| Saturday, 16th May 2026, 8:17 pm

സഞ്ജുവാണോ ഇഷാനാണോ; ഏകദിനത്തില്‍ ആരെത്തുമെന്ന് ഉടനറിയാം

ഫസീഹ പി.സി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2026 – 2027 സീസണ്‍ ആരംഭിക്കുന്നത് അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയോടെയാണ്. ജൂണ്‍ ആറ് മുതലാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പരമ്പരയില്‍ ആരെല്ലാമായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുക എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതില്‍ തന്നെ ഏകദിനത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറുടെ റോളില്‍ ആരാണ് എത്തുക എന്നതാണ് ഇപ്പോള്‍ നിലവിലെ ചര്‍ച്ചകള്‍. ഇതുവരെ ഈ റോളില്‍ റിഷബ് പന്തായിരുന്നു.

സഞ്ജു സാംസണും ഇഷാൻ കിഷനും.

എന്നാല്‍, മോശം ഫോം കാരണം പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പകരക്കാരനായി ആദ്യം ഉയര്‍ന്ന് കേട്ടിരുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പേരായിരുന്നു. ഇപ്പോള്‍ ഇഷാന്‍ കിഷനാണ് മുന്‍തൂക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

ഈ കാത്തിരിപ്പുകള്‍ക്ക് ഉടനെ തന്നെ അവസാനമാകുമെന്നാണ് വിവരം. അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ടീമിനെ മെയ് 19ന് പ്രഖ്യാപിക്കും. ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ ഇക്കാര്യം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യൻ ടീം.

‘മെയ് 19ന് സെലക്ഷന്‍ കമ്മിറ്റി യോഗം നടക്കും. യോഗത്തില്‍ അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുക്കും,’ ദേവ്ജിത് സൈകിയ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പരമ്പര ടെസ്റ്റ് മത്സരത്തോടെയാണ് തുടക്കമാവുന്നത്. ജൂണ്‍ ആറ് മുതല്‍ പത്ത് വരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം മൂന്ന് ഏകദിനങ്ങള്‍ കളിക്കും. ജൂണ്‍ 14, 17, 20 എന്നീ ദിവസങ്ങളിലാണ് ഈ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടെസ്റ്റിന് മുല്ലാന്‍പൂര്‍ സ്റ്റേഡിയം വേദിയാകുമ്പോള്‍ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം, ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ചെപ്പോക്ക് എന്നിവിടങ്ങളിലാണ് ഏകദിനം അരങ്ങേറുക.

Content Highlight: BCCI set to announce India’s ODI and Test squad for Afghanistan series on May 19

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more