| Thursday, 20th March 2025, 6:03 pm

ബുംറയ്‌ക്കോ ഷമിക്കോ എന്നെ തടയാന്‍ സാധിക്കില്ല, ഇന്ത്യയെ ഇവിടെ കിട്ടാന്‍ കാത്തിരിക്കുന്നു; തുറന്നടിച്ച് ബെന്‍ ഡക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നേടി ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടരുന്ന മോശം ഫോം മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോടും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹങ്ങളും അടിയറവ് വെച്ചത്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ് മത്സരങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പട്ടൗഡി ട്രോഫിക്കായി ഇംഗ്ലണ്ടിനെതിരെയാണ് 2025-2027 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ടാണ് വേദിയാകുന്നത്. ജൂണ്‍ 20 മുതലാണ് പോരാട്ടം ആരംഭിക്കുന്നത്.

പട്ടൗഡി ട്രോഫി

ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റ്. ഇംഗ്ലണ്ടില്‍ ഇന്ത്യയെ നേരിടുന്നത് മറ്റൊരു ഫീലാണെന്നും ഇന്ത്യയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഡക്കറ്റ് പറയുന്നത്.

‘ഹോം കണ്ടീഷനില്‍ ഇന്ത്യയെ നേരിടുന്നത് എവേ ഗ്രൗണ്ടുകളില്‍ അവരെ നേരിടുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ക്ക് ഇതില്‍ ഏറെ ആത്മവിശ്വാസമുണ്ട്. ഇത് ഏറെ ആവേശം നല്‍കുന്ന പരമ്പരയായിരിക്കും,’ ഡക്കറ്റ് പറഞ്ഞു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ നേരിടുന്നത് പ്രയാസമാണെങ്കിലും തങ്ങളെ അത്ഭുതപ്പെടുത്താന്‍ ബുംറയ്‌ക്കോ ഷമിക്കോ ഇപ്പോള്‍ സാധിക്കുന്നില്ലെന്നും ഡക്കറ്റ് കൂട്ടിച്ചേര്‍ത്തു.

‘ഇതിന് മുമ്പ് ബുംറയെ അഞ്ച് ടെസ്റ്റ് പരമ്പരകളില്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ ബുംറയില്‍ നിന്നും എന്ത് പ്രതീക്ഷിക്കണം എന്നതിനെ സംബന്ധിച്ചും എനിക്ക് ധാരണയുണ്ട്. അദ്ദേഹത്തിന്റെ സ്‌കില്ലും ടാക്ടിക്‌സും എനിക്ക് അറിയാം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

മുഹമ്മദ് ഷമി, ബുംറ തുടങ്ങിയ ബൗളര്‍മാരെ നേരിടുക എന്നത് ഏറെ പ്രയാസമേറിയ കാര്യം തന്നെയാണ്. എന്നാല്‍ തുടക്കത്തില്‍ പിടിച്ചുനില്‍ക്കാന്‍ എനിക്ക് സാധിച്ചാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ എനിക്ക് ധാരാളം അവസരമുണ്ടാകും എന്നത് എനിക്കുറപ്പാണ്. ഒന്നിനുമെന്നെ തടയാന്‍ സാധിക്കില്ല,’ ഡക്കറ്റ് പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്തു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

Content Highlight: Ben Duckett about India vs England test series

We use cookies to give you the best possible experience. Learn more