| Friday, 13th March 2026, 6:10 pm

'ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല'; അബ്രാറിനെ സണ്‍റൈസേഴ്സ് ടീമിലെടുത്തതില്‍ രാജീവ് ശുക്ല

ഫസീഹ പി.സി.

ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ലീഡ്‌സ് ദി ഹണ്‍ഡ്രഡില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതില്‍ പ്രതികരിച്ച് രാജീവ് ശുക്ല. വിദേശ ലീഗായതിനാല്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും തങ്ങളുടെ പരിധിയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഐ.പി.എല്ലില്‍ ഇങ്ങനെയൊരു താരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ശുക്ല.

രാജീവ് ശുക്ല. Photo: mensxp

‘ഞങ്ങളുടെ പരിധി ഐ.പി.എല്ലില്‍ പരിമിതപ്പെട്ടിരിക്കുന്നു. മറ്റ് ലീഗുകളില്‍ എന്ത് നടക്കുന്നുവെന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയ്ക്ക് പുറത്തുള്ള ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി ഒരു വിദേശ താരത്തെ സ്വന്തമാക്കുന്നത് അവരുടെ കാര്യമാണ്. അക്കാര്യത്തില്‍ ഞങ്ങളായിരിക്കും ഏറ്റവും കുറവ് ആശങ്കപ്പെടുന്നത്. ഐ.പി.എല്ലില്‍ അത്തരമൊരു താരമില്ല,’ ശുക്ല പറഞ്ഞു.

ഇംഗ്ലീഷ് ഫ്രാഞ്ചൈസി ലീഗായ ദി ഹണ്‍ഡ്രഡില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് സണ്‍റൈസേഴ്സ് ലീഡ്‌സ് അബ്രാറിനെ ടീമിലെത്തിച്ചത്. താരത്തെ ടീം സ്വന്തമാക്കിയത് 190,000 പൗണ്ടിനാണ്. ദി ഹണ്‍ഡ്രഡില്‍ ഇതാദ്യമായാണ് സണ്‍റൈസേഴ്സ് കളിക്കുന്നത്.

അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതിന് പിന്നാലെ ടീമിനും സഹോദര ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. ഇന്ത്യയെ അപമാനിക്കാനാണ് അബ്രാര്‍ അഹമ്മദിനെ സണ്‍ ടി.വിയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതെന്നാണ് ഇവരുടെ ആരോപണം.

ഇന്ത്യയുടെ വികാരങ്ങള്‍ മാനിക്കാതെയാണ് കാവ്യ മാരനും സണ്‍ ടി.വിയും ഈ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. കടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടു.

ഇംഗ്ലീഷ് താരം ആദില്‍ റഷീദിനെ സ്വന്തമാക്കുകയെന്നതായിരുന്നു പദ്ധതിയിട്ടിരുന്നുവെന്നതെന്നും എന്നാല്‍ താരത്തെ കിട്ടാതെ വന്നതോടെയാണ് അബ്രാറിനെ ടീമിലെത്തിച്ചതെന്നും പരിശീലകന്‍ ഡാനിയല്‍ വെറ്റോറി വിശദീകരിച്ചു.

ലേലത്തിന് മുന്‍പ് പാക് താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ടീം മാനേജ്മെന്റില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യതമാക്കി. കഴിവ് അനുസരിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തതെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.

Content Highlight: BCCI VP Rajeev Shukla responds on Abrar Ahmed joining Sunrisers Leeds

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more