| Thursday, 22nd May 2025, 12:26 pm

18ാം നമ്പര്‍ ജേഴ്സി മാത്രമല്ല ഇന്ത്യക്ക് നഷ്ടപ്പെടാന്‍ പോകുന്നത്; തുറന്ന് പറഞ്ഞ് സ്റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

റെഡ് ബോള്‍ ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. തന്റെ 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് മെയ് 12ന് ടെസ്റ്റില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരാടിന്റെ വിരമിക്കല്‍ വാര്‍ത്ത വളരെ അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.

ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്. വിരാട് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ താന്‍ മെസ്സേജ് അയച്ചിരുന്നുവെന്നും അവനെതിരെ കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്ന് താരം പറഞ്ഞു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ട വീഡിയോയില്‍ സംസാരിക്കുകയായിരുന്നു സ്റ്റോക്‌സ്.

‘ഇത്തവണ അവനെതിരെ കളിക്കാന്‍ കഴിയാത്തത് ഒരു നാണക്കേടാണെന്ന് പറഞ്ഞ് ഞാന്‍ വിരാടിന് മെസേജ് അയച്ചിരുന്നു. അവനെതിരെ കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. കളിക്കളത്തില്‍ ഞങ്ങള്‍ ഒരേ മനോഭാവം പങ്കിടുന്നതിനാല്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും മത്സരം ആസ്വദിച്ചിട്ടുണ്ട് – ഇതൊരു യുദ്ധമാണ്,’ സ്റ്റോക്‌സ് പറഞ്ഞു.

വിരാടിന്റെ പോരാട്ടവീര്യം, മത്സരബുദ്ധി, വിജയിക്കാനുള്ള ആഗ്രഹം എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോവുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു. കോഹ്ലി ധരിച്ചിരുന്ന 18ാം നമ്പര്‍ ജേഴ്സി മറ്റൊരു ഇന്ത്യന്‍ താരവും ഉപയോഗിക്കുന്നത് കാണാനായേക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരത്തിന്റെ കവര്‍ ഡ്രൈവുകള്‍ എന്നും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിരാടിന്റെ പോരാട്ടവീര്യം, മത്സരബുദ്ധി, വിജയിക്കാനുള്ള ആഗ്രഹം എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ പോവുന്നത്. 18-ാം നമ്പര്‍ തന്റേത് മാത്രമാക്കി. ഇനി ആ ജേഴ്സില്‍ ഇന്ത്യയിലെ മറ്റാരെയും നമുക്ക് കാണാനാവില്ല.

വിരാടിനെക്കുറിച്ച് ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം, അദ്ദേഹം കവറുകളിലൂടെ പന്ത് എത്ര കഠിനമായി അടിക്കുന്നുവെന്നതാണ്. ആ കവര്‍ ഡ്രൈവ് ഓര്‍മയില്‍ വളരെക്കാലം നിലനില്‍ക്കും,’ സ്റ്റോക്‌സ് പറഞ്ഞു.

Content Highlight: Ben Stokes speaks about Virat Kohl’s retirement from test cricket

We use cookies to give you the best possible experience. Learn more