ബെംഗളൂരു: ബെലഗാവി കര്‍ണാടകയുടെ അവിഭാജ്യഘടകമെന്ന് കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ മഹാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അന്തിമമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരിലെ ഒരു പരിപാടിയിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
ബെലഗാവിയെ മഹാരാഷ്ട്രയില്‍ ലയിക്കാന്‍ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബെലഗാവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെലഗാവി കന്നഡ ഭൂമിയാണെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാരാഷ്ട്ര ഏകീകരണ സമിതിയില്‍ നിന്ന് അഞ്ച് എം.എല്‍.എമാര്‍ കര്‍ണാടകയില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവരുടെ എണ്ണം പൂജ്യമായി കുറഞ്ഞുവെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഏകീകരണ സമിതിയിലുള്ളവരും കന്നഡിഗരാണെന്നാണ് സിദ്ധരാമയ്യയുടെ വാദം. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കന്നഡ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കര്‍ണാടകയില്‍ ആരെങ്കിലും മറ്റൊരു ഭാഷയില്‍ നിങ്ങളോട് സംസാരിച്ചാല്‍ കന്നഡയില്‍ മറുപടി പറയണമെന്നും സിദ്ധരാമയ്യ ജനങ്ങളോട് ആഹ്വാനം ചെയ്തു. കന്നഡയെ അനുകൂലിച്ചുകൊണ്ട് പ്രതിഷേധിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടുന്നവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നല്‍കി.
സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി കഴിയുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയുടെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തി മേഖലയാണ് ബെലഗാവി. കര്‍ണാടകയിലെ ബെലഗാവി ജില്ല ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളില്‍ ഭാഷാടിസ്ഥാനത്തില്‍ മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ ഇരുസംസ്ഥാനങ്ങളും പരസ്പരം പോരിലാണ്.
2025 ഫെബ്രുവരിയില്‍ യാത്രക്കാരിയോട് കന്നഡയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ബസ് കണ്ടക്ടറെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Content Highlight: Belagavi is an integral part of Karnataka; Mahajan Committee report is final: Siddaramaiah