| Friday, 2nd October 2026, 9:32 am

മുഗള്‍ ചരിത്രവും കമ്മ്യൂണിസവും ഔട്ട്, മുഖര്‍ജി ഇന്‍: ബംഗാളില്‍ പാഠ്യപദ്ധതി മാറ്റാന്‍ ശുപാര്‍ശ

ദേവിക ജയചന്ദ്രന്‍

കൊല്‍ക്കത്ത: സമഗ്രമായ പാഠ്യപദ്ധതി മാറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് ബംഗാളിലെ പുനസംഘടനാ സമിതി. പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളിലും ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം ഉള്‍പ്പെടുത്താനും മുഗള്‍ ചരിത്രം വെട്ടിച്ചുരുക്കാനും ശുപാര്‍ശകളുണ്ട്.

കമ്മ്യൂണിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനും ദേബാശിഷ് ചാറ്റര്‍ജി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സിംഗൂര്‍ ഭൂപ്രസ്ഥാനത്തെയും കന്യാശ്രീ പദ്ധതിയെയും കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രബീന്ദ്രനാഥ ടഗോറിന്റെ ‘ആഫ്രിക്ക’ എന്ന കവിതയ്്ക്ക് പകരം ‘ശിവാജി ഉത്സവ്’ എന്ന കവിതയും ശചീന്ദ്രനാഥ് സെന്‍ഗുപ്തയുടെ ‘സിറാജ് ഉദ് ദൗല’ നാടകം മാറ്റി ദ്വിജേന്ദ്രലാല്‍ റായ്‌യുടെ ‘മേവാര്‍ പതന്‍’ എന്ന പുസ്തകം ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

‘ഞങ്ങള്‍ ഒരു നവീകരണത്തിനല്ല, മറിച്ച് പരിഷ്‌കാരങ്ങളോ തിരുത്തലുകളോ മാത്രമാണ് നടത്തുന്നത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിതകഥയും സംഭാവനകളും എല്ലാ ക്ലാസിലെയും എല്ലാ പുസ്തകങ്ങളിലും ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തെ ക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന ഭാഗം എല്ലാ പാഠപുസ്തകത്തിലും ഉണ്ടാകും’, സമിതി ചെയര്‍മാനും കല്യാണി യൂണിവേഴ്‌സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസറുമായ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു.

മുഗള്‍ ചരിത്രം മാത്രമാണ് ഇന്ത്യയുടെ ചരിത്രം എന്ന് വിശ്വസിക്കുന്നില്ലെന്നും വസ്തുതാപരമായ ഭാഗം ഒഴികെ കമ്മ്യൂണിസത്തെ മഹത്വവത്കരിക്കില്ലെന്നും ചാറ്റര്‍ജി പറഞ്ഞു.

പാഠപുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ മാറ്റങ്ങള്‍ വരുത്താനും കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പേര്‍ഷ്യന്‍, അറബിക് പദങ്ങള്‍ക്ക് പകരം പരമ്പരാഗതമായി ബംഗാളിയില്‍ ഉള്ള പദങ്ങള്‍ ഉപയോഗിക്കാനാണ് ശുപാര്‍ശ.

പാനി(വെള്ളം), കിതാബ്(പുസ്തകം), അസ്മാന്‍(ആകാശം), ദോസ്ത്(സുഹൃത്ത്) തുടങ്ങി സാധാരണയായി ഉപയോഗിക്കുന്ന വാക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രാഷ്ട്രീയ ശുദ്ധീകരണവും സാംസ്‌കാരിക ഇടപെടലുമാണ് ഈ നീക്കങ്ങള്‍ എന്ന് നിരൂപകര്‍ പറഞ്ഞു.

‘സിലബസ് പുനക്രമീകരണ കമ്മിറ്റിയാണ് ഇക്കാര്യം നോക്കുന്നത്. ശുപാര്‍ശ റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചുകഴിഞ്ഞാല്‍ ഞാന്‍ അത് പരിശോധിക്കും’, സംസ്ഥാന വിദ്യാഭ്യാസമന്ത്രി ദീപക് ബര്‍മന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരം, മൂല്യങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതം എന്നിവയില്‍ കൂടുതല്‍ നല്‍കി പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Bengal school books to carry Syama Prasad Mookerjee’s life story; Mughal history to be trimmed.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more