മലയാളി പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹിനിയാട്ടം. ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമ, തിയേറ്റർ റിലീസിന് ശേഷവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യഭാഗം തിയേറ്ററുകളിൽ വലിയ വിജയം നേടാനായില്ലെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മോഹിനിയാട്ടം, Photo: IMDb
അതിന്റെ തുടർച്ചയായാണ് മോഹിനിയാട്ടം ഒരുക്കിയത്. ഇപ്പോൾ സിനിമയിലെ നിരവധി രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ശശിധരൻ നായരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
ഭീഷണിയുമായി വീട്ടിലെത്തുന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ഗോവിന്ദരാജ എന്ന കഥാപാത്രം അബദ്ധത്തിൽ കൊല്ലപ്പെടുകയും തുടർന്ന് മൃതദേഹം മറച്ചുവയ്ക്കാൻ കുടുംബം നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ സുരാജിന്റെ കഥാപാത്രവും ശശിധരന്റെ കുടുംബവും തമ്മിലുള്ള നിരവധി സംഘട്ടന രംഗങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് ചിത്രങ്ങളാണ്. സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജയുടെ ആക്ഷൻ രംഗങ്ങൾ മുഴുവൻ മറ്റൊരാളാണ് ചെയ്തത് എന്നതാണ് പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, Photo: Suraj venjaramoodu/ Facebook
മങ്കി ക്യാപ്പും പ്രത്യേക ഗെറ്റപ്പും ഉണ്ടായിരുന്നതിനാൽ അത് പ്രേക്ഷകർക്ക് മനസിലായിരുന്നില്ലെന്നും ആരാധകർ പറയുന്നു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
‘സുരാജ് വന്ന് ഡയലോഗ് പറഞ്ഞ് പോയി, ബാക്കി മുഴുവൻ അടിയും ഇടിയും കൊണ്ടത് ഈ പുള്ളിയാണ്’ എന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.
സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, കലാരഞ്ജിനി, വിനയ് ഫോർട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യത സിനിമാപ്രേമികളിൽ കൂടുതൽ ആവേശമുണർത്തുകയാണ്.
Content Highlight: Behind the scenes of the movie Mohiniyattam goes viral