നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചിരിക്കുകയാണ്. 2011ലെ ഐതിഹാസിക വിജയത്തിന് ശേഷം 2024ലാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്. 5,468 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വിജയം തേടിയെത്തിയതാകട്ടെ ബോക്‌സിങ് ഡേ ടെസ്റ്റിലും.
ഇരു ടീമിന്റെയും ബൗളര്‍മാര്‍ സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു.
സ്‌കോര്‍
ഓസ്‌ട്രേലിയ; 152 & 132
ഇംഗ്ലണ്ട്: 110 & 178/6 (T: 175)
15 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയ ഇത് മൂന്നാം തവണ മാത്രമാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. ഇംഗ്ലണ്ടിന് പുറമെ 2018ലും 2020ലും ഇന്ത്യയോടാണ് കഴിഞ്ഞ 15 വര്‍ഷത്തില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടത്.
വിരാട് കോഹ്‌ലിക്ക് കീഴില്‍ 2018ല്‍ ഇന്ത്യ 137 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ അജിന്‍ക്യ രഹാനെയാണ് 2020ല്‍ കങ്കാരുക്കള്‍ക്കെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു അന്ന് രഹാനെയും സംഘവും വിജയിച്ചത്. ഇവര്‍ക്കൊപ്പമാണ് ബെന്‍ സ്റ്റോക്‌സും ഇടം പിടിച്ചിരിക്കുന്നത്.
ബെന്‍ സ്‌റ്റോക്‌സ്
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 152 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയന്‍ ബാറിങ്ങ് യൂണിറ്റ് ചൂട്ടുകൊട്ടാരം പോലെ തകര്‍ന്നു. 35 റണ്‍സ് നേടിയ മൈക്കല്‍ നെസറാണ് ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ്പ് സ്‌കോറര്‍.
ഫൈഫറുമായി തിളങ്ങിയ ജോഷ് ടംഗാണ് ഓസീസിനെ എറിഞ്ഞിട്ടത്.
ഓസ്‌ട്രേലിയന്‍ ബാറ്റിങ് യൂണിറ്റിന്റെ തകര്‍ച്ചയ്ക്ക് സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സും. വെറും 110 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മൈക്കല്‍ നെസറാണ് ആതിഥേയര്‍ക്ക് തുണയായത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ആതിഥേയര്‍ മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിച്ച് ബൗളര്‍മാരെ തന്നെ തുണച്ചു. ടീം 132ന് പുറത്തായി. മൂന്ന് ഓസീസ് താരങ്ങള്‍ മാത്രം ഇരട്ടയക്കം കണ്ട ഇന്നിങ്‌സില്‍ 46 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആണ് ടോപ്പ് സ്‌കോറര്‍.
നാല് വിക്കറ്റെടുത്ത ബ്രൈഡന്‍ കാര്‍സാണ് ഇംഗ്ലണ്ടിന് കരുത്തായത്. ബെന്‍ സ്‌റ്റോക്‌സ് മൂന്ന് വിക്കറ്റെടുത്തു.
ഓസീസ് കെട്ടിപ്പൊക്കിയ 175 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് നാല് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു.
Content Highlight: Ben Stokes joins the elite list of captains defeating Australia in Boxing Day Test