ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് തുണ്ടിയിൽ. കുച്ച് കുച്ച് ഹോതാഹെ, ദേവദൂതൻ, കൃഷ്, റൗഡി റാത്തോർ, പളുങ്ക്, പ്രണയവർണങ്ങൾ, തുടങ്ങി നിരവധി മികച്ച ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
1998 ൽ തിയേറ്ററിൽ എത്തിയ പ്രണയവർണങ്ങളാണ് സന്തോഷ് തുണ്ടിയുടെ ആദ്യ സിനിമ. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക് സന്തോഷ് തുണ്ടിയിൽ ഛായാഗ്രാഹകനായി. ഒരേ സമയം ബോളിവുഡിലും മോളിവുഡിലെ തിരക്കുള്ള ഛായാഗ്രാഹകനായി ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.
സന്തോഷ് തുണ്ടിയിൽ. Photo. Screen Grab/ Youtube
ഇപ്പോഴിതാ സൗന്ദര്യം എന്നത് ഒരാളുടെ രൂപത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഒരു അഭിനേതാവിന്റെ സ്വഭാവവും കഴിവുകളും അതിൽ പ്രധാനമാണെന്നും പറയുകയാണ് സന്തോഷ് തുണ്ടിയിൽ. മഞ്ജു വാര്യരുടെയും ഹൃതിക് റോഷന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഇക്കാര്യം വിശദീകരിച്ചത്. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ക്യാമറയുടെ ഒരു ഫിസിക്കൽ ആംഗിളിൽ നിന്ന് നോക്കുമ്പോൾ അത് വേറൊരു കാര്യമാണ്. മനുഷ്യരുടെ സൗന്ദര്യം എന്ന് പറയുന്നത് അവരുടെ ലുക്കിൽ മാത്രമല്ല, സ്വഭാവം കൂടി ചേരുന്ന ഒന്നാണ്. നമ്മൾ ഉദ്ദേശിക്കുന്ന ഒരു സാധാരണ സൂപ്പർഫിഷ്യൽ കാഴ്ചപ്പാടിൽ ഏറ്റവും സുന്ദരനായ നടൻ എന്ന് പറയുകയാണെങ്കിൽ ഹൃതിക് റോഷനാണെന്ന് പറയാം. എന്നാൽ മറ്റു പല ഘടകങ്ങളും പരിഗണിക്കുമ്പോൾ സൗന്ദര്യം എന്നത് ശരീരഘടന മാത്രമാകണമെന്നില്ല.
ക്യാമറയുടെ ഒരു പ്രത്യേക ആംഗിളിൽ നിന്ന് നോക്കുമ്പോൾ പെർഫെക്ട് ആയിട്ടുള്ള ആർട്ടിസ്റ്റ് എന്ന് പറയുന്നതും ആ അർഥത്തിലാണ്. ഒരു ഫ്രണ്ട് ആംഗിളിൽ നിന്ന് നോക്കുമ്പോൾ ഹാൻഡ്സം എന്ന് തോന്നുന്ന ഒരാളുടെ ഉദാഹരണമാണ് ഹൃതിക് റോഷൻ,’ സന്തോഷ് തുണ്ടിയിൽ പറഞ്ഞു.
മഞ്ജു വാര്യരെക്കുറിച്ചും സന്തോഷ് തന്റെ അഭിപ്രായം പങ്കുവെച്ചു. രൂപസൗന്ദര്യത്തേക്കാൾ അഭിനയമികവാണ് ഒരു അഭിനേതാവിനെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ജു വാര്യരുടെ അഭിനയശേഷി അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഞ്ജു വാര്യർ. Photo. Facebook.com
‘മഞ്ജുവിനെപ്പോലുള്ളവർ ഭയങ്കര ടാലന്റഡ് ആയിട്ടുള്ള ആക്ടേഴ്സാണ്. മഞ്ജു അത്ര വലിയ സൗന്ദര്യവതിയാണോ എന്ന് ചോദിച്ചാൽ, എന്റെ അഭിപ്രായത്തിൽ അങ്ങനെയല്ല. ഒരു ആവറേജ് ലുക്കിങ് ലേഡി എന്ന് മാത്രമേ പറയാൻ പറ്റൂ. പക്ഷേ, അഭിനയം കൊണ്ട് മഞ്ജു അതിനെ കവർ ചെയ്തിരിക്കുകയാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ച് അതാണ് പ്രധാനമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Beauty is not confined solely to a person’s physical appearance, says cinematographer Santhosh Thundiyil