| Sunday, 10th May 2026, 1:03 pm

ദീദിയില്ലാത്ത ബംഗാള്‍ നിയമസഭ; തൃണമൂലിനെ നയിക്കാനിനി ശോഭന്‍ദേബ്

നിഷാന. വി.വി

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബാലിഗഞ്ച് എം.എല്‍.എ ശോഭന്ദേബ് ചതോപാദ്യയെയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.

ധനേഖലി എം.എല്‍.എ അസിമ പത്രയെയും ചൗരംഗി എം.എല്‍.എ നയന ബന്ദോപാധ്യായയെയും പ്രതിപക്ഷ ഉപനേതാക്കളായി നാമനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൊല്‍ക്കത്ത പോര്‍ട്ട് എം.എല്‍.എ ഫിര്‍ഹാദ് ഹക്കീമിനെ നിയമസഭാ ചീഫ് വിപ്പായും നിയമിച്ചു.

പുതുതായി നിയമിതരായ നേതാക്കള്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുമെന്നും ടി.എം.സി അറിയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയായിരുന്നു നേതാക്കളെ തെരഞ്ഞെടുത്ത വിവരമറിയിച്ചത്.

ഇന്നലെയായിരുന്നു സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ അധികാരമേറ്റത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. സിറ്റിങ് മണ്ഡലമായ ഭവാനിപൂരില്‍ മമത സുവേന്ദു അധികാരിയോട് ദയനീയമായി തോല്‍ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ മമത പരാജയപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളാണ് നേടിയത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടി. 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റും സി.പി.ഐ.എം ഒരു സീറ്റും നേടിയിട്ടുണ്ട്.

Content Highlight: Bengal Assembly without Didi; Shobhandeb to lead Trinamool in the Assembly

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more