ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. മിനിസ്ക്രീനിലെ ‘അമ്മ’, നായിക, പ്രതിനായിക വേഷങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി ബീന ആന്റണി അഭിനയരംഗത്ത് സജീവമായി നിൽക്കുന്നു.1991-ൽ പുറത്തിറങ്ങിയ ‘കനൽക്കാറ്റ്’, ‘ഗോഡ്ഫാദർ’ എന്നീ സിനിമകളിലൂടെയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
തുടക്കകാലത്ത് ‘യോദ്ധ’ (മോഹൻലാലിന്റെ സഹോദരി വേഷം), ‘മഹാനഗരം’, ‘ആയുഷ്കാലം’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും സഹനടിയായും അവർ തിളങ്ങി. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഷംനാത്ത’ എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാപ്രവർത്തകരുടെയും വലിയ കയ്യടിയാണ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്.
ബീന ആന്റണി.Photo: Samayam Malayalam
സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ബീന ആന്റണി. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിന്റെ സംസാരിക്കുകയായിരുന്നു താരം
‘സീരിയലിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ സിനിമയിലേക്ക് വിളിക്കാൻ സംവിധായകർ മടിക്കുമെന്ന് പറയുന്നത് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ആളുകൾ പറയാറുള്ളത്. ഒന്ന് ഡേറ്റിന്റെ പ്രശ്നങ്ങളും, രണ്ട് സീരിയൽ താരങ്ങൾക്ക് ‘ഓവർ ആക്ടിങ്’ ആണെന്ന പൊതുധാരണയും.
സീരിയൽ എന്ന് പറയുമ്പോൾ നമ്മൾ ദിവസവും ലൊക്കേഷനിൽ ഉണ്ടാകേണ്ടി വരും. എന്നാൽ സിനിമയ്ക്ക് ബൾക്ക് ഡേറ്റുകളാണ് നൽകേണ്ടത്. അവർ എപ്പോൾ വിളിച്ചാലും നമ്മൾ ലഭ്യമാകണം. പലപ്പോഴും സീരിയൽ താരങ്ങളെ സിനിമയിലേക്ക് വിളിക്കുമ്പോൾ, അവർ സീരിയൽ ഷൂട്ടിംഗിന് പോകുന്നതുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ പ്രശ്നങ്ങളോ സംവിധായകർക്ക് തലവേദനയോ ഉണ്ടായിട്ടുണ്ടാകാം. അതാവാം ഒരു കാരണം.
ബീന ആന്റണി.Photo: Screengrab/Youtube
രണ്ടാമത്തെ കാര്യം സീരിയലിൽ ഓവർ ആക്ടിങ് ആണെന്നുള്ള വാദമാണ്. എന്നാൽ എന്റെ അഭിനയ ജീവിതത്തിൽ എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല, ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടുമില്ല. ഞാൻ കോമഡിയും ഭയങ്കര വില്ലത്തി വേഷങ്ങളും പോസിറ്റീവ് ആയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അവിടെയൊന്നും ഞാൻ ഓവർ ആക്ടിങ് നടത്തിയിട്ടില്ല.
കൂടാതെ, ദിവസവും സീരിയലിലൂടെ ടിവിയിൽ കാണുമ്പോൾ താരങ്ങൾ ‘ഓവർ എക്സ്പോസ്ഡ്’ ആകുമെന്നും ആളുകൾക്ക് മടുപ്പ് തോന്നുമെന്നും ചിലർ പറയാറുണ്ട്. ‘ഇത്രയും കഴിവുണ്ടായിട്ടും ബീനച്ചേച്ചി എന്തുകൊണ്ടാണ് ബിഗ് സ്ക്രീനിൽ വരാത്തത്’ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നെ സിനിമകളിൽ അധികം കാണാത്തതിന് പിന്നിൽ ആളുകൾ പറയുന്ന കാരണങ്ങൾ ഇതൊക്കെയാണ്,’ ബീന ആന്റണി പറഞ്ഞു.
Content Highlight: Beena Antony explained that daily TV exposure and stereotyping keep serial actors out of cinema