| Sunday, 22nd June 2025, 1:37 pm

ടീമുകളുടെ തിടുക്കത്തിലുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബി.സി.സി.ഐ. ടീമുകളുടെ തിടുക്കത്തിലുള്ള പരിപാടികള്‍ അനുവദിക്കില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.

ആര്‍.സി.ബി  വിജയാഘോഷത്തിനിടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 75 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശന നിയമങ്ങള്‍ നടപ്പാക്കാനുള്ള ബി.സി.സി.ഐയുടെ മാര്‍ഗനിര്‍ദേശം.

ഐ.പി.എല്ലിന് ശേഷം പരസ്യമായി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ടീമുകള്‍ക്കും ഔപചാരിക മാര്‍ഗനിര്‍ദേശങ്ങള്‍ ഇനി നിര്‍ബന്ധമാണെന്നും ബി.സി.സി.ഐ പറഞ്ഞു. ഇനി വരാന്‍ പോകുന്ന ആഘോഷങ്ങള്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ബോര്‍ഡ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ബി.സി.സി.ഐയുടെ നിര്‍ദേശങ്ങള്‍

1. കിരീടം നേടി മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഒരു ടീമിനെയും ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ല
2. തിരക്കേറിയതും മോശമായി കൈകാര്യം ചെയ്യുന്നതുമായ ഇവന്റുകള്‍ പെട്ടെന്ന് ഒഴിവാക്കാന്‍ അനുവദിക്കില്ല.
3. ഏതെങ്കിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുമ്പ് ടീമുകള്‍ ബി.സി.സി.ഐയില്‍ നിന്ന് ഔദ്യോഗിക അനുമതി തേടണം.
4. ബോര്‍ഡിന്റെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു പരിപാടിയും നടത്താന്‍ കഴിയില്ല.
5. 4 മുതല്‍ 5 വരെയുള്ള നിര്‍ബന്ധിത സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തണം
6. എല്ലാ വേദികളിലും ഗതാഗത സമയത്തും ബഹുതല സുരക്ഷാ സാന്നിധ്യം അനിവാര്യമായിരിക്കും.
7. വിമാനത്താവളത്തില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള ടീമിന്റെ നീക്കവും സുരക്ഷാ ക്രമീകരണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കണം.
8. ഇവന്റ് ഷെഡ്യൂളിലുടനീളം കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.
9. ജില്ലാ പൊലീസ്, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണം.
10. നിയമപരമായും സുരക്ഷിതമായും മുന്നോട്ട് പോകുന്നതിന് എല്ലാ ആഘോഷങ്ങളും പൗരനിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അനുവദിക്കണം.

11 പേരുടെ മരണത്തിനും 75 പേര്‍ക്ക് പരിക്കേറ്റതിനും കാരണമായ ദുരന്തത്തില്‍ ദുരന്തത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റിന് കൈമാറിയതായും അപകടത്തിന്റെ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയമിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.

ആര്‍.സി.ബി വിജയാഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11പേര്‍ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Content Highlight: BCCI issues guidelines to prevent hasty celebrations by teams

We use cookies to give you the best possible experience. Learn more