| Tuesday, 16th June 2026, 8:40 pm

നാട്ടുകാരെ നശിപ്പിക്കുന്നത് മാര്‍ക്കോ പോലുള്ള സിനിമയാണെന്ന വിമര്‍ശനത്തോടെ മോഹിനിയാട്ടത്തിലെ വയലന്‍സ് കുറക്കാന്‍ തീരുമാനിച്ചു: കൃഷ്ണദാസ് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പുറത്തിറങ്ങിയ ഡാര്‍ക് ഹ്യൂമര്‍ ചിത്രമായിരുന്നു കൃഷ്ണദാസ് മുരളിയുടെ ‘ഭരതനാട്യം 2 മോഹിനിയാട്ടം’.

ഒരു കൊലപാതകവും അതിനെ ഒരു കുടുംബം ഒന്നടങ്കം കൈകാര്യം ചെയ്യുന്ന രീതിയും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിച്ച ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ മോഹിനിയാട്ടം കുറച്ചുകൂടി വയലന്‍സ് നിറഞ്ഞ തരത്തില്‍ എടുക്കാന്‍ ആയിരുന്നു താന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ് കൃഷ്ണദാസ് മുരളി.

എന്നാല്‍ ഉണ്ണിമുകുന്ദന്‍ നായകന്‍ ആയ എത്തിയ മാര്‍ക്കോയുടെ റിലീസിന് പിന്നാലെയാണ് അത്തരമൊരു തീരുമാനത്തില്‍ നിന്നും താന്‍ പിന്തിരിഞ്ഞതെന്നും കൃഷ്ണദാസ് മുരളി പറഞ്ഞു. ദി റൂമിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫണ്‍ ആണെങ്കില്‍ പോലും വയലന്‍സ് സ്വഭാവം കുറച്ചു കൂടുതല്‍ ആയ രീതിയില്‍ ആയിരുന്നു മോഹിനിയാട്ടത്തിന്റെ ഇനിഷ്യല്‍ ഡ്രാഫ്റ്റ്. ആ സമയത്താണ് മാര്‍ക്കോ സിനിമ റിലീസ് ആകുന്നതും നാട്ടുകാരെ നശിപ്പിക്കുന്നത് മാര്‍ക്കോ ആണെന്ന തരത്തില്‍ ഒക്കെയുള്ള വിവാദങ്ങള്‍ വന്നതും. അത് ഞങ്ങളെ സിനിമയിലെ വയലന്‍സ് കുറക്കാന്‍ ചിന്തിപ്പിച്ചു’, അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ ഒക്കെ ഇടയില്‍ മനസിന് കുളിര്‍മ തരുന്ന സിനിമയാണ് ഭരതനാട്യം എന്ന തരത്തിലൊക്കെ വന്ന പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ സിനിമയില്‍ വയലന്‍സ് കുറക്കാനുള്ള കാരണമായെന്നും സംവിധായകന്‍ പറയുന്നുണ്ട്.

‘ഒരുപാട് വയലന്‍സ്, ത്രില്ലര്‍ സിനിമകള്‍ക്കിടയില്‍ മനസ്സിന് കുളിര്‍മ തരുന്ന സിനിമയാണ് ഭരതനാട്യം എന്നും കുട്ടികളെ അടക്കം സിനിമ കാണിക്കാറുണ്ട് എന്ന തരത്തില്‍ ഒക്കെ ഒരുപാട് മെസ്സേജുകള്‍ പ്രേക്ഷകരുടെ അടുത്ത് നിന്നും ആ സമയത്ത് വന്നിരുന്നു. അതുകൊണ്ടാണ് സ്‌ക്രീനില്‍ ബ്ലഡ് പോലും കാണിക്കാതെ മോഹിനിയാട്ടം ഈ രീതിയില്‍ ചിത്രീകരിച്ചത്.

ഭരതനാട്യം ഇഷ്ടപ്പെട്ടു വന്ന പ്രേക്ഷകരെ നിരാശപെടുത്തരുതെന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നെന്നും കൃഷ്ണദാസ് മുരളി പറയുന്നു.

‘ഭാരതനാട്യത്തിലൂടെ സ്‌നേഹം, സാഹോദര്യം എന്നൊക്കെ പറഞ്ഞിട്ട് രണ്ടാം ഭാഗത്തു ഇവരെന്താ കാണിച്ചുവെച്ചിരിക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നാന്‍ പാടില്ലല്ലോ,’ സംവിധായകന്‍ പറഞ്ഞു

Content Highlight: because of Marco Movie response i decided to reduce the violence in Mohiniyattam: Krishnadas Murali

We use cookies to give you the best possible experience. Learn more