| Monday, 16th February 2026, 9:03 am

60 വയസിന് മുകളിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണം; നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ഗിഗ് തൊഴിലാളി യൂണിയന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്ക്കായി സാമൂഹിക സുരക്ഷാ കോഡിന് കീഴില്‍ തയ്യാറാക്കിയ കരട് നിയമങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (I.F.A.T ).

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കാണ് ഐ.എഫ്.എ.ടി ജനറല്‍ സെക്രട്ടറിയും തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍ (ടി.ജി.പി.ഡബ്ല്യു) പ്രസിഡന്റുമായ ഷെയ്ഖ് സലാവുദ്ദീന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 ന് കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും ഏറെകാലമായി കാത്തിരുന്ന നടപടിയാണിതെന്നും സലാവുദ്ദീന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ നിര്‍ദിഷ്ട കരടില്‍ നിരവധി അപാകതകള്‍ ചൂണ്ടികാട്ടിയുണ്ടെന്നും അത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരട് വിജ്ഞാപനത്തിലെ തൊഴിലാളികള്‍ക്കെതിരായ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പണിമുടക്കുള്‍പ്പെടെ വലിയ സമരങ്ങളും ഗിഗ് തൊഴിലാളികള്‍ നടത്തിയിരുന്നു.

കരടില്‍ ആക്ഷേപങ്ങളോ നിര്‍ദേശങ്ങളോ സമര്‍പ്പിക്കാന്‍ 2026 ഫെബ്രുവരി 13 വരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്.

ഗിഗ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഒരു വര്‍ഷം 90 ദിവസമെങ്കിലും ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കണം, 60 വയസിന് മുകളിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണം, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള തുക പൂര്‍ണമായും കമ്പനികള്‍ വഹിക്കണം, നിയമപരമായ രേഖകളും അപേക്ഷകളും പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം, സ്ത്രീ- ട്രാന്‍സ് ജെന്‍ഡര്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തണം. തുടങ്ങിയവയാണ് യൂണിയന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.

അസംഘടിത മേഖലയിലേയും ഗിഗ് തൊഴിലാളികളുടെയും ക്ഷേമത്തിനായി 2020 ല്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് നിലവില്‍ വന്നിരുന്നു. ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിനായുള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് സോഷ്യല്‍ സെക്യൂരിറ്റി (സെന്‍ട്രല്‍ ) റൂള്‍സ് 2025 എന്ന കരട് വിജ്ഞാപനം ഡിസംബര്‍ 30 ന് പുറപ്പെടുവിപ്പിച്ചത്.

എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി സമരങ്ങള്‍ നടത്തുകയായിരുന്നു.

ഇതില്‍ ഗിഗ് തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ 90/120 ദിവസത്തെ ജോലി നിര്‍ബന്ധമാക്കിയിരുന്നു. ഈ നിബന്ധനയ്ക്കും 10 മിനിറ്റ് ഡെലിവറി പോലുള്ള രീതികള്‍ക്കുമെതിരെ ഡിസംബര്‍ 31നും ജനുവരിയിലും ഗിഗ് തൊഴിലാളികള്‍ ശക്തമായ സമരം നടത്തി.

ഫെബ്രുവരി 12ന് നടന്ന രാജ്യവ്യാപകമായ ഭാരത് ബന്ദിന് പിന്നാലെ, ഈ കരട് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി, 10 മിനിറ്റ് ഡെലിവറി പോലുള്ള അപകടകരമായ തൊഴില്‍ രീതികള്‍ നിയന്ത്രിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പുതിയ നാല് തൊഴില്‍ നിയമങ്ങളും 2026 ഏപ്രില്‍ 1 മുതല്‍ പൂര്‍ണമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 13 വരെ ലഭിച്ച എല്ലാ നിര്‍ദേശങ്ങളും പരിശോധിച്ച് അന്തിമ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പുതിയ നിയമം ഗിഗ് തൊഴിലാളികളെ ‘സോഷ്യല്‍ സെക്യൂരിറ്റി’ പരിധിയില്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ‘മിനിമം വേജ്’ (കുറഞ്ഞ ശമ്പളം) നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും സംഘടനകള്‍ എതിര്‍ത്തിരുന്നു

Content Highlight: Benefits should be provided to those above 60 years of age; Gig workers’ union submits suggestions

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more