മത്സരത്തിന് മുമ്പായുള്ള ഇരു ടീമുകളുടെ പരിശീലനവും ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് നടക്കുക. മത്സരത്തില്‍ കാണികളെയും അനുവദിക്കില്ല.
ഐ.പി.എല്‍ 2025ലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നാലെ ഈ വേദിയില്‍ ഒരു മത്സരവും നടന്നിരുന്നില്ല.
ആര്‍.സി.ബിയുടെ വിജയാഘോഷത്തിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്നാണ് കര്‍ണാടക സി.ഐ.ഡി കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.
Content Highlight: Bengaluru Chinnaswamy Stadium will not host Vijay Hazare Trophy matches