| Thursday, 26th February 2026, 8:30 am

എ.ഐ ആണെന്ന് പറഞ്ഞ ഒറ്റ ഒന്നിനെയും ഇപ്പോള്‍ കാണാനില്ല, രജിനി- കമല്‍ റീയൂണിയനിലെ ആര്‍ട്ടിസ്റ്റുകള്‍ ഒറിജിനല്‍ തന്നെ, വീഡിയോ പുറത്ത്

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച ഗ്ലിംപ്‌സുകളിലൊന്നായിരുന്നു കഴിഞ്ഞദിവസം റെഡ് ജയന്റ് മൂവീസ് പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് ആരാധകര്‍ക്ക് വന്‍ ട്രീറ്റായിരുന്നു. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ക്യാമറക്ക് മുന്നിലെത്തുന്നത്.

എന്നാല്‍ ഗ്ലിംപ്‌സ് പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. വീഡിയോയില്‍ ബാക്ക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റുകളായെത്തിയ സ്ത്രീകളെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇവരെല്ലാം എ.ഐ ആണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതാണ് ചര്‍ച്ചക്ക് തുടക്കമായത്. എന്നാല്‍ എല്ലാവരും ഒറിജിനലാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

രജിനി- കമല്‍ റീയൂണിയന്‍ Photo: Screen grab/ Red Giant Movies

റെഡ് ജയന്റ്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ട ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയില്‍ ബാക്ക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റുകളെയും കാണാന്‍ സാധിക്കുന്നുണ്ട്. ഇതോടെ എ.ഐ ആണെന്ന ചിലരുടെ വാദം പൊളിഞ്ഞുവീണു. രജിനിയും കമല്‍ ഹാസനും ഷൂട്ടിന്റെ ബ്രേക്കില്‍ ചിരിച്ച് കളിച്ച് സംസാരിക്കുന്നതും വീഡിയോയുടെ ഹൈലൈറ്റാണ്.

ഗ്ലിംപ്‌സില്‍ കാണിച്ച ലേഡി ആര്‍ട്ടിസ്റ്റുകളെല്ലാം എ.ഐ ജനറേറ്റഡാണെന്നും ഭാവിയില്‍ എ.ഐ വലിയ വിപ്ലവമുണ്ടാക്കുമെന്നെല്ലാം പലരും സോഷ്യല്‍ മീഡിയയില്‍ ഘോരഘോരം പ്രസംഗിച്ചിരുന്നു. അതിനെയെല്ലാം ഇല്ലാതാക്കിയ നിര്‍മാതാക്കളുടെ നീക്കത്തെ പലരും പ്രശംസിക്കുകയാണ്. ഏതോ തമിഴ് പേജില്‍ വന്ന റൂമര്‍ മലയാളികളടക്കം ഏറ്റെടുക്കുകയായിരുന്നു.

രജിനി- കമല്‍ റീയൂണിയന്‍ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ Photo: Screen grab/ Red Giant Movies

ജയിലര്‍ 2ന്റെ റിലീസിന് ശേഷമാകും നെല്‍സണ്‍ ഈ പ്രൊജക്ടിലേക്ക് കടക്കുക. തമിഴിലെ ബ്രാന്‍ഡ് സംവിധായകരായ ശങ്കര്‍, മണിരത്‌നം എന്നിവര്‍ക്ക് പോലും ലഭിക്കാത്ത ജാക്ക്‌പോട്ടാണ് നെല്‍സണ് ലഭിച്ചിരിക്കുന്നത്. കെ. ബാലചന്ദര്‍, ഭാരതിരാജ, സി.വി ശ്രീധര്‍, രുദ്രയ്യ, ഐ.വി. ശശി എന്നിവര്‍ മാത്രമാണ് രജിനിയെയും കമല്‍ ഹാസനെയും ഒന്നിച്ച് അണിനിരത്തി സിനിമ ചെയ്ത സംവിധായകര്‍. ഇരുവരും ടോപ് ലീഗിലെത്തിയ ശേഷം ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ജയിലര്‍ 2ന്റെ തിരക്കിലാണ് രജിനിയും നെല്‍സണും. കമല്‍ ഹാസനാകട്ടെ കല്‍ക്കി 2ന്റെ സെറ്റില്‍ വരും ദിവസങ്ങളില്‍ ജോയിന്‍ ചെയ്യും. തമിഴ്‌നാട് ഇലക്ഷനും കമല്‍ ഹാസന്റെ മുന്നിലുള്ള ലക്ഷ്യമാണ്. ഇതിന് ശേഷം സിബി ചക്രവര്‍ത്തി ഒരുക്കുന്ന തലൈവര്‍ 173ലേക്ക് രജിനിയും അന്‍പറിവ് ഒരുക്കുന്ന ചിത്രത്തിലേക്ക് കമല്‍ ഹാസനും കടക്കും. 2026 അവസാനത്തോടെ രജിനി- കമല്‍ റീയൂണിയന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Behind the scene video of Rajni- Kamal Reunion glimpse out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more