| Saturday, 30th August 2025, 2:10 pm

വിശ്വാസികള്‍ വര്‍ഗീയവാദികളല്ല; എല്‍.ഡി.എഫിന്റെ മൂന്നാംഭരണത്തിന് അയ്യപ്പന്റെയും കടാക്ഷമുണ്ട്: എംവി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന് വിശ്വാസികളുടെ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

മൂന്നാംവട്ട ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല, എല്ലാവരുടേയും കടാക്ഷമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ടാംതവണ ഭരണം നേടിയത് തന്നെ ചരിത്രത്തിലാദ്യമായാണ്.

മൂന്നാം ഭരണമെന്നത് പുതിയ അധ്യായമായിരിക്കുമെന്നും എന്‍.എസ്.എസ് അയ്യപ്പസംഗമത്തിന് നല്‍കിയ പിന്തുണയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി വിശ്വാസികള്‍ക്ക് ഒപ്പം തന്നെയാണ് എല്ലാക്കാലവും നിലനിന്നിട്ടുള്ളത്. അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്ന് കരുതുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിന് എല്ലാ വിശ്വാസികളേയും ക്ഷണിക്കും. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോലും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പി വിമര്‍ശനം ഉന്നയിച്ചെന്ന വിവാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

യഥാര്‍ഥ വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. ഭരണത്തിന് വേണ്ടി വിശ്വാസം ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ് വര്‍ഗീയവാദികള്‍.

വര്‍ഗീയതക്ക് എതിരായ പോരാട്ടത്തിന് മുന്നില്‍ വരേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ ഭൂമി ഇടപാടുകള്‍ പോലും വിലക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ശബരിമലയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കികൊണ്ട് കഴിഞ്ഞദിവസമാണ് എന്‍.എസ്.എസ് രംഗത്തെത്തിയത്.

ആചാരസംരക്ഷണമാണ് എന്‍.എസ്.എസ് നിലപാട്, വിശ്വാസം സംരക്ഷിച്ചുകൊണ്ട് നടത്തുന്ന പരിപാടിക്ക് എന്‍.എസ്.എസിന് എതിര്‍പ്പില്ലെന്നും എന്‍.എസ്.എസ് ഉപാധ്യക്ഷന്‍ സംഗീത് കുമാര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Believers are not communalists : MV Govindan

We use cookies to give you the best possible experience. Learn more