| Thursday, 25th December 2025, 4:10 pm

അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ക്രിസ്ത്യാനികളുള്ള നഗരത്തില്‍ മേയറായി! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ബീന ഫിലിപ്പും കോഴിക്കോടും

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മുന്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ മികച്ച നേട്ടം കൈവരിച്ച യു.ഡി.എഫ് മേയറെ കണ്ടെത്താന്‍ നേരിടുന്ന വെല്ലുവികളെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 40 ശതമാനവും മുസ്‌ലിങ്ങളാണ്. അതില്‍ 70 ശതമാനം സുന്നികളും. എന്നാല്‍ മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ഒരു സുന്നി സംഘടനകളും രംഗത്തെത്തിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ബീന ഫിലിപ്പിന് മേയറായി തെരഞ്ഞെടുത്തപ്പോള്‍ രണ്ടും കൈയും നീട്ടി കോഴിക്കോട് നഗരം സ്വീകരിക്കുകയായിരുന്നുവെന്നും പ്രതികരണങ്ങളുണ്ട്.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തിനായി ലത്തീന്‍ കത്തോലിക്കക്കാര്‍ പരസ്യമായി രംഗത്തെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഈ താരതമ്യപ്പെടുത്തല്‍.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 38 ശതമാനവും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇതിന്റെ പകുതി പോലുമില്ലാതെ ലത്തീന്‍ കത്തോലിക്കക്കാരാണ് കൊച്ചിയിലെ യു.ഡി.എഫ് നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

അതേസമയം നാല് ശതമാനം ക്രിസ്ത്യാനികള്‍ മാത്രമുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ ബീന ഫിലിപ്പിന്റെ മേയര്‍ സ്ഥാനത്തിനെതിരെ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബീന ഫിലിപ്പ് മേയര്‍ ആയതിന്റെ പേരില്‍ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ദളിത് ക്രൈസ്തവരെ ജനറല്‍ സീറ്റുകളില്‍ മത്സരിപ്പിച്ചിട്ടുള്ളത് ഇടതുപക്ഷം മാത്രമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ പദവിയും ദേവസ്വം ബോര്‍ഡ് മന്ത്രിസ്ഥാനവും പാര്‍ട്ടി സെക്രട്ടറി പദവിയും വരെ അധകൃതരെന്ന് മേലാളന്മാര്‍ ചാപ്പ കുത്തിയവര്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുത്തതും ഇടതുപക്ഷവും സി.പി.ഐ.എമ്മുമാണെന്നും എ.എച്ച്. ഹഫീസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഡോ. ബീന ഫിലിപ്പിനെ മേയറായി സി.പി.ഐ.എം നിശ്ചയിക്കുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ക്രിസ്ത്യന്‍ ജനസംഖ്യ! 58 ശതമാനത്തോളം ഹിന്ദുക്കള്‍, 37 ശതമാനത്തിലേറെ മുസ്‌ലിങ്ങള്‍. ഒരു മതവും ഒരു സഭയും ഒരു ജാതിയും അവകാശവാദവുമായി വന്നില്ല. പാര്‍ട്ടി തീരുമാനിച്ചു. ഡോ. ബീന ഫിലിപ്പ് മേയറായി!,’ ചന്ദ്രകുമാര്‍ ജെ.പി. കുറിച്ചു.

അതേസമയം മേയര്‍ തര്‍ക്കം ശക്തമായിരുന്ന കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് സമവായത്തിലെത്തിയിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ദീപ്തി മേരി വര്‍ഗീസിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദവി പങ്കിടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ദീപ്തി മേരി വര്‍ഗീസ് അതൃപ്തി അറിയിച്ചിരുന്നു.

പിന്നാലെ ദീപ്തി വര്‍ഗീസിന് നഗരാസൂത്രണ സമിതിയുടെ അധ്യക്ഷ പദവി നല്‍കാമെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം എത്തിയത്. ഇതേ തുടർന്ന് ദീപ്തി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതോടെ തര്‍ക്കത്തിന് പരിഹാരമായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ലീഗിന് ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്.

Content Highlight: Beena Philip and Kozhikode are all over social media

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more