| Sunday, 8th March 2026, 10:55 pm

മമ്മൂക്കയും ലാലേട്ടനുമുള്ള ആ ക്ലൈമാക്‌സ് സീന്‍ ആയിരം തവണയിലധികം ഞാന്‍ കണ്ടിട്ടുണ്ട്, ഗംഭീര ആക്ഷന്‍ സീക്വന്‍സാണത്: ബിജോയ് നമ്പ്യാര്‍

അമര്‍നാഥ് എം.

ഷോര്‍ട് ഫിലിമുകളിലൂടെ ബോളിവുഡ് ഇന്‍ഡസ്ട്രിയിലേക്ക് കയറിച്ചെന്ന് സ്വന്തമായൊരു സ്ഥാനം നേടിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. പാതി മലയാളിയായ ബിജോയ് കണ്‍വെന്‍ഷണല്‍ രീതികളെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഓരോ സിനിമകളെയും സമീപിക്കാറുള്ളത്. സോളോ, ഡേവിഡ്, ശൈത്താന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ബിജോയ്‌യുടെ കഴിവ് വ്യക്തമാക്കുന്നവയായിരുന്നു.

ബിജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തൂ യാ മേം റിലീസിന് തയാറെടുക്കുകയാണ്. തായ് ചിത്രമായ ദി പൂളിന്റെ റീമേക്കായാണ് തൂ യാ മേം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്കിഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ബിജോയ് നമ്പ്യാര്‍. മലയാളസിനിമകള്‍ തന്നെ പലപ്പോഴായി സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഐ.വി. ശശി സംവിധാനം ചെയ്ത വാര്‍ത്ത എന്ന സിനിമ അതിലൊന്നാണെന്ന് ബിജോയ് പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡയലോഗ് ഡെലിവറി, പെര്‍ഫോമന്‍സ് എന്നിവയെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന ഒന്നാണ് ആ സീനെന്നും ബിജോയ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയുടെ ക്ലൈമാക്‌സ് ഏതാണ്ട് ആയിരം തവണയില്‍ കൂടുതല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതിഗംഭീരമായി സെറ്റ് ചെയ്തുവെച്ച ഒരു സീനാണത്. മമ്മൂക്കയുടെ കഥാപാത്രം പെട്ടിയുമായി പോകുമ്പോള്‍ സീമയുടെ ക്യാരക്ടര്‍ തടയുകയാണ്. സീമയെ തള്ളിയിട്ട ശേഷം മമ്മൂക്കയുടെ ഒരു ലെങ്തി ഡയലോഗുണ്ട്. അതിഗംഭീര മോണോലോഗാണത്. ഇംഗ്ലീഷും മലയാളവും മിക്‌സ് ചെയ്തുകൊണ്ടുള്ള ആ ഡയലോഗ് സിനിമയെ കൂടുതല്‍ സ്‌ട്രോങ്ങാക്കി.

പിന്നീട് മമ്മൂക്ക കൈയിലുള്ള പെട്ടിയുമായി സ്ഥലം വിടുമ്പോള്‍ അദ്ദേഹത്തിന് പിന്നില്‍ നിന്ന് വെടികൊള്ളുകയാണ്. ആ സീനിലേക്ക് മോഹന്‍ലാല്‍ കടന്നുവരുന്നുണ്ട്. അദ്ദേഹത്തിനും വെടിയേല്‍ക്കുന്നുണ്ട്. പിന്നീട് ആ വണ്ടിയും ബ്ലാസ്റ്റാവുകയാണ്. തീപിടിച്ച വണ്ടിയില്‍ നിന്ന് റഹ്‌മാന്‍ പെട്ടിയെടുക്കുന്ന സീനെല്ലാം ഗംഭീരമാണ്. അതിഗംഭീരമായി സ്റ്റേജ് ചെയ്ത ഒരു ആക്ഷന്‍ സീക്വന്‍സാണത്,’ ബിജോയ് നമ്പ്യാര്‍ പറയുന്നു.

മാസ് എലമെന്റിനെക്കാള്‍ ഡ്രാമക്കാണ് ആ സീനില്‍ പ്രധാന്യമുള്ളതെന്നും ബിജോയ് പറഞ്ഞു. തന്റെ സിനിമകളിലും മാസ് സീനുകളില്‍ ഡ്രാമയുടെ എലമെന്റിന് പ്രാധാന്യം നല്‍കാനാണ് ശ്രദ്ധിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ തൂ യാ മേമിന്റെ കാര്യത്തിലും താന്‍ പുതിയ കുറച്ച് കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ബിജോയ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ബിജോയ് നമ്പ്യാര്‍.

Content Highlight: Bejoy Nambiar saying he watched Vartha movie climax more than thousand times

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more