| Wednesday, 10th September 2025, 1:59 pm

കളിക്കാര്‍ക്ക് പഴം വാങ്ങിയ ചെലവ് 35 ലക്ഷം! ബി.സി.സി.ഐക്ക് ഹൈക്കോടതി നോട്ടീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഉത്തരാഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് തിരിമറിയില്‍ ബി.സി.സി.ഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഫണ്ടുകളില്‍ 12 കോടി രൂപ വകമാറ്റിയെന്നതടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ അപെക്‌സ് ബോര്‍ഡിനോട് വിശദീകരണം തേടുകയായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി. ടൂര്‍ണമെന്റുകള്‍ നടത്താനും മറ്റുമായാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടിരിക്കുന്നത്.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 35 ലക്ഷം രൂപ താരങ്ങള്‍ക്ക് വാഴപ്പഴം വാങ്ങുന്നതിനായി ചെലവഴിച്ചു എന്നാണ് രേഖപ്പെടുത്തിയതെന്ന് ഹരജിക്കാരന്‍ പറയുന്നു.

ജസ്റ്റിസ് മനോജ് കുമാര്‍ തിവാരിയുടെ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തെ അസോസിയേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡെറാഡൂണ്‍ സ്വദേശിയായ സഞ്ജയ് റാവത്ത് അടക്കമുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി 6.4 കോടി രൂപയും ടൂര്‍ണമെന്റുകള്‍ക്കും ട്രയല്‍സിനുമായി 26.3 കോടി രൂപയും ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 22.3 കോടി രൂപയായിരുന്നു.

താരങ്ങളുടെ ഭക്ഷണച്ചെലവിന്റെ പേരില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ കോടികള്‍ തട്ടിയെന്ന് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സൗകര്യങ്ങളും താരങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

പരാതികളും ആരോപണങ്ങളും കേട്ട ശേഷം അടുത്ത വാദം വെള്ളിയാഴ്ച കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരെ നേരത്തെയും സമാന രീതിയില്‍ ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2022ല്‍ പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ജെയ്മി ആള്‍ട്ടര്‍ തന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

ടീമിലെ ഓരോ താരങ്ങള്‍ക്കും അലവന്‍സായി നൂറ് രൂപയാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നതെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

രഞ്ജി കളിക്കുന്ന ഓരോ താരത്തിനും ഏറ്റവും ചുരുങ്ങിയത് 1,500 രൂപയെങ്കിലും ഒരു ദിവസം അലവന്‍സായി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, ഔദ്യോഗിക ശമ്പളത്തിന്റെ 7 ശതമാനത്തില്‍ താഴെ മാത്രമാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. അങ്ങനെയെങ്കില്‍ ബാക്കി പണം എവിടെ എന്നാണ് ആള്‍ട്ടര്‍ ചോദിക്കുന്നത്.

നിരവധി തവണ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് 100 രൂപ ഡി.എ നല്‍കുന്നത് എന്ന് കളിക്കാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്നതായിരുന്നു ആള്‍ട്ടറിന്റെ റിപ്പോര്‍ട്ട്. പണം തട്ടാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കണക്കുകളും അന്ന് അദ്ദേഹം പുറത്തുവിട്ടിരുന്നു.

കളിക്കാര്‍ക്കുള്ള ഭക്ഷണം – 1,74,07,346 (ഏകദേശം ഒന്നേമുക്കാല്‍ കോടി)

ഡെയ്‌ലി അലവന്‍സ് – 49,58,750 (ഏകദേശം 50 ലക്ഷം)

വാഴപ്പഴം – 35,00,000 (35 ലക്ഷം)

മിനറല്‍ വാട്ടര്‍ – 22,00,000 (22 ലക്ഷം)

Content Highlight: BCCI gets notice from Uttarakhand High Court on state bodies expenses

We use cookies to give you the best possible experience. Learn more