പാകിസ്ഥാന് ട്രൈനേഷന്‍ സീരിസില്‍ ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിനാണ് ത്രീ ലയണ്‍സ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 387 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 331 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 132 പന്ത് നേരിട്ട് 167 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഓപ്പണറായി ഇറങ്ങി ഒറ്റ സിക്സര്‍ പോലുമില്ലാതെ 24 ഫോറിന്റെ അകമ്പടിയോടെ 126.52 സ്ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതോടെ ഒരു റെക്കോഡും ഡക്കറ്റ് തന്റെ പേരില്‍ കുറിച്ചു. ഒരു ഏകദിന മത്സരത്തില്‍ ഒറ്റ സിക്സര്‍ പോലുമില്ലാതെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഡക്കറ്റ് റെക്കോഡിട്ടത്.
(സ്കോര്‍ – താരം – ടിം – എതിരാളികള്‍ – സ്കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
173 – ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ – സൗത്ത് ആഫ്രിക്ക – 2016
167 – ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് – ശ്രീലങ്ക – 2026
161* – തിലകരത്നെ ദില്ഷന് – ശ്രീലങ്ക – ബംഗ്ലാദേശ് – 2015
153* – ഹാഷിം അംല – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 2015
153 – ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – പാകിസ്ഥാന് – 1993
152 – സച്ചിന് ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – നമിബിയ – 2003
152 – ആന്‍ഡ്രൂ സ്ട്രോസ് – ഇംഗ്ലണ്ട് – ബംഗ്ലാദേശ് – 2005
മത്സരത്തില്‍ ഡക്കറ്റിന് പുറമെ ഓപ്പണര്‍ ടോം ബാന്റണും മികച്ച പ്രകടനം കാഴ്ചവെച്ചു. 75 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (34 പന്തില്‍ 44), വിക്കറ്റ് കീപ്പര്‍ ജോര്‍ദന്‍ കോക്സ് (27 പന്തില്‍ 43), വില്‍ ജാക്സ് (21 പന്തില്‍ 30) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 386ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക യുവതാരം പവന് രത്നനായകയുടെ സെഞ്ച്വറിയുടെ കരുത്തില്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ട് തടുത്തുനിര്‍ത്തി.
രത്നനായകെ 77 പന്തില്‍ 118 റണ്‍സുമായി കരുത്തുകാട്ടി. 15 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (71 പന്തില്‍ 89), അവിഷ്ക ഫെര്‍ണാണ്ടോ (50 പന്തില്‍ 48) എന്നിവരാണ് സ്കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. എങ്കിലും ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.
ഇംഗ്ലണ്ടിനായി ലിയാം ഡോവ്സണ്‍ നാല് വിക്കറ്റെടുത്തപ്പോള്‍ സോണി ബേക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ദുനിത് വെല്ലാലാഗെ റണ്‍ ഔട്ടായി. സാം കറന്, ജോ റൂട്ട്, ഹെന്റി ക്രോകോംബിള് എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.
Content Highlight: Ben Duckett ranks second among players most frequently selected in ODI matches without hitting a single six.