സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ഓഗസ്റ്റ് 19ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മികച്ച ഫോമിലായിരുന്നിട്ടും ഇന്ത്യയുടെ 15 അംഗ ടീമില്‍ ശ്രേയസ് അയ്യരിന് ഇടം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് പിന്നാലെ താരത്തെ രോഹിത് ശര്‍മയ്ക്ക് ശേഷം ഏകദിന ക്യാപ്റ്റനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദൈനിക്ക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഇപ്പോള്‍ ഈ വാര്‍ത്തകള്‍ നിരസിച്ച് എത്തിയിരിക്കുകയാണ് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ. ശ്രേയസ് അയ്യരെ ഏകദിന നായകനാക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് അതൊരു വാര്‍ത്തയാണ്. അങ്ങനെയൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല,’ സൈക്കിയ പറഞ്ഞു.
അതേസമയം, ബി.സി.സി.ഐ എല്ലാ ഫോര്‍മാറ്റിലും ഒരു താരത്തെ ക്യാപ്റ്റന്‍ ആക്കാനാണ് ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഇതേ റിപ്പോര്‍ട്ടില്‍ തന്നെ ഒരു ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് ശുഭ്മന്‍ ഗില്ലിനെയാണ് ആ സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കുന്നത് എന്ന് പറയുന്നു.
‘അവന് ഏകദിനത്തില്‍ 59 ശരാശരിയുണ്ട്. നിലവില്‍ ഗില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. കൂടാതെ, അവന്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാണ്. ഗില്‍ ചെറുപ്പവും ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയങ്ങള്‍ നേടിയിട്ടുമുണ്ട്. അങ്ങനെ ഒരാളെ സമയമാവുമ്പോള്‍ ഏകദിന ക്രിക്കറ്റില്‍ ക്യാപ്റ്റനായി പരിഗണിക്കാതിരിക്കില്ല,’ ബി.സി.സി.ഐ വൃത്തം പറഞ്ഞു.
ഏഷ്യാ കപ്പിലുള്ള സ്‌ക്വാഡിലും ശുഭ്മന്‍ ഗില്‍ ഇടം പിടിച്ചിരുന്നു. കാലങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റന്‍സിയും താരത്തിന് ലഭിച്ചു. ഇംഗ്ലണ്ട് പരമ്പരയില്‍ ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും പുറത്തെടുത്ത മികവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗില്ലിന്റെ സ്ഥാനക്കയറ്റം.
എന്നാല്‍, ഐ.പി.എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റിലും മികച്ച പ്രകടനം നടത്തിയിട്ടും ശ്രേയസിന് മുന്നില്‍ വാതില്‍ അടയുകയായിരുന്നു. ഐ.പി.എല്ലില്‍ താരം 17 ഇന്നിങ്സില്‍ നിന്ന് 175.5 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സ് നേടിയിരുന്നു. പുറമെ, 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.
മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തതും അയ്യരായിരുന്നു.
Content Highlight: BCCI Rejects Possibility of Shreyas Iyer ODI Captaincy