| Friday, 6th June 2025, 7:25 am

ബെംഗളൂരു അപകടം; പൊലീസ് കമ്മീഷണര്‍ക്കടക്കം സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു പൊലീസ് കമ്മീഷണറെ അടക്കമാണ് സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തത്.

തിക്കിലും തിരക്കിലും പെട്ട് പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിക്ടറി പരേഡ് ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. അനിയന്ത്രിതമായ തിരക്കും കൃത്യമായ മാനേജിങ്ങുമില്ലാതിരുന്നതാണ് മരണങ്ങള്‍ സംഭവിക്കാന്‍ കാരണമായതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആര്‍.സി.ബി പ്രതിനിധികള്‍ക്കെതിരെയും ഡി.എന്‍.എ ഇവന്റ് മാനേര്‍മാര്‍, കെ.എസ്.സി.എ അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ അറിയിച്ചിരുന്നു.

അന്വേഷണം ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറിയതായും അപകടത്തിന്റെ അന്വേഷമത്തിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

ബെംഗളൂരു അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. 11 പേരുടെ മരണത്തിനും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഉത്തരവിട്ടിരുന്നു.

ദുരന്തം ഉണ്ടായത് എങ്ങനെയാണ് എന്ന കാര്യം പരിശോധിക്കാനാണ് അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നെന്ന് പറഞ്ഞ സിദ്ധരാമയ്യ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും അറിയിച്ചു. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി കുംഭമേളയിലടക്കം അപകടം നടന്നിട്ടില്ലേയെന്നും ചോദിച്ചിരുന്നു.

സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം വിശദീകരണവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും ദുരന്തത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി.

മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതെന്ന് പറഞ്ഞ ടീം പ്രശ്‌നങ്ങള്‍ അറിഞ്ഞയുടനെ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും അറിയിച്ചു.

ആര്‍.സി.ബി വിജയാഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11പേര്‍ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Content Highlight: Bengaluru accident; Police Commissioner and others suspended

We use cookies to give you the best possible experience. Learn more