2025 ടാറ്റ ഐ.പി.എല്‍ മത്സരങ്ങള്‍ ഒരു ആഴ്ചത്തേക്ക് മാത്രമാണ് നിര്‍ത്തിവെച്ചതെന്ന് ബി.സി.സി.ഐ. പുതിയ ഷെഡ്യൂളും വേദികളും സംബന്ധിച്ച കൂടുതല്‍ അപ്ഡേറ്റുകള്‍ ബന്ധപ്പെട്ട അധികാരികളുമായും പങ്കാളികളുമായും കൂടിയാലോചിച്ച് സമഗ്രമായ വിലയിരുത്തലിന് ശേഷം പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐയുടെ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. മാത്രമല്ല ഐ.പി.എല്ലിലെ എല്ലാ ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.
‘നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും ബി.സി.സി.ഐ പൂര്‍ണ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ പങ്കാളികളുടെയും കൂട്ടായ താത്പര്യത്തിനനുസരിച്ച് വിവേകപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് ബോര്‍ഡ് കരുതുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ബി.സി.സി.ഐ രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിനോടും സായുധ സേനകളോടും രാജ്യത്തെ ജനങ്ങളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് കീഴില്‍ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങള്‍ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാര്‍ത്ഥ സേവനത്തിനും ബോര്‍ഡ് അഭിവാദ്യം അര്‍പ്പിക്കുന്നു.
ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍ രാഷ്ട്രത്തേക്കാള്‍ വലുതായി ഒന്നുമില്ല. നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി ഒന്നുമില്ല. ഇന്ത്യയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാന്‍ ബി.സി.സി.ഐ ഉറച്ചുനില്‍ക്കുന്നു. കൂടാതെ രാജ്യത്തിന്റെ ഏറ്റവും മികച്ച താത്പര്യത്തിനായി അതിന്റെ തീരുമാനങ്ങള്‍ എപ്പോഴും യോജിപ്പിക്കും.
ഐ.പി.എല്ലില്‍റെ പങ്കാളിയായ ജിയോസ്റ്റാറിന് അവരുടെ പിന്തുണയ്ക്കും നന്ദി പറയുന്നു. ഈ തീരുമാനത്തിന് വ്യക്തമായ പിന്തുണ നല്‍കി മുന്നോട്ട് വന്നതിനും ദേശീയ താത്പര്യം മുന്‍നിര്‍ത്തി ടാറ്റയ്ക്കും മറ്റ് എല്ലാ അസോസിയേറ്റ് പങ്കാളികള്‍ക്കും ബോര്‍ഡ് നന്ദി പറയുന്നു,’ ബി.സി.സി.ഐയുടെ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: BCCI has decided to suspend the remainder of the ongoing TATA IPL 2025 with immediate effect for one week