| Monday, 11th May 2026, 1:16 pm

ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഡബിള്‍ എഞ്ചിന്‍ ദുരന്തം: അഭിഷേക് ബാനര്‍ജി

നിഷാന. വി.വി

കൊല്‍ക്കത്ത: പുതിയ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാള്‍ ഇതിനകം തന്നെ ഡബിള്‍ എഞ്ചിന്‍ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.

കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ ബി.ജെ.പി അക്രമികള്‍ ഏകദേശം 10 കടകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും പൊലീസും കേന്ദ്ര സേനയും നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ബംഗാള്‍ ഇതിനകം ഒരു ഇരട്ട എഞ്ചിന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. വെസ്റ്റ് ഭംഗന്‍ മാരി മേഖലയിലെ ഖെജുരുവില്‍ ഇന്നലെ രാത്രി ബി.ജെ.പി അക്രമികള്‍ പൊലീസിന്റെ മുന്നില്‍ വെച്ച് ഏകദേശം 10 കടകള്‍ കത്തിച്ചു. വിദ്വേഷവും ഭീഷണിയും ഇപ്പോള്‍ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഈ സംഭവം നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം നശിപ്പിച്ചുവെന്നും ബി.ജെ.പി ഭയത്തിന്റെയും ശത്രുതയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഇതാണ് അമിത്ഷായും ബി.ജെ.പിയും പ്രസംഗിക്കുന്ന ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സേന ഇപ്പോള്‍ എവിടെയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് അനിയോജ്യമാവുമ്പോള്‍ മാത്രമാണോ അവരെ വിന്യസിക്കുന്നത്? ബംഗാള്‍ കത്തുമ്പോള്‍ ആഭ്യന്തര മന്ത്രി നോക്കിനില്‍ക്കുകയാണോ,’ അഭിഷേക് ബാനര്‍ജി ചോദിച്ചു.

പകല്‍ വെളിച്ചത്തില്‍ പോലും കടകള്‍ കത്തിക്കുകയും അക്രമം നടത്തി ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്താല്‍ സംസ്ഥാനത്തെ ക്രമസമാധാനതത്തിന്റെ സ്ഥിതി എന്താകുമെന്നും ബി.ജെ.പിയുടെ നിഴലില്‍ അക്രമികള്‍ സംരക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പുതിയ ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസമാായിരുന്നു മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Content Highlight: Bengal is now witnessing a double-engine disaster: Abhishek Banerjee

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more