| Monday, 2nd March 2026, 5:45 pm

അമ്പട നെല്‍സാ, അത് അടിച്ചുമാറ്റിയതായിരുന്നല്ലേ, ബീസ്റ്റിലെ ഓപ്പണിങ് സീന്‍ കോപ്പിയാണെന്ന് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

വെറും നാല് സിനിമകള്‍ കൊണ്ട് തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ നെല്‍സണ്‍ പറഞ്ഞ കഥകളെല്ലാം സൂപ്പര്‍ഹിറ്റായി മാറി. നിലവില്‍ ജയിലര്‍ 2ന്റെ തിരക്കിലാണ് നെല്‍സണ്‍. ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ് ഇപ്പോള്‍.

നെല്‍സന്റെ കരിയറില്‍ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായ ചിത്രമായിരുന്നു ബീസ്റ്റ്. വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ചിത്രം കെ.ജി.എഫ് 2നൊപ്പമായിരുന്നു ക്ലാഷിനെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മോശം അഭിപ്രായമായിരുന്നു ബീസ്റ്റ് സ്വന്തമാക്കിയത്. വിജയ്‌യുടെ സ്റ്റാര്‍ഡം കൊണ്ടുമാത്രം ചിത്രം 200 കോടിയിലേറെ സ്വന്തമാക്കിയിരുന്നു.

ചിത്രത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നായിരുന്നു ആദ്യ സീന്‍ മുതല്‍ ടൈറ്റില്‍ എഴുതിക്കാണിക്കുന്നതു വരെയുള്ള ഭാഗം. വിജയ്‌യും ചെറിയ കുട്ടിയും തമ്മിലുള്ള കെമിസ്ട്രി എല്ലാ പ്രേക്ഷകരിലും വര്‍ക്കായി. ടൈറ്റിലെഴുതുന്നതിന് മുമ്പുള്ള ബി.ജി.എമ്മും പലരുടെയും മനസിനെ സ്പര്‍ശിച്ചു. എന്നാല്‍ ഈ രംഗം കോപ്പിയടിയാണെന്ന് കണ്ടെത്തയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കൊറിയന്‍ ചിത്രമായ നോ ടിയേഴ്‌സ് ഫോര്‍ ദി ഡെഡ്ഡിന്റെ ഓപ്പണിങ് സീന്‍ കോപ്പിയടിച്ചാണ് ബീസ്റ്റിന്റെ ഓപ്പണിങ് സീന്‍ നെല്‍സണ്‍ ഒരുക്കിയതെന്നാണ് ജെന്‍ ജീ എന്ന ഫേസ്ബുക്ക് ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ബീസ്റ്റിലെയും നോ ടിയേഴ്‌സ് ഫോര്‍ ദി ഡെഡ്ഡിലെയും രംഗങ്ങള്‍ ഒന്നിച്ചുവെച്ചുകൊണ്ടുള്ള വീഡിയോയും പോസ്റ്റിനൊപ്പമുണ്ട്.

ബീസ്റ്റില്‍ ഔട്ട്‌ഡോറിലാണ് ഓപ്പണിങ് ഫൈറ്റെങ്കില്‍ കൊറിയന്‍ വേര്‍ഷനില്‍ ഒരു റെസ്റ്റോറന്റിനകത്ത് വെച്ചാണ് നായകന്‍ വില്ലന്മാരെ നേരിടുന്നത്. ബീസ്റ്റില്‍ നായകനായ വീരരാഘവന്‍ തൊടുക്കുന്ന ലോഞ്ചര്‍ കാരണമാണ് കുട്ടി മരിക്കുന്നതെങ്കില്‍ നോ ടിയേഴ്‌സ് ഫോര്‍ ദി ഡെഡ്ഡില്‍ നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റാണ് കുട്ടി മരിക്കുന്നത്.

എന്നാല്‍ ഈ സീന്‍ മാത്രമേ ഒരുപോലെയുള്ളൂവെന്നും രണ്ട് സിനിമകളുടെയും കഥ വ്യത്യസ്തമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 2014ല്‍ റിലീസായ സിനിമക്ക് ഇന്നും കൊറിയന്‍ ആരാധകര്‍ക്കിടയില്‍ വലിയ ഫാന്‍ബേസുണ്ട്. ആദ്യത്തെ പത്ത് മിനിറ്റിലെ ക്വാളിറ്റി ആദ്യാവസാനം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബീസ്റ്റും ഗംഭീര സിനിമയായേനെയെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.

175 കോടി ബജറ്റിലൊരുങ്ങിയ ബീസ്റ്റ് 230 കോടിയിലധികമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. പൂജ ഹെഗ്‌ഡേ നായികയായ ചിത്രം റിലീസിന് പിന്നാലെ ട്രോള്‍ മെറ്റീരിയലായി മാറി. എന്നാല്‍ ബീസ്റ്റിന്റെ പേരില്‍ ട്രോളുകളേറ്റുവാങ്ങിയ നെല്‍സണ്‍ ഇന്ന് ഇന്‍ഡസ്ട്രിയിലെ മികച്ച സംവിധായകരിലൊരാളാണ്.

Content Highlight: Beast opening scene was copied from a Korean movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more