ബംഗാളിന്റെ രാഷ്ട്രീയം ചരിത്രം, സംസ്കാരം. കഥയെഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് സംസാരിക്കുന്നു
അഭിമുഖം: സുസ്മേഷ് ചന്ത്രോത്ത് | ആദർശ് എം.കെ
ചോദ്യം: നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബംഗാള്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേകിച്ചും. നേരത്തെയും ബംഗാള്‍ രാഷ്ട്രീയമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യം തന്നെയായിരുന്നു. ‘ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് എന്തോ അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക’ എന്നൊരു പഴയ ചൊല്ലുണ്ടല്ലോ. നിലവിലെ സാഹചര്യത്തില്‍ ബംഗാളിന്റെ ആ പഴയ ഭൗതിക രാഷ്ട്രീയ പ്രസക്തി ഇന്നും ഉണ്ടെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: ബംഗാള്‍ ഇന്ത്യന്‍ യൂണിയനില്‍ വലിയ ചരിത്രപ്രാധാന്യമുള്ള ഒരു സംസ്ഥാനമാണ്. ഈ ചോദ്യത്തിന് പെട്ടെന്ന് ഒരു മറുപടി പറയുക എളുപ്പമല്ല, കാരണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചരിത്രപരമായ വലിയൊരു ആഴം ബംഗാളിനുണ്ട്. അതുകൊണ്ട് ഇന്ന് എത്തിനില്‍ക്കുന്ന ബംഗാളിനെക്കുറിച്ച് നമ്മള്‍ പറയണമെങ്കില്‍ അതിന്റെ ഇന്നലകളെക്കുറിച്ച് തന്നെ ആഴത്തില്‍ പറഞ്ഞു തുടങ്ങണം.
ബംഗാള്‍ ഭൂപടം
‘ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു’ എന്ന ചൊല്ല് വരുന്നത് നമ്മുടെ ഒരു സമീപഭൂതകാലത്താണ്. എന്നാല്‍ അതിനും എത്രയോ മുന്‍പ് തന്നെ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ബംഗാള്‍ രൂപപ്പെട്ടു വന്നിരുന്നു. വിദേശികളുടെ വരവ് അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗീരഥി, ഗംഗ നദികളുടെ തീരങ്ങളോട് ചേര്‍ന്ന് രൂപപ്പെട്ട ചെറുകിട ഗ്രാമങ്ങളും നെയ്ത്തുകാരും മുക്കുവരും ഒക്കെ ചേര്‍ന്നതായിരുന്നു പഴയ ബംഗാള്‍.
പഴയ ബംഗാളിന്റെ അതിര്‍ത്തിക്കുള്ളില്‍ ഇന്നത്തെ ഒഡീഷയും അസമും ബംഗ്ലാദേശും ഒക്കെ ഉള്‍പ്പെട്ടിരുന്നു. നദികളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന്റെ സംസ്‌കാരത്തെ മുഴുവന്‍ മാറ്റിപ്പണിതത് സുല്‍ത്താനേറ്റ് ഭരണകാലങ്ങളാണ്. പേര്‍ഷ്യന്‍ ശൈലിയിലുള്ള വാസ്തുവിദ്യയും ഇത്തരത്തില്‍ കടന്നുവന്നതാണ്. ദല്‍ഹി സുല്‍ത്താനേറ്റ്, ബംഗാള്‍ സുല്‍ത്താനേറ്റ് എന്നിവയ്ക്ക് പുറമെ ബുദ്ധ, ജൈന, പാല, ദേവ വംശങ്ങള്‍ ബംഗാള്‍ ഭരിച്ചിട്ടുണ്ട്. ഈ ഭരണപരമായ മാറ്റങ്ങളെല്ലാം ബംഗാള്‍ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. ഇതില്‍ നിന്നും രൂപപ്പെട്ടുവന്നത് ജമീന്ദാര്‍മാരാണ്. കൃഷി ചെയ്യുന്ന സാധാരണക്കാരും, കൃഷി നല്‍കുന്ന ജമീന്ദാര്‍ മാരും എന്ന നിലയില്‍ ഒരു ഘടന രൂപപ്പെട്ടുവന്നു.
ബംഗാളിന്റെ ചരിത്രത്തില്‍ ജമീന്ദാര്‍മാര്‍ക്ക് വലിയ സ്ഥാനമുണ്ട്. കേരളത്തില്‍ നിന്നുകൊണ്ട് നമുക്ക് ഒരിക്കലും ബംഗാളിലെ ഒരു ജമീന്ദാറുടെ വലിപ്പം ഊഹിക്കാന്‍ കഴിയില്ല. കേരളത്തിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളേക്കാള്‍ എത്രയോ മടങ്ങ് വലുപ്പമുള്ള മന്ദിരങ്ങളായിരുന്നു അവിടുത്തെ പല ജമീന്ദാര്‍മാര്‍ക്കും ഉണ്ടായിരുന്നത്.
ഇവര്‍ കലയ്ക്കും സംഗീതത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ബംഗാളിന്റെ പൊതുവായ സംസ്‌കാരം രൂപപ്പെടുന്നതില്‍ നാടോടി സംഗീതത്തിനും നാടന്‍ കലാരൂപങ്ങള്‍ക്കും വലിയ പങ്കുണ്ട്. ജാത്ര പോലെയുള്ള നാടകങ്ങള്‍, ബാവുല്‍ സംഗീതം, സൂഫി സംഗീതം, രവീന്ദ്ര സംഗീതം എന്നിവയും ഹിന്ദുസ്ഥാനിയിലെ വിഷ്ണുപൂര്‍ ഖരാനയും ഒക്കെ ഇതിന്റെ ഭാഗമാണ്.
ബാവുല്‍ സംഗീതം. Photo: Eduindex
ബംഗാളി സംസ്‌കാരം രൂപപ്പെടുന്നതില്‍ ഹിന്ദു-മുസ്‌ലിം രാജവംശങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവിടെ ഹിന്ദു-മുസ്‌ലിം സംസ്‌കാരം പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം അത്രമേല്‍ ലയിച്ചു കിടക്കുന്നു. ഇതിലേക്ക് വിദേശികള്‍ കടന്നുവന്നതോടെ മറ്റൊരു വലിയ മാറ്റം സംഭവിച്ചു.
ജോബ് ചാര്‍നോക്കിനെ പോലുള്ളവര്‍ കൊണ്ടുവന്ന കാര്‍ഷിക-വ്യവസായ വിപ്ലവങ്ങള്‍ ബംഗാളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഇതിനോടൊപ്പം തന്നെ കലയും സംഗീതവും വളര്‍ന്നു. വിദേശികള്‍ ഇവിടുത്തെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കാതെ, അവര്‍ കൊണ്ടുവന്ന മാറ്റങ്ങളെ ഇതിനോട് ചേര്‍ത്തു വെക്കുകയാണ് ചെയ്തത്. അങ്ങനെയാണ് സവിശേഷമായ ഒരു മിശ്രസംസ്‌കാരം ബംഗാളില്‍ ഉണ്ടായത്.
മതപരമായ അടയാളങ്ങള്‍ കൊണ്ട് ബംഗാളിനെ വേര്‍തിരിക്കുക ബുദ്ധിമുട്ടാണ്. മുര്‍ഷിദാബാദ് പോലുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ പര്‍ദ്ദ പോലുള്ളവ മെല്ലെ കടന്നുവരുന്നുണ്ടെങ്കിലും പൊതുസമൂഹത്തില്‍ അത്തരം അടയാളങ്ങള്‍ പ്രകടമല്ല. സാരി തലയിലൂടെ ഇട്ടു എന്നതല്ലാതെ ഹിന്ദു-മുസ്‌ലിം വ്യത്യാസം വേഷത്തിലൂടെ തിരിച്ചറിയാന്‍ കഴിയില്ല.
വിദേശികള്‍ കൊണ്ടുവന്ന വിദ്യാഭ്യാസവും ആധുനിക സൗകര്യങ്ങളുമാണ് ബംഗാളിനെ ചിന്തിക്കുന്നവരുടെയും കലാകാരന്മാരുടെയും നാടാക്കി മാറ്റിയത്. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി, പ്രസിഡന്‍സി കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ദുര്‍ഗാപൂജയെപ്പോലും ഇത്രത്തോളം വലിയ ആഘോഷമാക്കി മാറ്റുന്നതില്‍ ജമീന്ദാര്‍മാര്‍ക്കും വിദേശികള്‍ക്കും വലിയ പങ്കുണ്ട്
ചുരുക്കത്തില്‍ ഹിന്ദു, മുസ്‌ലിം, വിദേശ ബന്ധങ്ങള്‍ എന്നീ മൂന്ന് ധാരകള്‍ ചേര്‍ന്നതാണ് ഇന്നത്തെ ബംഗാളിന്റെ സംസ്‌കാരം. ഇത്രയും വലിയൊരു ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ് ബംഗാളിനെക്കുറിച്ചുള്ള ആ പഴയ ചൊല്ല് പോലും രൂപപ്പെടുന്നത്.
ചോദ്യം:നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബംഗാള്‍ ഈ ഒരു രാഷ്ട്രീയമായ അല്ലെങ്കില്‍ സൈദ്ധാന്തികമായ രീതിയിലേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?
ഉത്തരം: ബംഗാളിലെ ഇപ്പോഴത്തെ മാറ്റത്തെ നമ്മള്‍ കഴിഞ്ഞ ഒരു 25 വര്‍ഷത്തെ മൊത്തത്തിലുള്ള മാറ്റങ്ങളുമായി ചേര്‍ത്തു വെച്ചുവേണം വിലയിരുത്താന്‍. ഈ മാറ്റത്തിന്റെ ചര്‍ച്ചകള്‍ വാസ്തവത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഈ മാറ്റം ഇന്ത്യയെ സംബന്ധിച്ചോ അല്ലെങ്കില്‍ അയല്‍രാജ്യങ്ങളെ സംബന്ധിച്ചോ ഉള്ളത് മാത്രമല്ല, അതൊരു ലോകവ്യാപകമായ മാറ്റമാണ്.
ബംഗാള്‍ ഭൂപടം
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കടന്നുവരവ്, ഇന്റര്‍നെറ്റിന്റെ വ്യാപനം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ലോകത്തെ മുഴുവന്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്നത്തെ ലോകത്ത് നടക്കുന്ന പല യുദ്ധങ്ങളും പോരാട്ടങ്ങളും ശ്രദ്ധിച്ചാല്‍ നമുക്കൊരു കാര്യം മനസ്സിലാകും; പലപ്പോഴും ഒരു മാനുഷിക പരിഗണനയോ തത്വദീക്ഷയോ ഇല്ലാതെ, ചിലപ്പോള്‍ ബുദ്ധിശൂന്യം എന്ന് പോലും തോന്നിപ്പോകുന്ന രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടക്കുന്നത്.
ഇന്നത്തെ സാഹചര്യത്തില്‍ അതുകൊണ്ട് തന്നെ കൃത്യമായ ഒരു വിലയിരുത്തല്‍ നടത്തുക പ്രയാസമാണ്.
ഉദാഹരണത്തിന്, തമിഴ്നാട്ടിലെ രാഷ്ട്രീയ വിജയത്തെ ഇതിനോട് ചേര്‍ത്ത് പറയാം. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കൊണ്ട് രൂപപ്പെട്ടുവന്ന ഒരു പുതിയ തലമുറയുണ്ട്, അവര്‍ വോട്ടര്‍മാരായി മാറി. അവരുടെ കാഴ്ചപ്പാടുകളും ബോധ്യങ്ങളും പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അവരില്‍ എത്രത്തോളം പാരമ്പര്യവും പഴയ കാര്യങ്ങളും സ്വാധീനം ചെലുത്തുന്നു എന്നത് പ്രധാനമാണ്. എന്നാല്‍ തമിഴ്നാട്ടിലൊക്കെ കാണുന്നത് പോലുള്ള പുതിയ തലമുറയുടെ ചിന്തകള്‍ ബംഗാളിലെ രാഷ്ട്രീയത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്
ചോദ്യം :ബംഗാളിനെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ എല്ലാവരും അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ അതിനുമുമ്പ് ഏകദേശം രണ്ടര പതിറ്റാണ്ടോളം കോണ്‍ഗ്രസ് അവിടെ ഭരിച്ചിരുന്നു. ബി.സി. റോയിയെപ്പോലുള്ള ശക്തരായ നേതാക്കള്‍ അന്നുണ്ടായിരുന്നു. ഏത് ഘട്ടത്തിലാണ് കോണ്‍ഗ്രസിന് ബംഗാളില്‍ അടിത്തറ നഷ്ടപ്പെടുന്നത്?
ഉത്തരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നമ്മള്‍ രണ്ടായിട്ട് കാണണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതായത് സ്വാതന്ത്ര്യലബ്ധി വരെ ഉണ്ടായിരുന്ന കോണ്‍ഗ്രസും, അതിനുശേഷം ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അധികാരവുമായി ബന്ധപ്പെട്ട് വളര്‍ന്ന കോണ്‍ഗ്രസും. സംഘടന ഒന്നാണെങ്കിലും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും നടത്തിപ്പും ഉദ്ദേശവുമെല്ലാം പിന്നീട് പൂര്‍ണമായും മാറിമറിഞ്ഞു.
ആദ്യകാല കോണ്‍ഗ്രസിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – അങ്ങേയറ്റം ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതമായ, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഒപ്പം ജനങ്ങളെ ധീരരും സ്വതന്ത്രരുമായ മനുഷ്യരാക്കി മാറ്റുക എന്നതും.
അന്ന് നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മികച്ച വിദ്യാഭ്യാസം ലഭിച്ചവരോ വിദേശത്ത് പോയി പഠിച്ചവരോ ആയിരുന്നു.പലരും വലിയ ധനികരായിരുന്നു എങ്കിലും അതെല്ലാം വിട്ടറിഞ്ഞ് ഒരു ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നവരായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമ്മള്‍ ജനാധിപത്യ ഭരണത്തിലേക്ക് സര്‍ക്കാരുണ്ടാക്കി വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ രീതികള്‍ പൂര്‍ണമായും മാറി.
ബംഗാളിന്റെ കാര്യം പ്രത്യേകം പരിശോധിച്ചാല്‍, അവിടുത്തെ സ്വാതന്ത്ര്യ സമര നേതാക്കള്‍ അസാധാരണമായ ബുദ്ധിവൈഭവവും സമൂഹത്തില്‍ വലിയ സ്വാധീനവുമുള്ള ഉന്നതശീര്‍ഷരായ മനുഷ്യരായിരുന്നു. അവരെ സ്വാധീനിച്ചിരുന്നത് മതാതീതമായ ആത്മീയതയും തത്വചിന്തയുമായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇത് ബംഗാളിന് മാത്രം എന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ഒന്നാണ്.
മതാതീതമായ ഒരു ആത്മീയത ബംഗാളിനുണ്ട്. ബംഗാളിലെ സൂഫി-ബാവുല്‍ സംഗീതധാരകള്‍ ഇതിന് ഉദാഹരണമാണ്. ദാരിദ്ര്യത്തില്‍ നിന്ന് ജനിച്ച ഈ പാട്ടുകള്‍ ദൈവത്തെയും നിലനില്‍ക്കുന്ന വ്യവസ്ഥിതിയേയും പണക്കാരനെയുമെല്ലാം ചോദ്യം ചെയ്യുന്നവയായിരുന്നു.
സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഈ നേതാക്കളെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. വിവേകാനന്ദനെയാണ് നമ്മള്‍ ആദ്യത്തെ ‘പ്രോലിറ്റേറിയസ്റ്റ്’ എന്ന് വിളിക്കേണ്ടത്; അദ്ദേഹം ജനങ്ങളോട് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസ് പോലും ആദ്യം ആകൃഷ്ടനായത് വിവേകാനന്ദന്റെ ദര്‍ശനങ്ങളിലേക്കായിരുന്നു.
സ്വാമി വിവേകാനന്ദന്‍. Photo: Ramakrishna Vedanta Society
ഈ ഒരു പാരമ്പര്യത്തില്‍ വന്ന ബി.സി. റോയ്, പ്രഫുല്ല ചന്ദ്ര ഘോഷ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ മൂന്നും നാലും തവണ തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നവരാണ്.
ബി.സി. റോയ് | പ്രഫുല്ല ചന്ദ്ര ഘോഷ്
എന്നാല്‍ 1970-കളിലേക്ക് എത്തുമ്പോഴേക്കും ഈ ആദര്‍ശങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നെഹ്‌റുവിയന്‍ കാലഘട്ടത്തിന് ശേഷം ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസക്തിയും ലക്ഷ്യങ്ങളും നഷ്ടപ്പെട്ടു തുടങ്ങിയതായാണ് മനസ്സിലാകുന്നത്.
നെഹ്‌റുവിയന്‍ കാലഘട്ടത്തിന്‍റെ അവസാനത്തോടു കൂടിയിട്ടാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ… കോണ്‍ഗ്രസിലെ നേതാക്കന്മാരുടെ പ്രസക്തിയും ലക്ഷ്യങ്ങളുമൊക്കെ നഷ്ടപ്പെട്ടു തുടങ്ങിയതായി കാണുന്നത്. ആ ഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരാന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായിട്ട് സാംസ്‌കാരികമായിട്ട് ബംഗാള്‍ മാറുന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തുണ്ടായ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും പരിഹരിക്കുന്നതില്‍ വന്ന വീഴ്ചകള്‍ മുതലെടുത്തുകൊണ്ട്, തങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഉറപ്പുനല്‍കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളി സമൂഹത്തിലേക്ക് പടര്‍ന്നത്.
ഈ കാലഘട്ടത്തില്‍ ബംഗാളില്‍ വലിയ രീതിയിലുള്ള ഭരണപരമായ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. അതിന്റെ ഫലമായി ബംഗാളില്‍ പലവട്ടം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഏകദേശം നാലഞ്ചു തവണയോളം അവിടെ രാഷ്ട്രപതി ഭരണം ഉണ്ടായി. എന്നാല്‍ 1977-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ബംഗാളില്‍ ഇതുവരെ രാഷ്ട്രപതി ഭരണം ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്
ഭരണരംഗത്തെ ഈ അനിശ്ചിതത്വങ്ങളും, കോണ്‍ഗ്രസിന്റെ ആദര്‍ശപരമായ തകര്‍ച്ചയും, തുടര്‍ച്ചയായുണ്ടായ ക്ഷാമവും വരള്‍ച്ചയും എല്ലാം ചേര്‍ന്നാണ് ബംഗാള്‍ ജനതയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്.
ചോദ്യം:ബംഗാള്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഏതെങ്കിലും തരത്തില്‍ ദേശീയ കോണ്‍ഗ്രസിന് ഒരു പാഠമായിരുന്നോ?
ഉത്തരം: ഇതൊരു സൂക്ഷ്മമായ പഠനം ആവശ്യമായ കാര്യമാണെങ്കിലും എന്റെ ചില നിരീക്ഷണങ്ങള്‍ ഞാന്‍ പങ്കുവെക്കാം. പൊതുവില്‍ നെഹ്‌റുവിയന്‍ കാലഘട്ടം അവസാനിച്ചതോടു കൂടി ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിലെ നേതാക്കന്മാരുടെ പ്രസക്തിയും ലക്ഷ്യങ്ങളുമൊക്കെ നഷ്ടപ്പെട്ടു തുടങ്ങിയതായാണ് മനസ്സിലാകുന്നത്.
ജവഹർ ലാല്‍ നെഹ്റു
ഉയര്‍ന്ന ആദര്‍ശങ്ങള്‍ പുലര്‍ത്തുന്ന, ഉന്നതമായ ചിന്താഗതിയുള്ള നേതാക്കളുടെ എണ്ണം കോണ്‍ഗ്രസില്‍ കുറഞ്ഞു വന്നു. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ഇത് കേവലം അധികാര തുടര്‍ച്ചയ്ക്കുള്ള ശ്രമമായി മാറുകയും പതനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തു.
നെഹ്‌റുവിനെപ്പോലെ കലയും സംഗീതവും സംസ്‌കാരവുമെല്ലാം ചേര്‍ത്തുകൊണ്ട് സമൂഹത്തെയും സാധാരണ മനുഷ്യരെയും മനസ്സിലാക്കി അവരുടെ ഇടയില്‍ നില്‍ക്കുന്ന ഒരു നേതാവ് പിന്നീട് കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. അത്തരം വലിപ്പമുള്ള നേതാക്കളുടെ അഭാവം കോണ്‍ഗ്രസിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ഇന്നും ദേശീയ രാഷ്ട്രീയത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ മുഖമുള്ള ഒരു നേതാവ് അവര്‍ക്കില്ല എന്നതാണ്. ബംഗാളില്‍ കോണ്‍ഗ്രസിന് ഒരു മുഖമില്ലാത്ത അതേ സാഹചര്യം തന്നെയാണ് ദേശീയ തലത്തിലും പ്രകടമാകുന്നത്. ഈ രീതിയില്‍ നേതാക്കളുടെ വലിപ്പക്കുറവും ആദര്‍ശങ്ങളില്‍ വന്ന മാറ്റവുമാണ് കോണ്‍ഗ്രസിനെ പിന്നോട്ടടിച്ചത്.
ചോദ്യം : ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവിര്‍ഭാവം ഗ്രാമങ്ങളില്‍ നിന്നാണെന്ന് പറയാം. ഭൂപരിഷ്‌കരണം പോലുള്ള നയങ്ങള്‍ പാര്‍ട്ടിക്ക് അവിടെ വലിയ വേരോട്ടം നല്‍കി. പ്രധാനമായും എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ.എം) ബംഗാളില്‍ ഇത്ര ആഴത്തില്‍ വേരാഴ്ത്തിയത്?
ഉത്തരം: സാംസ്‌കാരികമായി നോക്കിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പടരാനും വളരാനും ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബംഗാള്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ് കലയും തത്വചിന്തയും. അവര്‍ ലളിത ജീവിതം ഇഷ്ടപ്പെടുന്നവരാണ്. ഇതിന് പ്രധാന കാരണം അവര്‍ നിരന്തരം കേട്ടു വളരുന്ന സൂഫി-ബാവുല്‍ സംഗീതങ്ങളാണ്. ഒരു പിഞ്ചുകുഞ്ഞ് പോലും ഈ പാട്ടുകളിലൂടെ സ്വായത്തമാക്കുന്നത് സംയമനത്തിന്റെയും ശാന്തതയുടെയും സംസ്‌കാരമാണ്.
നിത്യം കേള്‍ക്കുന്ന പാട്ടുകള്‍ ചോദ്യം ചെയ്യലിന്റേത് കൂടിയാണ്. ഈ പാട്ടുകളില്‍ ദൈവത്തോടും, അസ്തിത്വത്തോടും, ദാരിദ്രത്തോടും, അധികാരത്തോടും നിരന്തരമായ ചോദ്യങ്ങളുണ്ട്. എന്നാല്‍ ഈ ചോദ്യം ചോദിക്കുന്നവന്റെ സ്ഥിതി മാറുന്നുണ്ടോ? ഇല്ല. ഈ പാട്ടുകള്‍ പാടുന്ന, പാട്ടുകളേറ്റുപാടുന്ന ഒരു ജനത അടിമത്തത്തില്‍ തന്നെ തുടര്‍ന്നു. സ്വാതന്ത്ര്യം ലഭിച്ചെങ്കില്‍ക്കൂടിയും ബംഗാള്‍ ജനതയ്ക്ക് അന്നും ചേറില്‍ തന്നെ ജീവിക്കേണ്ട അവസ്ഥ വരുന്നു.
അവര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വളരെ പെട്ടന്ന് തന്നെ സ്വാധീനം ചെലുത്താന്‍ സാധിച്ചു. സമൂഹത്തിലെ അസമത്വം തന്നെയാണ് ഇതിന് കാരണമായതും. ജാതിയിലും സാമ്പത്തികമായും ഉയര്‍ന്നവന്‍ ഒരു തട്ടിലും അല്ലാത്തവന്‍ മറ്റൊരു തട്ടിലും നില്‍ക്കുന്നു.
പ്ലാസി യുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ബംഗാള്‍ കേന്ദ്രമാക്കി ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭജനത്തിന് ശ്രമിച്ചിരുന്നു. ആ വിഭജനം ശരിയായ രീതിയില്‍ നടന്നില്ല. എങ്കിലും 1947-ലെ വിഭജനത്തിന് മുന്‍പേ ബ്രിട്ടീഷുകാര്‍ ബംഗാളില്‍ മറ്റൊരു വിഭജനം നടത്തിയിരുന്നു – അത് ‘ഉള്ളവനും ഇല്ലാത്തവനും’ എന്ന വിഭജനമായിരുന്നു.
വീടുള്ളവന്‍-ഇല്ലാത്തവന്‍, വരുമാനമുള്ളവന്‍-ഇല്ലാത്തവന്‍, വിദ്യാഭ്യാസമുള്ളവന്‍-ഇല്ലാത്തവന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിഭജനം വ്യക്തമായിരുന്നു. പ്രത്യക്ഷത്തിലുള്ള തെളിവുകളും അതിനുണ്ട്. കേരളത്തില്‍ നിന്നു നോക്കിയാല്‍ നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത അന്തരമാണ് ബംഗാളില്‍ ഉണ്ടായിരുന്നത്. കൂറ്റന്‍ മണിമന്ദിരങ്ങളില്‍ താമസിക്കുന്ന ജമീന്ദാര്‍മാരും, മറയ്ക്കാന്‍ ഒരു ഓലക്കഷ്ണം പോലും ഇല്ലാത്ത ദരിദ്രരും എന്നതായിരുന്നു അവസ്ഥ.
ഈ അന്തരത്തെ മറികടക്കാന്‍ ബംഗാളി ജനതയെ സഹായിച്ചത് സാംസ്‌കാരികമായ സമന്വയമാണ്. ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ മതപരമായി ചിന്തിക്കാന്‍ പോലുമാകാത്ത തരത്തില്‍ ദാരിദ്ര്യം കീഴ്‌പ്പെടുത്തി. ഇല്ലായ്മകള്‍ കീഴ്‌പ്പെടുത്തി. ഈ അവസ്ഥയില്‍ വളരെ എളുപ്പത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വരാന്‍ സാധിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ വലിയ വരള്‍ച്ചയെയും ഭക്ഷ്യക്ഷാമത്തെയും നേരിടുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങള്‍ തങ്ങള്‍ ചെയ്തു തരാമെന്ന ഉറപ്പ് നല്‍കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാധാരണക്കാരുടെ ഇടയിലേക്ക് പടര്‍ന്നത്
ബംഗാളിലെ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോള്‍ കേരളവുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. ബംഗാളില്‍ ഇപ്പോഴും ജാതിയില്‍ ഉയര്‍ന്നവന്‍, സാമ്പത്തികമായി ഉയര്‍ന്നവന്‍ എന്ന അന്തരമുണ്ട്. കേരളത്തില്‍ അതില്ല.
കേരളത്തില്‍ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ ജനങ്ങളിലെ ഭയം ഇല്ലാതാക്കി. അവര്‍ ദൈവത്തെപ്പോലും ചോദ്യം ചെയ്യാന്‍ സാധാരണക്കാരെ പ്രാപ്തരാക്കി. ഈ ഭയനഷ്ടമാണ് കൃഷ്ണപിള്ളയെയും എ.കെ.ജിയെയും പോലുള്ള നേതാക്കള്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് അവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ ധൈര്യം നല്‍കിയത്.
ശ്രീനാരായണഗുരു | അയ്യങ്കാളി | ചട്ടമ്പിസ്വാമി
എന്നാല്‍ ബംഗാളില്‍ വലിയ നേതാക്കളും മാറ്റങ്ങളും ഉണ്ടായിട്ടും കേരളത്തിലുള്ളതുപോലെ ഒരു നവോത്ഥാനം അവിടെ ഉണ്ടായില്ല. ജനങ്ങളില്‍ ഈ ഭയനഷ്ടം സംഭവിച്ചില്ല. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിവെച്ച ആ വലിയ അന്തരം ഇന്നും ബംഗാളില്‍ നിലനില്‍ക്കുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമം ബംഗാളി ജനത അന്നും നടത്തിയിട്ടില്ല, ഇന്നും നടത്തിയിട്ടില്ല.
ബംഗാളി ജനത ഇന്നും പൊതുവെ നിസ്വരായ മനുഷ്യരാണ്, അവര്‍ നിസ്സംഗരായി മാറിയിരിക്കുകയാണ്. ബംഗാളികളില്‍ ധൈര്യം എന്നതൊന്നില്ല. ധൈര്യമുള്ളവര്‍ അവിടെ വളരെ കുറവാണ്. കായികമായ പോരാട്ടങ്ങളേക്കാള്‍ വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുന്ന സ്വഭാവമാണ് അവര്‍ക്കുള്ളത്.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യമായി ബംഗാളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ഗ്രാമപ്രദേശങ്ങളില്‍ ഒറ്റച്ചേല ചുറ്റിയ അമ്മൂമമാരെ കാണാന്‍ സാധിക്കുമായിരുന്നു. കുട്ടികള്‍ പൂര്‍ണമായും നഗ്നരെന്ന് തന്നെ പറയാം, അത്തരത്തില്‍ വീടുകളുള്ള ധാരാളം ഗ്രാമങ്ങളുണ്ടായിരുന്നു. ഇന്നും ആ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടായിട്ടില്ല. തകര്‍ച്ചയില്‍ നിന്നും അതിജീവിക്കാന്‍ കെല്‍പ്പില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യരെയാണ് ബംഗാളിന്റെ ഉള്‍പ്രദേശങ്ങളില്‍ കാണാനാവുക.
ബംഗാളിന്‍റെ ഗ്രാമീണദൃശ്യങ്ങള്‍
ബംഗാളില്‍ നിന്ന് എന്തുകൊണ്ട് കേരളത്തിലേക്ക് ആളുകള്‍ വരാന്‍ തുടങ്ങി എന്നത് കഴിഞ്ഞ ഒരു കാല്‍ നൂറ്റാണ്ടിനിടയില്‍ വന്ന മാറ്റമാണ്. കേരളം പോലെ ഒരു സംസ്ഥാനത്ത് പണിയുണ്ടെന്ന് ബംഗാളികള്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയ്ക്ക് മുന്‍പുണ്ടായിരുന്ന ഒരു ഇന്റര്‍നെറ്റ് വിപ്ലവത്തിലൂടെയാണ്; അല്ലെങ്കില്‍ ഒരു ഫോണിലൂടെ സാധാരണ മനുഷ്യരിലേക്ക് എത്തിയ അറിവിലൂടെയാണ്. കേരളത്തിലുള്ളവര്‍ പൈസയുണ്ടാക്കാന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ബംഗാളിലെ സാധാരണക്കാര്‍ക്ക് കേരളം ഒരു ഗള്‍ഫായി മാറി.
ഇവിടെ വന്ന ഒരാള്‍ ഉറുമ്പ് വന്നു പോകുന്നതുപോലെ കൊടുത്ത വിവരത്തിന്റെ പുറത്താണ് പിന്നീട് ആളുകള്‍ അവിടുന്ന് കൂട്ടമായിട്ട് ഇങ്ങോട്ട് വന്നത്. ഈ സമയത്താണ് ഞാന്‍ അങ്ങോട്ട് പോകുന്നത്. അവിടെ നഗരങ്ങള്‍ കുറച്ചേ ഉള്ളൂ. കൊല്‍ക്കത്തയെന്ന നഗരം കഴിഞ്ഞ് ഒരു പത്തോ പതിനഞ്ചോ കിലോമീറ്ററുകള്‍ മാറിയാല്‍ തനി കുഗ്രാമങ്ങളാണ്. ഇത്തരം സ്ഥലങ്ങളില്‍ പത്രങ്ങള്‍ പോലും എത്തില്ല. പത്രങ്ങളോ വാരികകളോ ഇത്തരം സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കാന്‍ അക്കാലത്ത് സാധിച്ചിട്ടില്ല. ഇപ്പോഴും.
ചുമര്‍ പത്രങ്ങള്‍ കൊല്‍ക്കത്ത സിറ്റിക്കകത്ത് കാണാം.കേരളത്തില്‍ നിന്ന് പോകുമ്പോള്‍ ഇതെല്ലാം നമുക്ക് വലിയ അതിശയമായി തോന്നും. ഒരു ചുമരില്‍ ദിനപത്രം ഒട്ടിച്ചു വെക്കുന്നു, താല്പര്യമുള്ളവര്‍ ഒരു സൈഡില്‍ നിന്നുകൊണ്ട് പത്രത്തിന്റെ പേജുകള്‍ ചുമരില്‍ നോക്കി വായിക്കുന്നു എന്നൊക്കെ പറയുന്നത് നമുക്ക് ഇവിടെ ചിന്തിക്കാന്‍ പറ്റില്ല. ഇവിടെ ഓള്‍മോസ്റ്റ് എല്ലാ വീടുകളിലും പത്രം വരുത്തി രാവിലെ തന്നെ വായിക്കുന്നവരാണ് നമ്മള്‍. ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കാം.
കൊല്‍ക്കത്തയിലെ ഒരു തെരുവ്
ചോദ്യം:‘ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും’ എന്ന് പറയുന്ന ഒരു സംസ്ഥാനത്ത് ഇന്നും ഉള്ളവനും ഇല്ലാത്തവനും എന്ന രീതിയിലുള്ള ഈ വേര്‍തിരിവ് നിലനില്‍ക്കുന്നു. ഇത് മുമ്പ് ഭരിച്ചിരുന്ന പാര്‍ട്ടികളുടെ ഒരു പരാജയമായി നമുക്ക് വിലയിരുത്താന്‍ പറ്റുമോ?
ഉത്തരം: ബംഗാളില്‍ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, അത് അംഗീകരിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസും പിന്നീട് രാഷ്ട്രപതി ഭരണങ്ങളും അതിനുശേഷം 34 വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവിടെ ഭരിച്ചു. ഇത്രയും കാലം ഭരിച്ചിട്ടും സാധാരണ ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ സാധിച്ചോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഐ.ടി സെക്ടറിലോ ടൂറിസത്തിലോ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ബംഗാളിന് കഴിഞ്ഞില്ല. 1970-കളിലും 80-കളിലും ബംഗാളിലെ ഒട്ടുമിക്ക വ്യവസായശാലകളും പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്തു. ഇതോടെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന അവസ്ഥയിലായി.
ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ ഇതൊന്നും എന്തുകൊണ്ട് ഈ ജനങ്ങള്‍ക്ക് വേണ്ട സ്‌കൂളോ, റോഡുകളോ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൊടുത്തില്ല എന്ന് ചോദിക്കുമ്പോള്‍ ജനങ്ങള്‍ എന്തുകൊണ്ട് ചോദിച്ച് വാങ്ങിയില്ല എന്ന് തിരിച്ചുചോദിക്കാനാണ് തോന്നുന്നത്.
ബംഗാളിലെ ഭരണം പരിശോധിച്ചാല്‍ ചില പ്രധാന പോരായ്മകള്‍ കാണാന്‍ കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കാലാകാലങ്ങളായി ബംഗാളിലെ ജനങ്ങള്‍ പലതും സഹിച്ചു ജീവിക്കുകയാണ്. പ്രാഥമിക വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വഴിവിളക്കുകള്‍, ശുദ്ധമായ കുടിവെള്ളം, യാത്രാമാര്‍ഗങ്ങള്‍ എന്നിവ പലയിടത്തും ഇന്നും ലഭ്യമല്ല.
വോട്ട് ചെയ്യുന്ന ജനതയ്ക്ക് ഇത് ചോദിച്ചു വാങ്ങാനുള്ള തന്റേടമോ ലക്ഷ്യബോധമോ ഉണ്ടായിരുന്നില്ല എന്നതും ഭരിച്ചവര്‍ അത് അറിഞ്ഞു നല്‍കിയില്ല എന്നതും ബംഗാളിന്റെ വലിയൊരു ശാപമാണ്.
ചോദ്യം:ഒരര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പരാജയം കൂടെയല്ലേ? സാധാരണയായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയം എന്നാണ് നമ്മള്‍ പറയാറുള്ളത്. അപ്പോള്‍ ആ ആശയത്തില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചു പോയിട്ടുണ്ടോ ?
ഉത്തരം: നമ്മള്‍ ഇന്ന് നോക്കുമ്പോള്‍ അത് കുറെയൊക്കെ അംഗീകരിക്കേണ്ടി വരും. ഇല്ലാത്തവന്റെ ഇല്ലായ്മ പരിഹരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളതാണ്. വിദ്യാഭ്യാസത്തിനാണ് ഒരു സമൂഹത്തെയും മനുഷ്യരെയും മാറ്റാന്‍ കഴിയുന്നത്. ആ അടിസ്ഥാന വിദ്യാഭ്യാസം സാധാരണ അടിത്തട്ടിലുള്ളവര്‍ക്ക് കൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല.
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ ഒരു പത്രമോ, പാര്‍ട്ടിയുടെ പത്രം പോലും ഒരുപക്ഷേ ഗ്രാമങ്ങളിലുള്ള സാധാരണ ജനങ്ങള്‍ കണ്ടിട്ടുണ്ടാവില്ല, വായിച്ചിട്ടുണ്ടാവില്ല. സ്‌കൂളുകള്‍ നവീകരിച്ച് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം കൊടുത്ത് സ്റ്റേറ്റ് ലെവലില്‍ ഒരു ഉയര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടാക്കണമായിരുന്നു.
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന ബംഗാളിലെ യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും നിലവാരം നിലനിര്‍ത്തിക്കൊണ്ട്, പ്രാഥമിക വിദ്യാഭ്യാസം നേടി വരുന്നവരെ നഗരത്തിലുള്ള ഈ കോളേജുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും കൊണ്ടുവന്ന് അവരെ ഡെവലപ്പ് ചെയ്ത് എടുത്തിരുന്നെങ്കില്‍ ബംഗാള്‍ സ്റ്റേറ്റ് മാറിപ്പോകുമായിരുന്നു. അതിനുള്ള ഒരു ശ്രമം അവിടെ ഉണ്ടായില്ല.
അത് എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍, വോട്ട് ബാങ്ക് ആയിട്ട് അവരെ നിലനിര്‍ത്താന്‍ വേണ്ടി അങ്ങനെ നിര്‍ത്തി എന്ന് ചില ആളുകള്‍ പറയും. ജനങ്ങള്‍ ചോദിച്ചു വാങ്ങാത്തതുകൊണ്ടാണ് അതിലേക്ക് പോകാത്തതെന്ന് മറ്റുചിലരും.
പിന്നെ പൊതുവേ ഒരു കാര്യം നോക്കിയാല്‍, 90കള്‍ വരെ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലീഡര്‍മാര്‍, ജ്യോതി ബസു ആയാലും ബുദ്ധദേവ് ഭട്ടാചാര്യ ആയാലും ഉന്നത വിദ്യാഭ്യാസവും വിദേശ രാജ്യപരിചയവും ഒക്കെയുള്ള ബുദ്ധിജീവികളായ മനുഷ്യരായിരുന്നു. അവര്‍ക്ക് കലയെയും സംസ്‌കാരത്തെയും സിനിമയെയും പുസ്തകങ്ങളെയും ഒക്കെ കുറിച്ച് ഉയര്‍ന്ന ചിന്തകളുണ്ട്, സാധാരണ മനുഷ്യരോട് അവര്‍ക്ക് സ്‌നേഹവുമുണ്ട്.
ജ്യോതി ബസു | ബുദ്ധദേവ് ഭട്ടാചാര്യ
പക്ഷേ പ്രായോഗിക രാഷ്ട്രീയത്തില്‍ അവര്‍ എന്തുകൊണ്ടോ ഈ സാധാരണ മനുഷ്യരെ ഒന്ന് ഉയര്‍ത്തിയെടുത്ത് മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ മടിച്ചുനിന്നു. അവര്‍ പൂര്‍ണമായും പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തകരായി മാറാത്തതുകൊണ്ടാണോ, അതോ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരുടെ ക്വാളിറ്റികള്‍ ഇല്ലാതെ പോയതാണോ, രാഷ്ട്രീയ ബുദ്ധിജീവികളായി നിലനിന്നതുകൊണ്ടാണോ എന്നുള്ളതൊക്കെ സാംസ്‌കാരികമായി പഠിച്ചു പറയേണ്ട കാര്യങ്ങളാണ്.
ചോദ്യം:ഇടതുപക്ഷം ബംഗാളിന്റെ കലാ-സാംസ്‌കാരിക-സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ എന്തെല്ലാമാണ്? ഇതിനെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്?
ഉത്തരം: ബംഗാളിന്റെ കലാ-സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കാന്‍ ഇടതുപക്ഷ ഭരണകാലത്ത് ഒട്ടേറെ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊല്‍ക്കത്തയിലെ നന്ദന്‍ എന്ന ഫിലിം കോംപ്ലക്‌സ് സത്യജിത് റായ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജീവിച്ചിരുന്ന കാലത്ത് അവരുടെ നേതൃത്വത്തില്‍ ചലച്ചിത്ര മേളകള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
സത്യജിത് റായ്
1985-ലാണ് ബംഗാളില്‍ സംസ്ഥാനതലത്തില്‍ ചലച്ചിത്ര മേളകള്‍ ആരംഭിക്കുന്നത്; ഇതിന്റെ തൊട്ടടുത്ത വര്‍ഷമാണ് കേരളത്തില്‍ ചലച്ചിത്ര മേള തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇത്തരം മേളകളില്‍ വളരെ ക്രിയാത്മകമായി ഇടപെടുകയും പങ്കാളികളാവുകയും ചെയ്തിരുന്നു. അത് അന്നത്തെ ബംഗാളി ജനത അംഗീകരിച്ചിരുന്നു.
ബംഗാളിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെക്കുറിച്ച് പറയുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, ഉള്ളവനും ഇല്ലാത്തവും എന്ന് പറഞ്ഞതുപോലെ നാഗരീകരും അനാഗരീകരും എന്ന രീതിയിലും അവരെ വിഭാഗീകരിക്കേണ്ടി വരും. ബംഗാളില്‍ നഗരവാസികളായ വിദ്യാഭ്യാസമുള്ള ബംഗാളികളെ ‘ഭദ്രലോക്’ എന്ന് വിളിക്കുന്നു. മറ്റൊന്ന് ഗ്രാമങ്ങളില്‍ ജീവിക്കുന്ന, കൃഷിപ്പണി ചെയ്യുന്ന, വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാരുമാണ്. ഈ അന്തരം ബംഗാളിന്റെ പല മേഖലകളിലും പ്രകടമാണ്.
ഭദ്രലോക് വിഭാഗത്തിന് വിദേശ ഭരണകാലം മുതല്‍ക്കേ രൂപപ്പെട്ട ഒരു സങ്കര സംസ്‌കാരത്തിന്റെ പശ്ചാത്തലമുണ്ട്. ഈ സങ്കരസംസ്‌കാരത്തിന്റെ അടയാളം ജീനുകളിലും അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രകടമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകുമ്പോള്‍ അതൊരു കനത്ത നഷ്ടമാണെന്ന് കരുതിയ ഒട്ടേറെ ബംഗാളികളുണ്ട്. 70കള്‍ വരെ പല ബ്രിട്ടീഷ് കമ്പനികളും ബംഗാളിലുണ്ടായിട്ടുണ്ട്, അവര്‍ തിരികെ പോകാന്‍ മടിക്കുകയും ചെയ്തിരുന്നു.
ഈ ഭദ്രലോക് ജനത താഴെത്തട്ടിലുള്ള ബംഗാളികളെ പുച്ഛത്തോടെ മാത്രമേ കാണൂ. സൗത്ത് ഇന്ത്യന്‍സിനോടും അതേ സമീപനമാണ് അവര്‍ക്കുള്ളത്.
കേരളത്തിന്റെ നേട്ടങ്ങളൊന്നും ബംഗാളികള്‍ അംഗീകരിക്കില്ല. അവരെ സംബന്ധിച്ച് അവര്‍ക്ക് മുമ്പില്‍ ഒരു വലിയ വടവൃക്ഷമായി രവീന്ദ്ര നാഥ ടാഗോര്‍ നില്‍ക്കുന്നുണ്ട്. വിവേകാനന്ദന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ആധുനിക കാലത്തേക്ക് വരുമ്പോള്‍ സത്യജിത്ത് റായ് ഉണ്ട്. എഴുത്തുകാരും പാട്ടുകാരും അഭിനേതാക്കളുമായി അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ ഐക്കണുകള്‍ ഒരുപാടുണ്ട്, അത് സത്യവുമാണ്.
രവീന്ദ്ര നാഥ ടാഗോര്‍
എന്നാല്‍ എപ്പോഴാണ് ഇത് ബംഗാളില്‍ വന്നത്? കേരളത്തില്‍ നവോത്ഥാനം വരുന്നതിന് മുമ്പ്, 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിന്നാരംഭിച്ച് 20ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അവസാനിക്കുകയാണ് ബംഗാളിലെ നവോത്ഥാനം. രവീന്ദ്രനാഥ ടാഗോറോടെ ആ നവോത്ഥാന കാലം അവസാനിച്ചു എന്ന് നമുക്ക് പറയാം. പിന്നീട് ബംഗാളിന് സാസ്‌കാരികപരമായി ഒരു വളര്‍ച്ച ഉണ്ടായിട്ടില്ല. ഒരു പരിധി വരെ രാഷ്ട്രീയമായും വളര്‍ച്ചയുണ്ടായിട്ടില്ല.
1977ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ട് 2011-ല്‍ ഇറങ്ങിപ്പോകുന്നത് വരെയുള്ള ഒരു കാലം നമ്മള്‍ നോക്കിയാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം അതിന്റെ ആരംഭത്തില്‍ നിന്ന് കുറഞ്ഞു വരുന്നതായി കാണാം. 2011-ലാണ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുന്നത്. ആ സമയം ആയപ്പോഴേക്കും ലോകത്തിന്റെ തന്നെ മൊത്തം ഒരു മാറ്റം വന്നു. അതില്‍ പ്രധാനമായിട്ടും വന്നത് ഇന്റര്‍നെറ്റിന്റെ വ്യാപനവും സ്മാര്‍ട്ട് ഫോണുകളുമാണ്.
നേരിട്ട് ജനങ്ങളുമായിട്ട് ഇടപഴകിയിട്ടാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. സാധാരണക്കാരുടെ അടുത്തേക്ക് ചെന്ന്, അവര്‍ പറയുന്നത് കേട്ട്, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവരില്‍ ഒരാളായി ജീവിച്ചതുകൊണ്ടാണ് ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായത്.
എന്നാല്‍ ബംഗാളിലെ 34 വര്‍ഷത്തെ ഭരണം ആയപ്പോഴേക്കും ഈ രീതികള്‍ക്കെല്ലാം ഒരു മങ്ങല്‍ സംഭവിച്ചിട്ടുണ്ട്. ആ മങ്ങലിനെ മുതലെടുക്കാന്‍ കഴിഞ്ഞത് ആഗോളമായിട്ടുണ്ടായ വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ വളര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കുമാണ്.
കലാപരമായ വൈവിധ്യത്തെ കുറിച്ച് പറയുമ്പോള്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നും സജീവമായ ‘പട്ചിത്ര’ പോലുള്ള കലാരൂപങ്ങളുണ്ട്, അവിടുത്തെ മുസ്‌ലിം സ്ത്രീകളാണ് അത് ചെയ്യുന്നത്. രാമായണ കഥാസന്ദര്‍ഭങ്ങള്‍ തുണിയില്‍ വരച്ച് ചുരുളുകളാക്കി വെക്കും. എന്നിട്ട് ആ ഓരോ ചുരുളും നിവര്‍ത്തി പാട്ടിന്റെ അകമ്പടിയോടു കൂടി ഇരിക്കുന്ന ഓഡിയന്‍സിനെ കാണിച്ചു കൊടുക്കുന്നു.
പട്ചിത്ര ഒരുക്കുന്നു
ഇതൊരു വലിയ കലാരൂപമോ വലിയ ധനസമ്പാദനത്തിനുള്ള ഒരു മാര്‍ഗമോ ഒന്നുമല്ല, പക്ഷേ ഗ്രാമങ്ങള്‍ തോറും കേന്ദ്രീകരിച്ച് സാധാരണക്കാര്‍ക്കിടയില്‍ നടക്കുന്ന ഒരു കലാപ്രകടനമാണ്. അത്തരത്തിലുള്ള മേളകള്‍ ബംഗാളില്‍ ഒരുപാടുണ്ട്.
പട്ചിത്ര
ശാന്തിനികേതനില്‍ രവീന്ദ്രനാഥ ടാഗോറിന്റെ കാലം മുതല്‍ക്കേ നടന്നു വരുന്ന പൗഷ്‌മേള സാംസ്‌കാരിക വൈവിധ്യത്തിന്റെ വലിയൊരു ഉദാഹരണമാണ്. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഈ മേളയില്‍ സൂഫി-ബാവുല്‍ സംഗീതജ്ഞരും ചിത്രകാരന്മാരും ശില്പികളും എല്ലാം ഒത്തുചേരുന്നു. ഈ മേളയില്‍ ആദ്യത്തെ ഒരാഴ്ച നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കലാപരമായ വൈവിധ്യം കാണാം. ചിത്രം വരയ്ക്കുന്നവര്‍, ഏക്താര പോലുള്ള സംഗീത ഉപകരണങ്ങള്‍ അവിടെയിരുന്ന് നിര്‍മിച്ച് വില്‍ക്കുന്നവരെയും കാണാം.
പൗഷ് മേള നടക്കുന്ന കൂടാരം എന്ന് പറയുന്നത് തുണികൊണ്ട് മേഞ്ഞ ഒരു വലിയ സ്ഥലമാണ്, അതിന്റെ തറയില്‍ വൈക്കോല്‍ വിരിച്ച് അതിനു മുകളില്‍ കട്ടിയുള്ള തുണി ഇട്ടിട്ടുണ്ടാവും. ആ കൂടാരത്തിലേക്ക് ആര്‍ക്കും വരാം. അവിടെ ചെറുസംഘങ്ങളായി ഇരുന്ന് പാടുന്നവരുണ്ടാവും. അവിടെ സൂഫി സംഗീതവും ബാവുല്‍ സംഗീതവും ശാസ്ത്രീയ സംഗീതവും ഫോക്‌ലോറും എല്ലാം ഇടകലര്‍ന്ന് കിടക്കുകയാണ്. അതിനകത്ത് നമ്മള്‍ ചെന്നുപെട്ടാല്‍ നമ്മള്‍ ആ കൂട്ടത്തില്‍ ഒരാളായി മാറും, ഒരിക്കലും ഒരു അന്യനല്ല.
പൗഷ് മേള
ഇടതുപക്ഷ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത് 34 വര്‍ഷക്കാലം അവിടെ നിലനിന്ന മതമൈത്രിയാണ്. ചരിത്രത്തിലുടനീളം പല ഭീകരമായ ദുരന്തങ്ങളും കലാപങ്ങളും നേരിട്ട ഒരു ജനതയെ ഭിന്നിപ്പിന്റെ രാഷ്ട്രീയമില്ലാതെ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ പ്രാപ്തരാക്കി. സാംസ്‌കാരിക ധാരകളെ ഭിന്നിപ്പിക്കാനോ ഇല്ലാതാക്കാനോ പാര്‍ട്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല, മറിച്ച് അതിനെയെല്ലാം പിന്തുണയ്ക്കുകയാണ് ചെയ്തത്.
പൗഷ് മേളയില്‍ നിന്നും
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യത്തിലോ നയത്തിലോ അവര്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. ജനത്തിനും അതറിയാം. ബംഗാളിക്ക് എപ്പോഴും ഒരു ഇടതുപക്ഷ മനസ്സുണ്ട് എന്ന് പറയുന്നതിന്റെ കാരണം അവിടുത്തെ തത്വചിന്താപരമായ ആശയരൂപീകരണവും അതിനോട് ചേര്‍ന്നുനിന്ന പാര്‍ട്ടിയുടെ നയങ്ങളുമാണ്. ബംഗാളില്‍ മതപരമായ ഭിന്നിപ്പില്ലാതെ ഒരു മിശ്രസംസ്‌കാരം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചു എന്നത് വലിയൊരു സാംസ്‌കാരിക നേട്ടമാണ്.
Content Highlight: Bengal’s Politics, History, and Culture. Interview: Susmesh Chandroth | Adarsh M.K.