| Friday, 13th March 2026, 9:42 pm

ആടുജീവിതം പോലൊരു സിനിമ ബോളിവുഡില്‍ വിജയിക്കില്ല; അതാണ് ഇവിടുത്തെ പ്രേക്ഷകര്‍: ബിജോയ് നമ്പ്യാര്‍

ഐറിന്‍ മരിയ ആന്റണി

ഷോര്‍ട് ഫിലിമുകളിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. പാതി മലയാളിയായ ബിജോയ് കണ്‍വെന്‍ഷണല്‍ രീതികളെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഓരോ സിനിമകളെയും സമീപിക്കാറുള്ളത്. ബിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രം സോളോ ബോക്‌സ് ഓറഫീസില്‍ പരാജയമായി തീര്‍ന്നെങ്കിലും പിന്നീട് പ്രേക്ഷ ശ്രദ്ധ നേടി.

ബിജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തൂ യാ മേം റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ആടുജീവിതം സിനിമയെ കുറിച്ച് ബിജോയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗംഭീര സിനിമയാണ് ആടുജീവിതമെന്നും അത്തരമൊരു സിനിമ ബോളിവുഡില്‍ ഒരിക്കലും ഹിറ്റാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആടുജീവിതം എന്ന സിനിമ അത്ര എളുപ്പമല്ല കാണാന്‍. അത് കാണാന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ ആ സിനിമ കണ്ടിരുന്നു, ഗംഭീര സിനിമയാണ്. വെല്‍ ക്രാഫ്റ്റഡ് മൂവി എന്ന് തന്നെ പറയാം. പൃഥ്വിരാജിന്റ പെര്‍ഫമോന്‍സും വളരെ മികച്ചതായിരുന്നു. സിനിമ കണ്ട് വന്നപ്പോള്‍ മനസിന് ഒരു വല്ലാത്ത ഭാരമായിരുന്നു പിന്നീട് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ചിത്രം ബ്ലോക്ക് ബസ്റ്ററാണെന്ന് ഞാന്‍ അറിയുന്നത്.

എനിക്ക് ശരിക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് മലയാളത്തിലെ ഒരു വലിയ സക്‌സസായി മാറി. കാരണം ആടുജീവിതം പോലൊരു സിനിമ ബോളിവുഡില്‍ വലിയ വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഇവിടെ അത് സംഭവിക്കും. അതാണ് മലയാളി പ്രേക്ഷകരുടെ പ്രത്യേകത,’ ബിജോയ് നമ്പ്യാര്‍ പറയുന്നു.

ഇവിടെയുള്ള പ്രേക്ഷകര്‍ ഇത്തരം സിനിമകളെ മനസിലാക്കുകയും പിന്തുണക്കുകയും ചെയ്യുമെന്നും അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു.

2024 ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ബ്ലെസിയായിരുന്നു. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ആറുവര്‍ഷത്തോളമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത ആടുജീവിതം ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി.

ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫോര്‍മേഷനും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സംസ്ഥാന അവാര്‍ഡില്‍ മികച്ച നടനുള്‍പ്പെടെ പത്ത് പുരസ്‌കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്.

Content Highlight: Bejoy Nambiar says a film like Aadujeevitham will not be a big hit in Hindi

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more