| Friday, 7th March 2025, 12:45 pm

വിരമിക്കണോ വേണ്ടയോ എന്നത് രോഹിത്തിന്റെ തീരുമാനം, എന്നാല്‍ ക്യാപ്റ്റന്‍സി അങ്ങനെയല്ല; കടുത്ത തീരുമാനങ്ങള്‍ക്കൊരുങ്ങി ബി.സി.സി.എ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.

ഈ മത്സരഫലം 2027 ഏകദിന ലോകകപ്പിനും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കളിനും അടിത്തറയൊരുക്കിയേക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുമായി ഒരു സ്ഥിരം ക്യാപ്റ്റനെ പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ താരത്തെ മാറ്റാനുള്ള സാധ്യതകളും ഏറെയാണ്.

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഏകദിനത്തിലും ടെസ്റ്റിലും രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം അപെക്‌സ് ബോര്‍ഡ് പരിഗണിക്കുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയതിന് ശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഹെഡ് കോച്ച് ഗൗതം ഗംഭീറും ഈ നിര്‍ദേശം ബോര്‍ഡുമായും രോഹിതുമായും ചര്‍ച്ച ചെയ്‌തെന്നും ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ചതിന് ശേഷം ടീമിന്റെ ഭാവി പദ്ധതികള്‍ തീരുമാനിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

‘രോഹിത്തിന് കുറച്ച് കാലം കൂടി ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം തന്റെ ഭാവി പരിപാടികള്‍ എന്താണെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ രോഹിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കണോ വേണ്ടയോ എന്നതെല്ലാം രോഹിത്തിന്റെ താത്പര്യമാണ്, എന്നാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യം അങ്ങനെയല്ല.

2027ല്‍ സൗത്ത് ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ടീമിന് ഒരു സ്റ്റേബിളായ ക്യാപ്റ്റന്‍ ആവശ്യമാണെന്ന് രോഹിത്തിന് അറിയാം. ബോര്‍ഡ് വിരാട് കോഹ്‌ലിയോട് സംസാരിച്ചിട്ടുണ്ട്. ടീമില്‍ അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമാണെന്നാണ് തോന്നുന്നത്,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. എന്നാല്‍ നിലവില്‍ എ പ്ലസ് കോണ്‍ട്രാക്ടുള്ള വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിച്ചതിനാല്‍ ഇവരെ ഇതേ കാറ്റഗറിയില്‍ തന്നെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താകും ഇതില്‍ അന്തിമ തീരുമാനമുണ്ടാവുക.

‘ബോര്‍ഡ് രോഹിത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അവന്‍ വിരമിക്കുകയാണെങ്കില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഒഫീഷ്യല്‍സ് തീരുമാനമെടുക്കും. 2024 ടി-20 ലോകകപ്പിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും അവന്‍ മികച്ച രീതിയിലാണ് ടീമിനെ നയിച്ചത് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല,’ ബി.സി.സി.ഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BCCI ready to take tough decisions about Rohit Sharma’s captaincy after Champions Trophy 2025

We use cookies to give you the best possible experience. Learn more