| Thursday, 25th June 2026, 9:05 am

നിന്റെയും ഗണപതിയുടെയും അമ്മയായിട്ട് അഭിനയിച്ചതല്ലേ, മഞ്ഞുമ്മലില്‍ എന്നെയും വിളിച്ചൂടായിരുന്നോ എന്ന് ചിദംബരത്തിന് മെസേജയച്ചു: ബീന ആന്റണി

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്‍ പറയുന്നത്.

ഒരുപിടി പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ബാലനില്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ച ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു ബീന ആന്റണി. ചിത്രത്തില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രം വന്നുപോകുന്ന ഷംനത്താ എന്ന കഥാപാത്രത്തെയാണ് ബീന ആന്റണി അവതരിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് ബീന ഗംഭീരമാക്കി.

ബീന ആന്റണി photo: Screen grab/ Reporter Films

മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തിന്റെ ഭാഗമായ ബീന ആന്റണിയുടെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് ബാലനിലേത്. ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി. ഗണപതിയാണ് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് താരം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ബീന.

മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായപ്പോള്‍ ഞാന്‍ ചിദംബരത്തിന് മെസേജയച്ചിരുന്നു. സത്യം പറഞ്ഞാല്‍ മഞ്ഞുമ്മല്‍ ബോയ്‌സും ഞാനും തമ്മില്‍ ചെറിയൊരു ബന്ധമുണ്ട്. ഞാന്‍ മഞ്ഞുമ്മലില്‍ നിന്നുള്ളയാളാണ്. എന്റെ ഒരു കസിനെ വിവാഹം ചെയ്തത് യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിലുള്ള ഒരാളാണ്. ചന്തു അവതരിപ്പിച്ച ക്യാരക്ടറില്ലേ, അയാളാണ് കസിനെ വിവാഹം ചെയ്തത്.

അങ്ങനെ ചിദംബരത്തിന് മെസേജയച്ച് ഒരുപാട് സംസാരിച്ചു. അതിന്റെ ഇടയില്‍ എന്നെയും ആ സിനിമയിലേക്ക് വിളിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചു. ആ പടത്തില്‍ അമ്മമാര്‍ കുറച്ചുപേര്‍ ഉണ്ടായിരുന്നല്ലോ. ‘നിന്റെയും ഗണപതിയുടെയുമൊക്കെ അമ്മയായിട്ട് അഭിനയിച്ചതല്ലേ, എന്നെ ഈ പടത്തില്‍ കണ്‍സിഡര്‍ ചെയ്തുകൂടായിരുന്നോ’ എന്നാണ് ചോദിച്ചത്. അവന്‍ അതിന് ഒരു സ്‌മൈലി അയച്ചു,’ ബീന ആന്റണി പറയുന്നു.

പിന്നീട് ഒരുദിവസം ഗണപതി തന്നെ വിളിച്ച് ഇപ്പോഴും അഭിനയിക്കുന്നുണ്ടോ എന്നും അടുത്ത പ്രൊജക്ടില്‍ ഒരു വേഷമുണ്ടെന്നും പറഞ്ഞെന്ന് ബീന ആന്റണി പറയുന്നു. ഒരു സീനെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു തന്റെ മറുപടിയെന്നും കുറച്ച് ദിവസം കഴിഞ്ഞ് താന്‍ ബാലന്റെ ഭാഗമാണെന്ന് ഗണപതി പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബാലന്‍ Photo: Screen grab/ Zee Music

പുതുമുഖങ്ങളായ ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിയാന്‍ എന്നിവരാണ് ബാലനിലെ പ്രധാന താരങ്ങള്‍. ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ഡോളി ജൂണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Beena Antony about how she became a part of Balan Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more