കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി അഭിനേത്രിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി.
എന്നാല്‍ പരാതിയില്‍ ഉന്നയിക്കുന്ന സംഭവം നടന്നത് പതിനഞ്ച് വര്‍ഷം മുമ്പാണെന്നും പ്രസ്തുത ആരോപണങ്ങളില്‍ കേസെടുത്ത മജിസ്ട്രേറ്റ് കോടതിയുടെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്തിനെതിരായ കേസ് കോടതി റദ്ദാക്കിയത്.
കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2009ല്‍ നടന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് നടി പരാതി നല്‍കിയതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റം ചുമത്തിയിരുന്നു കേസ്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി.
അതിക്രമം ഉണ്ടായതിന്റെ അടുത്ത ദിവസം തന്നെ ഇക്കാര്യം ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
രഞ്ജിത്തിനെതിരായ ആരോപണങ്ങളില്‍ നടിയെ പിന്തുണച്ച് സംവിധായകന്‍ ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ രഞ്ജിത്ത് നിര്‍ബന്ധിതനാകുകയും ചെയ്തു.
ജൂലൈയില്‍, രഞ്ജിത്തിനെതിരെ യുവാവ് നല്‍കിയ ലൈംഗികാതിക്രമ കേസ് കര്‍ണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു. 2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു പരാതി.
എന്നാല്‍ യുവാവിന്റെ ആരോപണങ്ങളില്‍ തെളിവ് ലഭിക്കാതെ വന്നതോടെ പ്രസ്തുത കേസ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
Content Highlight: Bengali actress’ complaint; Abuse case against Ranjith quashed