കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’എന്നായിരുന്നു ആഷിഖിന്റെ പ്രതികരണം.
നേരത്തെ വിധിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത് എത്തിയിരുന്നു. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
” അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, അദ്ദേഹം ട്വിറ്ററില്‍ എഴുതി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസിര്‍ മഅ്ദനിയും രംഗത്ത് എത്തി. വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്നാണ് മഅ്ദനി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Believe that no one demolished the Babri Masjid’; Aashiq Abu in the court verdict