ബെംഗളൂരു: ആര്‍.സി.ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ആര്‍.സി.ബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെയെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
മുംബൈയിലേക്ക് പോവുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് മേധാവിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ കൂടാതെ ഇവന്റ്മാനേജ്‌മെന്റുകാരായ ഡി.എന്‍.എ എന്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം.
ആര്‍.സി.ബി, ഇവന്റ് മാനേജ്‌മെന്റ് കമ്പനി, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉടന്‍ നടപടികള്‍ സ്വീകരിക്കാനും നേരത്തെ സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു.
തിക്കിലും തിരക്കിലും പെട്ട് പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്വേഷണം ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറിയതായും അപകടത്തിന്റെ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.
ബെംഗളൂരു അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. 11 പേരുടെ മരണത്തിനും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഉത്തരവിട്ടിരുന്നു.
ആര്‍.സി.ബി വിജയാഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11പേര്‍ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
Content Highlight: Bengaluru accident; Four people including RCB marketing head arrested