ഗുവാഹത്തി: മുതിര്‍ന്ന നേതാവ് ശശി തരൂരിനെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അപമാനം നേരിട്ടുവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി അസം എം.പി പ്രദ്യുത് ബോര്‍ഡോലോയ്.
അസമിലെ നനാഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പിയും 51 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നേതാവുമാണ് ബോര്‍ഡോലോയ്. അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ കൊഴിഞ്ഞുപോക്കെന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.
ബുധനാഴ്ചയാണ് ബോര്‍ഡോലോയ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് തവണ എം.എല്‍.എയും രണ്ട് തവണ എം.പിയുമായ ബോര്‍ഡോലോയ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരുന്നു.
‘എനിക്ക് പലപ്പോഴും അപമാനം നേരിട്ടിരുന്നു. ഇവ ആരംഭിച്ചത് ഞാന്‍ ആദ്യമായി ഡോ. ശശി തരൂരിനെ പിന്തുണച്ചപ്പോഴാണ്. പിന്നീട് പാര്‍ട്ടിക്കുള്ളിലെ എല്ലാ ഫോറങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കി’, ബോര്‍ഡോലോയ് ആരോപിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അനുഭവിക്കുന്നത് ഒറ്റപ്പെടലും അപമാനവുമാണ്. ബി.ജെ.പിയില്‍ ചേര്‍ന്നാലും അസമീസ് ജനതയ്ക്ക് വേണ്ടി തലയുയര്‍ത്തി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ബോര്‍ഡോലോയിയുടെ പാര്‍ട്ടി മാറ്റം തെരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന് ബാധ്യതയായേക്കും.
ബോര്‍ഡോലോയിയെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ പാര്‍ട്ടി ദേശീയധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകാരം നല്‍കിയതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ അറിയിച്ചു.
‘കോണ്‍ഗ്രസ് എം.പി പ്രദ്യുത് ബോര്‍ഡോലോയ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ദിലീപ് സൈകിയ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുവെന്ന് അസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് രാജിക്കത്ത് സമര്‍പ്പിച്ച ബോര്‍ഡോലോയ് തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പി അംഗത്വം സ്വീകരിച്ചതും ചര്‍ച്ചയായി. ഫെബ്രുവരിയില്‍ അസം കോണ്‍ഗ്രസിന്റെ മുന്‍ മേധാവി ഭൂപന്‍ കുമാര്‍ ബോറയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
അതേസമയം, എം.പി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ബോര്‍ഡോലോയ് നിയമസഭാ മത്സരരംഗത്തേക്കിറങ്ങുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. മൂന്നാം തവണയും ഭരണം നേടുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ ഭരണത്തിലേക്ക് തിരിച്ചെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍.
ഏപ്രില്‍ ഒമ്പതിനാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണല്‍.
Content Highlight: Assam MP Pradyut Bordoloi quits Congress, joins BJP