| Sunday, 27th September 2026, 4:37 pm

വോട്ടർപട്ടികയിൽ നിന്ന് 27 ലക്ഷം പേരുകൾ നീക്കം ചെയ്തതിന് പിന്നിൽ മമത ബാനർജി: സുവേന്ദു അധികാരി

ശ്രീലക്ഷ്മി പി.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക തീവ്ര പുനപരിശോധനാ നടപടികളിലൂടെ 27 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം മുൻ മുഖ്യമന്ത്രി മമത ബാനർജിക്കാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.

ഈ നടപടികളിൽ ബി.ജെ.പിക്കോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോ യാതൊരു പങ്കുമില്ലെന്നും, വിഷയം ഉന്നയിച്ച് മമത തന്നെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി നിയോഗിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് പ്രസ്തുത പേരുകൾ പരിശോധിച്ചു നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാംപൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മമത ബാനർജി ആസാദി മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ രൂക്ഷമായി വിമർശിച്ച അധികാരി, മുൻകാലങ്ങളിലെ കടുത്ത രാഷ്ട്രീയ ഭിന്നതകളെല്ലാം കാറ്റിൽപ്പറത്തി തൃണമൂൽ കോൺഗ്രസും സി.പി.ഐ.എമ്മും ഇപ്പോൾ പരസ്പരം കൈകോർത്ത് സംസാരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

വർഷങ്ങൾ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് സി.പി.ഐ.എമ്മിനെ ഭരണത്തിൽ നിന്ന് തുരത്തിയാണ് ടി.എം.സി പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയതെന്ന ചരിത്രം അവർ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടിക പുനപരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഇത്തരം നടപടികളിലൂടെ കോൺഗ്രസിന് അനുകൂലമായ ഫലമുണ്ടാകുമ്പോൾ അതിനെ സ്വാഗതം ചെയ്യുകയും എന്നാൽ ബംഗാളിൽ നടപ്പാക്കുമ്പോൾ കുറ്റപ്പെടുത്തുകയുമാണ് ഇവർ ചെയ്യുന്നത്. കേരളത്തിൽ ഇത്തരം പരിശോധനകൾ കൃത്യമായി നടന്നിട്ടില്ലായിരുന്നുവെങ്കിൽ അവിടെ വീണ്ടും സി.പി.ഐ.എം തന്നെ അധികാരത്തിലെത്തുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ മമത ബാനർജി ഫോണിൽ വിളിക്കുകയും കത്തുകൾ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിയും മമതയും ചേർന്ന് കേരളത്തിലേക്ക് കൂടി പോകേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർ തന്നിഷ്ടപ്രകാരം ഏകപക്ഷീയമായി സ്വീകരിച്ച ഒന്നല്ല എസ്.ഐ.ആർ പ്രക്രിയ. ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ തന്നെ ഇത് ഏകാഭിപ്രായത്തോടെ എടുത്ത തീരുമാനമാണെന്ന് വ്യക്തമാണ്. പ്രതിപക്ഷ പാർട്ടികൾ ഈ നടപടിയെ വിമർശിക്കുന്നത് അനാവശ്യമാണെന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് പൂർണമായും സുതാര്യമായ രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി ഇപ്പോൾ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട് വെറുമൊരു മമത എ.ഐ.ടി.സി മാത്രമായി ചുരുങ്ങിയെന്നും അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം പോലും ജനമനസ്സുകളിൽ നിന്ന് അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മമത പങ്കെടുത്ത യോഗത്തിൽ വെറും 150 ആളുകൾ മാത്രമാണ് സദസിൽ ഉണ്ടായിരുന്നതെന്നും എന്നാൽ അവർക്ക് സുരക്ഷയൊരുക്കാൻ 170 പോലീസുകാരും പരിപാടി റിപ്പോർട്ട് ചെയ്യാൻ 200 മാധ്യമപ്രവർത്തകരുമാണ് അവിടെ തടിച്ചുകൂടിയതെന്നും അദ്ദേഹം കണക്കുകൾ നിരത്തി വിമർശിച്ചു.

കൂടാതെ, ഇടത് ഭരണകാലത്ത് സംസ്ഥാനം സാക്ഷ്യം വഹിച്ച നെതായ്, സായ്ബാരി, നന്ദിഗ്രാം തുടങ്ങിയ അതിക്രൂരമായ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും ഓർമിപ്പിച്ച അധികാരി, അന്നത്തെ സി.പി.ഐ.എം ഭീകരതയ്ക്കെതിരെ ശക്തമായി തെരുവിലിറങ്ങി പോരാടിയാണ് മമതയും പാർട്ടിയും ഒരുകാലത്ത് അധികാരം പിടിച്ചെടുത്തതെന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

Content Highlight:Behind the deletion of 2.7 million names from the voter list is Mamata Banerjee”: Suvendu Adhikari

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more