| Tuesday, 23rd December 2025, 12:14 pm

ഫൈനലില്‍ പാകിസ്ഥാനോടുള്ള തോല്‍വി; സൂര്യവംശിയും മാഹ്‌ത്രെയുമുള്ള ടീമിനോട് വിശദീകരണം തേടാന്‍ ബി.സി.സി.ഐ

ഫസീഹ പി.സി.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ കിരീടമുയര്‍ത്തിയിരുന്നു. മത്സരത്തില്‍ 191 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയാണ് മെന്‍ ഇന്‍ ഗ്രീനിന്റെ കിരീടനേട്ടം. വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയും അടക്കമുള്ള വലിയ താരനിരയുണ്ടായിട്ടും ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സമീര്‍ മിന്‍ഹാസിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മാമോത്ത് സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ പാടെ തകരുകയായിരുന്നു. ടൂര്‍ണമെന്റില്‍ അപരാജിതരായി ഫൈനലില്‍ പ്രവേശിച്ചതിന് ശേഷമായിരുന്നു ഇന്ത്യയുടെ വലിയ തോല്‍വി.

ഇന്ത്യ അണ്ടർ 19 ടീം ഏഷ്യാ കപ്പിനിടെ. Photo: BCCI/x.com

ഇപ്പോള്‍ ഈ തോല്‍വിയില്‍ ബി.സി.സി.ഐ ടീമിന്റെ പ്രകടനം അവലോകനം നടത്താന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണ ഓരോ ടൂര്‍ണമെന്റിന് ശേഷവും ടീം മാനേജര്‍ ബി.സി.സി.ഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ പതിവിന് വിപരീതമായി ടീം മാനേജരുമായും ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

ക്രിക് ബസ് റിപ്പോര്‍ട്ട് പ്രകാരം ഈ ചര്‍ച്ചയില്‍ ഫൈനലിലെ തോല്‍വിയില്‍ ടീം മാനേജറില്‍ നിന്നും ക്യാപ്റ്റണില്‍ നിന്നും വിശദീകരണം തേടും. കഴിഞ്ഞ ദിവസം (ഡിസംബര്‍ 22 ) നടന്ന അപെക്‌സ് കൗണ്‍സിലിന്റേതാണ് ഈ തീരുമാനം.

‘തിങ്കളാഴ്ച (ഡിസംബര്‍ 22) നടന്ന ഓണ്‍ലൈന്‍ അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി. ഈ ചര്‍ച്ചയില്‍ തോല്‍വിയില്‍ ടീം മാനേജ്‌മെന്റില്‍ നിന്ന് വിശദീകരണം തേടേണ്ടതുണ്ട് അംഗങ്ങള്‍ ആവശ്യപ്പെട്ടു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യന്‍ താരങ്ങളായ മാഹ്‌ത്രെയും സൂര്യവംശിയും പാക് താരങ്ങളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ബി.സി.സി.ഐ റിവ്യൂവില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുമോയെന്ന് വ്യക്തമല്ല.

Content Highlight: BCCI to seek explanation from Vaibhav Suryavanshi and Ayush Mhatre team after India loss against Pakistan in U19 Asia Cup final: Report

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more