| Sunday, 13th July 2025, 7:59 pm

അസമിലെ ബം​ഗാളി മുസ്‌ലിങ്ങളെ കുടിയൊഴിപ്പിച്ച നടപടി; 1080 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിസ്പൂർ: ഗോൽപ്പാറ ജില്ലയിലെ പൈൻകാവ് റിസർവ് വനത്തിലെ 140 ഹെക്ടർ ഭൂമി അധികൃതർ ഒഴിപ്പിച്ചു. 1080 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരിൽ ഭൂരിഭാഗവും ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളാണെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്ക്രോൾ പറയുന്നു.

ജില്ലയിലെ ഈ വർഷത്തെ രണ്ടാമത്തെ കുടിയൊഴിപ്പിക്കൽ നടപടിയാണിത്. ജൂൺ 16ന് ഗോൽപ്പാറ ടൗണിനടുത്തുള്ള തണ്ണീർത്തട പ്രദേശത്ത് 690 കുടുംബങ്ങളുടെ വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അസമിലെ നാല് ജില്ലകളിലായി അഞ്ച് കുടിയൊഴിപ്പിക്കൽ നടപടികൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 3500ഓളം കുടുംബങ്ങളെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2700 കെട്ടിടങ്ങൾ ശനിയാഴ്ച പൊളിച്ചുമാറ്റിയതായും പൈക്കാൻ റിസർവ് വനത്തിന്റെ ഭാഗമായ ഭൂമിയാണിതെന്നും ഗോൽപ്പാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമിയെ ഉദ്ധരിച്ച് സ്‌ക്രോൾ പറഞ്ഞു.

ബിദ്യാപാര റവന്യൂ ഗ്രാമത്തിലെ താമസക്കാരനായ മിസാനൂർ റഹ്‌മാന് കുടിയൊഴിപ്പിക്കൽ വേളയിൽ വീട് നഷ്ടപ്പെട്ടിരുന്നു. ‘എനിക്കും കുടുംബത്തിലെ എട്ട് അഗങ്ങൾക്കും പോകാൻ ഇടമില്ല. ഞങ്ങൾക്ക് മറ്റൊരിടത്തും ഭൂമിയില്ല’ റഹ്‌മാൻ പറഞ്ഞു.

1959ൽ പൈക്കാൻ റിസർവ് വനമായി പ്രഖ്യാപിക്കാൻ അസം സർക്കാർ നിർദേശിക്കുകയും 1982ൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ മേലുള്ള നിരവധി വ്യക്തികളുടെ അവകാശങ്ങൾ തീർപ്പാക്കിയിട്ടില്ലെന്ന് കാണിച്ച് 2022ൽ അഭിഭാഷക സംഘടന അസം സർക്കാരിനും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനും മെമ്മോറാണ്ടം അയച്ചിരുന്നു.

സംരക്ഷിത വനമേഖലകളിൽ കുടിയൊഴിപ്പിക്കൽ നടക്കുന്നതിന് മുമ്പ് 1891ലെ അസം വന നിയന്ത്രണത്തിന് കീഴിലുള്ള നിർബന്ധിത വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

40 വർഷത്തിനിടെ ഗോൽപ്പാറ ജില്ലയിലെ 472 ഗ്രാമങ്ങൾ ബ്രഹ്‌മപുത്ര നദിയിലെ മണ്ണൊലിപ്പ് മൂലം ഒലിച്ചുപോയതായി ജില്ലാ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ജിതൻ ദാസും സംഘടനയുടെ സെക്രട്ടറി വാസെദ് അലി പറഞ്ഞു.

ഒഴിപ്പിക്കൽ നടപടി ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും താമസം മാറിയിരുന്നുവെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്‌ക്രോൾ പറയുന്നു. ആയിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിച്ചതിനാൽ ഒഴിപ്പിക്കൽ സമാധാനരപരമായി നടക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഖനീന്ദ്ര ചൗധരി ഉദ്ധരിച്ച് സ്‌കോൾ പറയുന്നു.

Content Highlight: Bengali Muslims evicted in Assam; 1080 families relocated

We use cookies to give you the best possible experience. Learn more