| Thursday, 17th July 2025, 12:46 pm

മെസിയുടെ പിന്‍ഗാമിയല്ല, മെസിക്കും യമാലിനും ഇടയില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ഫുട്‌ബോളിന്റെ സൗന്ദര്യം എഫ്.സി ബാഴ്‌സലോണയിലെ പത്താം നമ്പറിന് ഇനി പുതിയ അവകാശി. റിവാള്‍ഡോയും റൊണാള്‍ഡീന്യോയും മുതല്‍ ലയണല്‍ മെസി വരെ ഇതിഹാസ താരങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തിയ കറ്റാലന്‍മാരുടെ പത്താം നമ്പര്‍ ജേഴ്‌സി ഇനി സ്പാനിഷ് യുവതാരം ലാമിന്‍ യലാല്‍ ധരിക്കും. ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട ജേഴ്‌സി താരത്തിന് കൈമാറി.

മെസിയുടെ പിന്‍ഗാമിയെന്ന് ബാഴ്‌സ ആരാധകര്‍ വിശേഷിപ്പിച്ച താരമാണ് ലാമിന്‍ യമാല്‍. മെസിയെ പോലെ ലാ മാസിയ വളര്‍ത്തിയെടുത്ത ലാമിന്‍ കറ്റാലന്‍മാരുടെ പടകുടീരത്തില്‍ സ്വന്തം ഇമേജ് വളരെ പെട്ടെന്ന് തന്നെ വളര്‍ത്തിയെടുത്തു.

കളിയുടെ കാര്യത്തില്‍ മെസിയുടെ പിന്‍ഗാമിയെങ്കിലും ബാഴ്‌സയിലെ പത്താം നമ്പര്‍ ജേഴ്‌സിയുടെ കാര്യത്തില്‍ ലിയോയുടെ പിന്‍ഗാമി ലാമിന്‍ യമാലല്ല, അത് അന്‍സു ഫാറ്റിയാണ്. മെസി ക്ലബ്ബ് വിട്ടതിന് പിന്നാലെ ബാഴ്‌സ ആ ഇതിഹാസ ജേഴ്‌സി തങ്ങളുടെ നെക്സ്റ്റ് ബിഗ് തിങ് എന്ന് കരുതിയ അന്‍സു ഫാറ്റിക്കാണ് ക്ലബ്ബ് കൈമാറിയത്.

ബാഴ്‌സയില്‍ മികച്ച പ്രകടനമാണ് അന്‍സു ഫാറ്റി നടത്തിയിരുന്നത്. എന്നാല്‍ പരിക്കുകള്‍ വലച്ചതോടെ പല മത്സരങ്ങളും നഷ്ടപ്പെട്ട താരം അടുത്തിടെ ലോണ്‍ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലേക്ക് മാറി. ഇതോടെ ബാഴ്‌സയിലെ പത്താം നമ്പറും അനാഥമായി.

ഇതോടെയാണ് ഇതിഹാസങ്ങള്‍ അനശ്വരമാക്കിയ പത്താം നമ്പര്‍ ജേഴ്‌സി ലാമിന്‍ യമാലിനെയയും തേടിയെത്തിയത്.

ബാഴ്‌സലോണയില്‍ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ താരങ്ങള്‍

(താരം – പത്താം നമ്പര്‍ ജേഴ്‌സി ധരിച്ച പിരിയഡ് എന്നീ ക്രമത്തില്‍)

ലാസ്‌ലോ കുബാല – 1950-1961

ലൂയീസ് സുവാരസ് മിറാമോണ്ടസ് – 1960/61

എവരിസ്‌റ്റോ ഡി മാസിഡോ – 1957-1961

യുവാന്‍ മാനുവല്‍ അസെന്‍സി – – 1978/79

ഡിഗോ മറഡോണ – 1982-1984

ഗാരി ലിനേകര്‍ – 1986-1989

റോബര്‍ട്ടോ ഫെര്‍ണാണ്ടസ് – 1980/90

പെപ് ഗ്വാര്‍ഡിയോള – 1991/92

ഗില്ലെര്‍മോ അമോര്‍ – 1992/91

റിസ്‌റ്റോ സ്‌റ്റോയ്ഷകോവ് – 1993/94

റൊമാരിയോ – 1994/95

ഗോര്‍ഗെ ഹാഗി – 1994/95

ജോര്‍ഡി ക്രൈഫ് – 1994-1996

എയ്ഞ്ചല്‍ ക്യുല്ലര്‍ – 1995/96

ഇമ്മാനുവല്‍ അമുനിക് – 1996/97

ജിയോവാനി സില്‍വ – 1996-1999

ജാരി ലിറ്റ്മാനെന്‍ – 1999/00

റിവാള്‍ഡോ – 2000-2002

യുവാന്‍ റിക്വില്‍മെ – 2002/03

റൊണാള്‍ഡീന്യോ – 2003-2008

ലയണല്‍ മെസി – 2008-2021

അന്‍സു ഫാറ്റി – 2021-2023, 2024/25 –

ലാമിന്‍ യമാല്‍ – 2025/26*

മെസിയെ പോലെ പത്താം നമ്പര്‍ കുപ്പായത്തില്‍ തന്റേതായ വഴി കണ്ടെത്താനാണ് തന്റെ ശ്രമമെന്ന് ജേഴ്‌സി സ്വീകരിച്ചുകൊണ്ട് ലാമിന്‍ യമാല്‍ പറഞ്ഞു. ബാഴ്‌സ ആരാധകര്‍ക്ക് സന്തോഷമുണ്ടാകുന്നതെല്ലാം ചെയ്യുമെന്നും കറ്റാലന്‍മാര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും സ്‌പെയ്‌നിനൊപ്പം ലോകകപ്പും നേടുകയാണ് തന്റെ ലക്ഷ്യമെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു.

ലാ മാസിയയില്‍ നിന്നും കളിയടവ് പഠിച്ച യമാല്‍ കഴിഞ്ഞ സീസണില്‍ ലാലിഗ, സൂപ്പര്‍ കോപ്പ ഡി എസ്പാന, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ബാഴ്‌സക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2023ല്‍ പതിനഞ്ചാം വയസില്‍ ബാഴ്‌സ കുപ്പായത്തില്‍ അരങ്ങേറിയപ്പോള്‍ 41ാം നമ്പറിലാണ് താരം ആദ്യമായി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ 27ാം നമ്പര്‍ ജേഴ്‌സിയില്‍ കളി തുടങ്ങിയ താരം വൈകാതെ മെസിയുടെ തുടക്കകാലത്തെ 19ാം നമ്പറിലേക്ക് മാറിയിരുന്നു. അടുത്ത സീസണ്‍ മുതലാണ് ലാമിന്‍ പത്താം നമ്പര്‍ ധരിക്കുക.

Content Highlight: Before Lamine Yamal Ansu Fati worn number 10 in FC Barcelona

We use cookies to give you the best possible experience. Learn more