| Saturday, 3rd January 2026, 2:44 pm

ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ബി.സി.സി.ഐ; മറുപടിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026നുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡില്‍ നിന്നും ബംഗ്ലാദേശ് സൂപ്പര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ട് ബി.സി.സി.ഐ.

ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ബംഗ്ലാദേശ് താരത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.

അപെക്‌സ് ബോര്‍ഡ് താരത്തെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വ്യക്തമാക്കി. മുസ്തഫിസുറിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാന്‍ സാധിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതായും കെ.കെ.ആര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്ന സാഹചര്യത്തില്‍ ബംഗ്ലാ പേസറെ പുറത്താക്കണമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ താരലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ ടീമിലെത്തിച്ചത്.

ബംഗ്ലാദേശിലെ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രതിഷേധത്തിന് വഴിമാറിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം വഷളായത്.

ഇതോടെയാണ് മുസ്തഫിസുര്‍ ഐ.പി.എല്‍ കളിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നത്. ബി.ജെ.പിയും ശിവസേനയും രംഗത്തുവന്നതോടെ ബി.സി.സി.ഐ വിഷയത്തില്‍ ഇടപെടുകയായിരുന്നു. താരത്തെ ഒഴിവാക്കി, പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കെ.കെ.ആറിന് അനുമതി നല്‍കുകയുമായിരുന്നു.

മുസ്തഫിസുര്‍ റഹ്‌മാന്‍

മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ കൊല്‍ക്കത്ത ഉടമ ഷാരൂഖ് ഖാനെതിരെ സംഘപരിവാര്‍ വന്‍ തോതില്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഷാരൂഖിനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബി.ജെ.പി നേതവും മുന്‍ യു.പി എം.എല്‍.എയുമായ സംഗീത് സോം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ബംഗ്ലാദേശ് താരങ്ങളെ ഐ.പി.എല്‍ താരലേലത്തില്‍ ഉള്‍പ്പെടുത്തിയ ബി.സി.സി.ഐയും ഐ.സി.സി തലവന്‍ ജയ് ഷായുമാണ് വിഷയത്തില്‍ ഉത്തരം പറയേണ്ടതെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വിമര്‍ശിച്ചിരുന്നു.

Content Highlight: BCCI asks KKR to release Mustafizur Rahman

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more