ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഇരുന്ന അവസാന മണിക്കൂറുകള്‍ക്കുള്ളില്‍ എച്ച്.ഡി കുമാരസ്വാമി അവസാനമായി ഒപ്പ് വെച്ച ഉത്തരവുകളിലൊന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സംസ്ഥാനത്തെ ഭൂരഹിതരായ തൊഴിലാളികളുടെ വായ്പ എഴുതിത്തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു അദ്ദേഹം ഒപ്പുവെച്ചത്.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുടേയും വായ്പയായിരുന്നു എഴുതിത്തള്ളിയത്. കുമാരസ്വാമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
7 വോട്ടുകളുടെ വ്യത്യാസത്തില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടേക്കാമെന്ന സൂചന ലഭിച്ച ഘട്ടത്തിലായിരുന്നു കുമാരസ്വാമിയുടെ ഈ നടപടി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി കുമാരസ്വാമിയോട് തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാവല്‍മുഖ്യമന്ത്രിയായി തുടരുന്ന വ്യക്തിയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ വായ്പകള്‍ എഴുതിത്തള്ളാനോ ഉള്ള അധികാരം ഉണ്ടായിരിക്കില്ല.
ഇത്തരമൊരു തീരുമാനം താന്‍ എടുത്തതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നും കുമാരസ്വാമി പറയുന്നു.
സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പോലും വായ്പ എടുത്ത ഭൂരഹിതരായ തൊഴിലാളികളുടെ വായ്പ എഴുതിത്തള്ളാനുള്ള ഉത്തരവിലാണ് ഒപ്പുവെച്ചത്. ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒറ്റത്തവണ ആശ്വാസമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് സംതൃപ്തിയുണ്ട്. ഉത്തരവ് നിലവില്‍ വരുന്നതിന് മുമ്പ് വായ്പ നേടിയവര്‍ക്ക് ഇത് ബാധകമാകുമെന്നും സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കണക്കാക്കുന്നെന്നും കുമാരസ്വാമി പറഞ്ഞു.
ഈ ആക്ട് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും, ആ സമയത്തിനുള്ളില്‍ വായ്പകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും 14 മാസത്തിനിടെ സുപ്രധാനമായ ചില ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും കുമാരസ്വാമി നന്ദിപറഞ്ഞു.
കടാശ്വാസ നിയമം തന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നതായും കുമാരസ്വാമി പറഞ്ഞു. ഭൂരഹിത-തൊഴിലാളി-വായ്പകള്‍ എഴുതിത്തള്ളുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.