| Thursday, 4th June 2026, 9:12 am

സഞ്ജുവോ ശ്രേയസോ? സൂര്യയുടെ ഭാവിയെന്ത്?സൂര്യവംശിയെത്തുമോയെന്നറിയാന്‍ ഇനി വെറും രണ്ട് നാള്‍!

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ടീമിനെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടെയിലെ സജീവ ചര്‍ച്ച. ടീമില്‍ നേതൃമാറ്റമുണ്ടാകുമെന്ന് ഏറ്റവും പുതിയ വാര്‍ത്തകള്‍. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രേയസ് അയ്യര്‍ ഈ റോളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിലക് വര്‍മ വൈസ് ക്യാപ്റ്റനായേക്കുമെന്നും വിവരമുണ്ട്. എന്നാല്‍, ക്യാപ്റ്റന്‍സിയില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന് സ്‌പോര്‍ട്‌സ് സ്റ്റാറും ടെലഗ്രാഫും അടക്കമുള്ള മാധ്യമങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

അതിനാല്‍ തന്നെ ആരാകും പുതിയ ക്യാപ്റ്റന്‍ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുകയാണ്. ഇതിന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉത്തരമുണ്ടാകുമെന്നാണ് വിവരം. ജൂണ്‍ ആറിന് അയര്‍ലാന്‍ഡ് ടി – 20 പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കുമെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി അജിത് അഗാര്‍ക്കറുടെ കീഴില്‍ മുംബൈയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും. യോഗത്തില്‍ അയര്‍ലാന്‍ഡ് പരമ്പരക്ക് പുറമെ, ഇംഗ്ലണ്ടിനെതിരെയുള്ള ടി – 20 പരമ്പരക്കും 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചേക്കും.

2026 ടി – 20 ലോകകപ്പുമായി സൂര്യകുമാർ യാദവ്. Photo: BCCI/x.com

ക്യാപ്റ്റന്‍സിക്ക് പുറമെ സൂര്യക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിലും ഐ.പി.എല്ലിലുമുള്ള താരത്തിന്റെ ഫോം ഔട്ടാണ് ഇതിലേക്ക് വഴിവെച്ചത്. ടി – 20 ലോകകപ്പിലും സ്‌കൈക്ക് വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.

സൂര്യക്ക് പിന്‍ഗാമിയാകാന്‍ ശ്രേയസിന് തന്നെയാണ് കൂടുതല്‍ സാധ്യതകള്‍. എന്നാല്‍, ടി – 20 ടീമില്‍ നിന്ന് താരം ഏറെ നാളായി പുറത്താണുള്ളത് എന്നതാണ് തിരിച്ചടി. പക്ഷേ. ഐ.പി.എല്ലില്‍ മൂന്ന് ടീമുകളെ ഫൈനലില്‍ എത്തിച്ച ഏക ക്യാപ്റ്റന്‍ എന്ന ഖ്യാതി താരത്തിന് ഗുണം ചെയ്യും.

സഞ്ജു സാംസണും ശ്രേയസ് അയ്യരും. Photo: Cricket Central/x.com

കോച്ച് ഗൗതം ഗംഭീറിന് സഞ്ജുവിൽ താത്പര്യമുള്ളതാണ് ഇപ്പോഴും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് സാധ്യത നിലനിര്‍ത്തുന്നത്. എന്നാല്‍, അഗാര്‍ക്കറിന്റെ പിന്തുണയുള്ളതിനാല്‍ ശ്രേയസിന് നറുക്ക് വീണേക്കും. ആരാകും ക്യാപ്റ്റന്‍ എന്നതില്‍ ഗംഭീറായിരിക്കും അന്തിമ തീരുമാനമെടുക്കക എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ജൂണ്‍ ആറിലെ യോഗത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ടി – 20 ലോകകപ്പ് നിലനിര്‍ത്തിയ ടീമില്‍ നിര്‍ണായക പങ്കുവഹിച്ച അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ടോപ് ഓര്‍ഡറില്‍ എങ്ങനെ സൂര്യവംശിയെ ഉള്‍പ്പെടുത്തും എന്നതാണ് നിലവിലെ പ്രധാന ചോദ്യം. ഇതിന് പരിഹാരമായി മാനേജ്‌മെന്റ് ഓപ്പണര്‍മാരെ റൊട്ടേറ്റ് ചെയ്യാന്‍ തീരുമാനിച്ചേക്കാമെന്നും ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight: BCCI will announce India’ s new T2oI captain and squad for Ireland, England and Asian Games on June 6: Report

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more