| Tuesday, 23rd June 2026, 10:41 am

സീരിയലുകാർക്ക് സിനിമയിൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് തഴയും, പക്ഷെ ഗണപതി ആ റിസ്ക് എടുത്തു: ബീന ആന്റണി

കെ.എസ് ഷാബിന

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. മിനിസ്ക്രീനിലെ ‘അമ്മ’, ‘നായിക’, പ്രതിയനായിക വേഷങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി ബീന ആന്റണി അഭിനയരംഗത്ത് സജീവമായി നിൽക്കുന്നു. 1991-ൽ പുറത്തിറങ്ങിയ ‘കനൽക്കാറ്റ്’, ‘ഗോഡ്ഫാദർ’ എന്നീ സിനിമകളിലൂടെയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

തുടക്കകാലത്ത് ‘യോദ്ധ’ (മോഹൻലാലിന്റെ സഹോദരി വേഷം), ‘മഹാനഗരം’, ‘ആയുഷ്കാലം’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും സഹനടിയായും അവർ തിളങ്ങി. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഷംനാത്ത’ എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാപ്രവർത്തകരുടെയും വലിയ കയ്യടിയാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്.

ബീന ആന്റണി.Photo;Malayalam News

ഇപ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി. ‘ബാലൻ ദി ബോയ്’ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

‘സീരിയലിൽ അഭിനയിക്കുന്നവർക്ക് സിനിമ ചെയ്യാൻ അറിയില്ലെന്നും അവർ ഓവർ ആക്ടിങ് ആണെന്നും പറഞ്ഞ് പൊതുവെ മാറ്റിനിർത്താറുണ്ട്. എന്നാൽ കാസ്റ്റിങ് ഡയറക്ടർ ഗണപതി എന്നെ വിശ്വസിച്ച് ആ റിസ്ക് എടുത്തു. ഞാൻ ഈ ഇൻഡസ്ട്രിയിൽ വന്നിട്ട് ഇപ്പോൾ 35 വർഷമായി. ഇതിനോടകം ഇരുപത്തഞ്ചോളം സിനിമകൾ ചെയ്തിട്ടുണ്ട്. ‘യോദ്ധ’ ഉൾപ്പെടെയുള്ള വലിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും എനിക്ക് സാധിച്ചു.

ബാലൻ.Photo:Screengrab

സിനിമകളിൽ അഭിനയിക്കുന്ന ആദ്യകാലത്ത് എനിക്ക് വലിയ രീതിയിൽ അഭിനയിക്കാൻ അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഇപ്പോഴും പൂർണമായി അറിയില്ല. എങ്കിലും അന്ന് ഇന്നത്തെ അത്രപോലും വിവരമില്ലാത്ത ചെറിയ പ്രായമായിരുന്നു. എന്നാൽ ഇത്രയും കാലം സീരിയലുകളിൽ അഭിനയിച്ചു നേടിയ പരിചയസമ്പത്ത് കാരണം, ഇപ്പോൾ ഒരു കഥാപാത്രം കിട്ടിയാൽ അത് ഉൾക്കൊണ്ട് ഭംഗിയായി ചെയ്യാം എന്ന ചെറിയൊരു ആത്മവിശ്വാസമുണ്ട്. അന്ന് പേടിയോടെ നിന്നിരുന്ന പ്രായത്തിൽ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.

ഞാൻ എത്ര സീരിയലുകളിൽ അഭിനയിച്ചു എന്നോ, എനിക്ക് മൂന്ന് സംസ്ഥാന അവാർഡുകൾ കിട്ടി എന്നോ പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. നാളത്തെ തലമുറ തിരിഞ്ഞു നോക്കുമ്പോൾ ‘ബീന ആന്റണി’ എന്ന നടിക്ക് അവരുടെ അഭിനയമികവ് തെളിയിക്കാൻ പറ്റിയ ഒരൊറ്റ കഥാപാത്രം പോലും ഉണ്ടായിരിക്കില്ല. എത്ര തലമുറകൾ കഴിഞ്ഞാലും എന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തുന്ന, ഓർത്ത് വെക്കാൻ കഴിയുന്ന ഒരു നല്ല വേഷം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവസഹായത്താൽ ഇപ്പോൾ അതിന് സാധിച്ചു’, ബീന ആന്റണി പറഞ്ഞു.

Content Highlight: Beena Antony talks about Balan movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more