| Thursday, 23rd October 2025, 9:56 am

18 മണിക്കൂർ ജോലി, ഒരു നേരം ഭക്ഷണം; ജയ്‌പൂരിൽ ക്രൂരമായ ബാലവേല; പുറത്തറിഞ്ഞത് ഏഴ് കുട്ടികൾ രക്ഷപ്പെട്ടതോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ജയ്പൂരിലെ വള ഫാക്ടറിയില്‍ ക്രൂരമായ ബാലവേല. ഭട്ട ബസ്തിയിലെ ഫാക്ടറിയില്‍ നിന്ന് തിങ്കളാഴ്ച്ച (ഒക്ടോബര് 20) രാത്രി ഏഴ് കുട്ടികള്‍ രക്ഷപ്പെട്ടതോടെയാണ് ഈ വിവരം പുറം ലോകം അറിഞ്ഞത്. ഫാക്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ബീഹാര്‍ സ്വദേശികളായ കുട്ടികളെ പ്രദേശത്തെ ശ്മശാനത്തിലാണ് കണ്ടെത്തിയത്. വഴി തെറ്റി ഇവിടെ ഒളിച്ചിരുന്ന കുട്ടികളെ ചൊവ്വാഴ്ച പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വിവരം കിട്ടിയതിന് പിന്നാലെ, പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും എത്തി കുട്ടികളെ അവിടെ നിന്ന് മാറ്റുകയായിരുന്നു. കുട്ടികളുമായി സംസാരിച്ചെന്നും സംസാദ് മിയ എന്നൊരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭട്ട ബസ്തി എസ്.ഐ ദീപക് ത്യാഗി പറഞ്ഞു. എന്നാല്‍, ഫാക്ടറി ഏതെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ആയിട്ടില്ലെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

കുട്ടികളെ ജയ്പൂരില്‍ എത്തിച്ചത് സംസാദ് മിയയാണെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിനോദയാത്രക്ക് എന്ന് വിശ്വസിപ്പിച്ച് രണ്ട് മാസം മുമ്പാണ് കുട്ടികളെ ജയ്പ്പൂരില്‍ എത്തിച്ചത്. പിന്നാലെ, ഭട്ട ബസ്തിയിലെ വള നിര്‍മാണ ഫാക്ടറിയില്‍ അടച്ചിടുകയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

ഫാക്ടറിയില്‍ കുട്ടികളെ കൊണ്ട് ഒരു ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് പണിയെടുപ്പിച്ചിരുന്നത്. ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. അസുഖം വന്നാല്‍ പോലും വിശ്രമമില്ലാതെ പണിയെടുപ്പിച്ചിരുന്നു. കൂടാതെ, ക്രൂരമായ മര്‍ദനവും കുട്ടികള്‍ നേരിട്ടിരുന്നു.

‘കുട്ടികള്‍ ഫാക്ടറിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഓടിപ്പോരുകയായിരുന്നു. എന്നാല്‍ വഴി തെറ്റി ശ്മശാനത്തില്‍ അഭയം തേടി. ഇവിടെ ഒരു രാത്രി ചിലവഴിച്ച കുട്ടികളെ പ്രദേശവാസികള്‍ കണ്ടെത്തി പൊലീസിനെ അറിയിച്ചു.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തിട്ടുണ്ട്. അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഫാക്ടറി ഉടമക്കായി തിരച്ചില്‍ നടത്തുകയാണ്,’ പൊലീസ് പറഞ്ഞു.

ജയ്പൂര്‍ ആസ്റ ഫൗണ്ടേഷന്‍ ഡയറക്ടര്‍ വിവേക് ശര്‍മ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വെളിപ്പെടുത്തി. എല്ലാ വര്‍ഷവും 4000ലധികം കുട്ടികളെ ബാലവേലക്കായി ബീഹാറില്‍ നിന്ന് കടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ 20 ശതമാനം പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിയുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Beaten, forced to work up to 18 hours: Seven children from Bihar escape Jaipur bangle factory

We use cookies to give you the best possible experience. Learn more