| Friday, 19th December 2025, 8:45 pm

'ബീഫ് എന്നാല്‍ അവര്‍ക്ക് ഒരര്‍ത്ഥമേയുള്ളു' ഐ.എഫ്.എഫ്.കെ സമാപന വേദിയില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയില്‍ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ബീഫ്’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രയുടെ വിമര്‍ശനം.

കേന്ദ്ര വാര്‍ത്താ-വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റേത് അങ്ങേയറ്റം അപഹാസ്യമായ നടപടികളായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ബീഫ് എന്ന് കേട്ടയുടന്‍ ഇവിടുത്തെ ബീഫ് എന്ന് കരുതി, അതിനെതിരെ വാളെടുക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ബീഫ് എന്ന് കേട്ടാല്‍ അവര്‍ക്ക് ഒരര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്പ് ഹോപ്പുമായി ബന്ധപ്പെട്ട സിനിമയായിരുന്നു ബീഫെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഗീത സംസ്‌കാരത്തില്‍ ബീഫ് എന്നതിന്റെ അര്‍ത്ഥം പോരാട്ടം, കലഹം എന്നൊക്കെയാണ്. ഇത് തിരിച്ചറിയാതെയാണ് കേന്ദ്രം വാളെടുത്തതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇതൊരു പരിഹാസ്യമായ നടപടിയായിരുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ബീഫല്ല എന്ന് മനസിലായതോടെയാണ് ബീഫ് ഉൾപ്പെടെയുള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ലോക ക്ലാസിക്കായ ബാറ്റില്‍ഷിപ്പ് പൊട്ടെംക്കിന്‍ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയതിലും മുഖ്യമന്ത്രി സംസാരിച്ചു. ലോക സിനിമയെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അജ്ഞതയുടെ നിര്‍ലജ്യമായി വേണം ഈ നടപടിയെ കണക്കാക്കാനെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സര്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തിനെതിരെ കപ്പലിലെ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ കഥയാണ് ബാറ്റില്‍ഷിപ്പ് പൊട്ടെംക്കിന്‍ പറയുന്നതെന്നും തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഈ സിനിമ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് അനുചിതമായി തോന്നിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Beef means only one thing to them’, says Pinarayi vijayan against Centre at IFFK closing ceremony

We use cookies to give you the best possible experience. Learn more