| Monday, 2nd November 2026, 8:56 pm

തിലക് വര്‍മ ക്യാപ്റ്റന്‍ : എ.സി.സി റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ദേവിക ജയചന്ദ്രന്‍

എ.സി.സി റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിനുള്ള ഇന്ത്യ എയുടെ പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. രജത് പട്ടീദാര്‍ ആണ് വൈസ് ക്യാപ്റ്റന്‍. നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹയിലാണ് ടൂര്‍ണമെന്റ്.

കൗമാരതാരം വൈഭവ് സൂര്യവംശിയും സൂപ്പര്‍ താരം അഭിഷേക് ശര്‍മയും ടീമിലുണ്ട്. പ്രഭ്‌സിമ്രന്‍ സിങ്, കുമാര്‍ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. റിങ്കു സിങ്, സൂര്യാന്‍ഷ് ഷെഡ്ജെ, ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്.

പാകിസ്ഥാന്‍ എ, നേപ്പാള്‍, യു.എ.ഇ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ എ. നേപ്പാളിനെതിരെ നവംബര്‍ 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ എയുമായുള്ള മത്സരം നവംബര്‍ 22നാണ്.

ഒമാനില്‍ നടന്ന ടൂര്‍ണമെന്റിന്റെ 2024 എഡിഷനില്‍ ഇന്ത്യ എയെ നയിച്ചത്‌  തിലക് തന്നെയായിരുന്നു ക്യാപ്റ്റന്‍. അന്ന് അഭിഷേക് ശര്‍മയായിരുന്നു വൈസ് ക്യാപ്റ്റന്‍.

ടൂര്‍ണമെന്റിന്റെ കഴിഞ്ഞ എഡിഷനില്‍ യു.എ.ഇയ്‌ക്കെതിരെ യുവതാരം വൈഭവ് സൂര്യവംശി 42 പന്തില്‍ 144 റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ എഡിഷനില്‍ കളിച്ച സൂര്യാന്‍ഷ് ഷെഡ്ജെയും ഹര്‍ഷ് ദുബെയും സ്‌ക്വാഡില്‍ തിരിച്ചെത്തി. സ്റ്റാന്‍ഡ്-ബൈ ലിസ്റ്റിലുണ്ടായിരുന്ന കുമാര്‍ കുശാഗ്രയും തനുഷ് കൊട്ടിയാനും ഇത്തവണ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടി.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) ഒക്ടോബര്‍ 24ന് പുറത്തിറക്കിയ മത്സരക്രമമനുസരിച്ച്, കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റ് ഇത്തവണ 50 ഓവര്‍ ഫോര്‍മാറ്റിലാണ് നടക്കുക. ഇന്ത്യ എയുടെ നേപ്പാളിനും യു.എ.ഇയ്ക്കുമെതിരായ മത്സരങ്ങള്‍ക്ക് ലിസ്റ്റ് എ പദവിയുണ്ടാകും.

മലേഷ്യയില്‍ നടന്ന എ.സി.സി പുരുഷ പ്രീമിയര്‍ കപ്പിലൂടെയാണ് നേപ്പാള്‍, യു.എ.ഇ, ഹോങ്കോങ് ചൈന ടീമുകള്‍ ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.

ഖത്തറിലെ ദോഹയിലാണ് എല്ലാ മത്സരങ്ങളും നടക്കുക. വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഗ്രൗണ്ടിലുമായിരിക്കും മത്സരങ്ങള്‍.

ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ സ്‌ക്വാഡ്

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പട്ടീദാര്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാന്‍ഷ് ഷെഡ്ജെ, ഷഹ്ബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍

Content  Highlight: BCCI announces India A squad led by Tilak Varma with Abhishek Sharma and Vaibhav Sooryavanshi

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more