| Monday, 22nd June 2026, 8:40 am

അമേരിക്കന്‍ മണ്ണില്‍ ബെല്‍ജിയത്തിനും പൂട്ടിട്ട് ഇറാന്‍; രക്ഷകന്‍ അവതരിച്ചത് ഏഴ് സേവുകളുമായി!

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലെ നിര്‍ണായക പോരാട്ടത്തില്‍ ബെല്‍ജിയത്തിനും ഇറാനും ഗോള്‍രഹിത സമനില. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ നടത്തിയ മികച്ച സേവുകളാണ് സമനിലയിലേക്ക് നയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇറാന്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തില്‍ പരാജയമറിയാതെ മുന്നേറുന്നത്.

പന്ത് കൈവശം വെക്കുന്നതിലും ആക്രമണങ്ങളിലും ബെല്‍ജിയം മേല്‍ക്കൈ പുലര്‍ത്തിയെങ്കിലും പല അവസരങ്ങളും ടീമിന് ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ നഥാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബെല്‍ജിയം പത്തുപേരായി ചുരുങ്ങുകയും ചെയ്തു.

ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായി.

ഇറാന്റെ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റന്‍വാന്‍ഡ് നിര്‍ണായകമായ ഏഴ് സേവുകളുമായി ടീമിന്റെ രക്ഷകനായി. മാക്‌സിം ഡി ക്യൂപ്പറുടെ രണ്ട് ക്ലോസ് റേഞ്ച് ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ താരം തടഞ്ഞുനിര്‍ത്തി. ഈ പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മറുവശത്ത് ബെല്‍ജിയം നായകന്‍ തിബോ കോര്‍ട്ടോയും മികച്ച സേവുകളുമായി തിളങ്ങി.

25ാം മിനിട്ടില്‍ ഇറാന്റെ മെഹ്ദി തരേമി നേടിയ ഗോള്‍ വാര്‍ പരിശോധനയില്‍ ഓഫ്സൈഡെന്ന് കണ്ടെത്തിയതോടെ റദ്ദായി. 66ാം മിനിറ്റില്‍ തരേമിയെ ഫൗള്‍ ചെയ്തതിന് നഥാന്‍ എന്‍ഗോയ്ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഒരാളുടെ അഭാവത്തില്‍ ബെല്‍ജിയം ഇറാന്റെ ശ്രമങ്ങളെ പ്രതിരോധത്തിലാക്കുകയായിരുന്നു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ന്യൂസിലാന്‍ഡിനെയും ഇറാന്‍ ഈജിപ്തിനെയും നേരിടും. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും അടുത്ത മത്സരത്തില്‍ ജയം അനിവാര്യമാണ്. ജൂണ്‍ 16ന് നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയും 2-2 എന്ന നിലയില്‍ ഇറാന്‍ തളച്ചിരുന്നു. 2026 ലോകകപ്പില്‍ ഏറെ സമ്മര്‍ദത്തിലാണ് ഇറാന്‍ കളത്തിലെത്തിയത്.

യുദ്ധ പശ്ചാത്തലത്തില്‍ ആതിഥേയരായ അമേരിക്ക ഇറാന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പരിശീലനത്തിലും മറ്റ് കാര്യങ്ങള്‍ക്കും ഇറാന് ഏറെ ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇറാന് അമേരിക്കയിലെത്താന്‍ അനുവധിയുള്ളൂ. മാത്രമല്ല മത്സരം കഴിഞ്ഞ ഉടനെ ടീം മെക്‌സിക്കോയിലേക്ക് പോകണമെന്നും അമേരിക്ക അറിയിച്ചിരുന്നു. ഈ അവസ്ഥയിലും ഇറാന്‍ മികച്ച ഫുട്‌ബോള്‍ പ്രകടനമാണ് കളത്തില്‍ കാഴ്ചവെക്കുന്നത്.

Content Highlight: Belgium VS Iran: Iran Goal Keeper In Beiranaand In Great Performance In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more