കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ എന്‍.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലുമായി നിരവധി സീറ്റുകളില്‍ മത്സരിച്ചെങ്കിലും ആകെ അഞ്ച് സിറ്റീല്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്.
ആകെയുള്ള 17,337 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാലെണ്ണത്തിലും 2267 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ ഒന്നിലുമാണ് ബി.ഡി.ജെ.എസിന് വിജയിക്കാന്‍ സാധിച്ചത്.
കൊച്ചി കോര്‍പ്പറേഷനിലും കോഴിക്കോട് കോര്‍പ്പറേഷനിലുമടക്കം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ എന്‍.ഡി.എയുടെ കീഴില്‍ മത്സരത്തിറങ്ങിയെങ്കിലും വോട്ടുകള്‍ പെട്ടിയിലെത്തിക്കാനോ കാര്യമായ പോരാട്ടം കാഴ്ചവെക്കാനോ സാധിച്ചില്ല. എല്ലായിടത്തും കാലുറപ്പിക്കാന്‍ പോലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ പാടുപെട്ടു.
കൊച്ചി കോര്‍പ്പറേഷനില്‍ എളമക്കര സൗത്ത്, കലൂര്‍ നോര്‍ത്ത്, പൊന്നുരുന്നി ഈസ്റ്റ് അടക്കം 13 സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ഇവിടെ ഒന്നില്‍പ്പോലും പച്ച തൊടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.
456 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കലൂര്‍ നോര്‍ത്തില്‍ മുസ്‌ലിം ലീഗിന്റെ അഷ്‌റഫ് ടി.കെ. വിജയിച്ചപ്പോള്‍ 192 വോട്ടുകള്‍ മാത്രമാണ് ബി.ഡി.ജെ.എസിന്റെ പ്രദീപ്കുമാറിന് നേടാന്‍ സാധിച്ചത്. എളമക്കര സൗത്തിലും പൊന്നുരുന്നിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. യഥാക്രമം 131, 152 വോട്ടുകളാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ കൊമ്മേരിയിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. യു.ഡി.എഫ് സ്വതന്ത്ര കവിത അരുണ്‍ 850 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ 258 വോട്ടുകള്‍ മാത്രമാണ് ബി.ഡി.ജെ.എസിന് പെട്ടിയിലെത്തിക്കാന്‍ സാധിച്ചത്.
ഇടുക്കി, ആലപ്പുഴ, പത്തനംതിട്ടയടക്കമുള്ള മറ്റ് ജില്ലകളിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെങ്കിലും വിജയം മാത്രം അകന്നുനിന്നു. കേരള രാഷ്ട്രീയത്തില്‍ ബി.ഡി.ജെ.എസിന് കാര്യമായ ഒരു റോളുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.
Content Highlight: BDJS failed to make significant progress in the local elections.