| Saturday, 11th January 2025, 8:06 pm

അപൂര്‍വം, മകനെയടിച്ച സിക്‌സര്‍ കൈപ്പിടിയിലൊതുക്കി അച്ഛന്‍; ക്രിക്കറ്റില്‍ ഇതും സംഭവിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിലെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് മത്സരത്തിലെ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. മകനെറിഞ്ഞ പന്ത് ബാറ്റര്‍ സിക്‌സറിന് പറത്തുകയും ഗാലറിയിലിരുന്ന ബൗളറുടെ അച്ഛന്‍ തന്നെ പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്ത സംഭവമാണിത്.

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തിലാണ് സംഭവം. സ്‌ട്രൈക്കേഴ്‌സ് പേസര്‍ ലിയാം ഹാസ്‌കെറ്റിനെ ബ്രിസ്‌ബെയ്ന്‍ താരം നഥാന്‍ മക്‌സ്വീനി ലെഗ് സൈഡിലേക്ക് സിക്‌സറിന് പറത്തി. ഗാലറിയിലെത്തിയ പന്ത് കാണികളിലൊരാള്‍ മികച്ച രീതിയില്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ക്യാമറകള്‍ ഗാലറിയിലെ ആരാധകനെ കൃത്യമായി ഒപ്പിയെടുത്തതോടെ കമന്ററി ബോക്‌സില്‍ നിന്നും ആദം ഗില്‍ക്രിസ്റ്റാണ് അത് ഹാസ്‌കെറ്റിന്റെ അച്ഛനാണെന്ന് വ്യക്തമാക്കിയത്.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 56 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹീറ്റിന് 195 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് മാറ്റ് ഷോര്‍ട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

54 പന്ത് നേരിട്ട് 109റണ്‍സാണ് സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഷോര്‍ട്ട് നേടിയത്. 20 പന്തില്‍ 47 റണ്‍സ് നേടിയ ക്രിസ് ലിന്നും 19 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടിയ അലക്‌സ് റോസും സ്‌ട്രൈക്കേഴ്‌സ് നിരയില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സ്‌ട്രൈക്കേഴ്‌സ് 251 റണ്‍സ് നേടി.

ബ്രിസ്‌ബെയ്‌നിനായി മാത്യൂ കുന്‍മാന്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സ്വെപ്‌സണ്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹീറ്റിന് എന്നാല്‍ വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. ഡി ആര്‍സി ഷോര്‍ട്ടിന്റെ ബൗളിങ് കരുത്തില്‍ ഹീറ്റിന് അടിപിഴച്ചു.

20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 195 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. 24 പന്തില്‍ 43 റണ്‍സ് നേടിയ നഥാന്‍ മക്‌സ്വീനിയാണ് ടോപ് സ്‌കോറര്‍.

സ്‌ട്രൈക്കേഴ്‌സിനായി ഡി ആര്‍സി ഷോര്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി. ലോയ്ഡ് പോപ്പും ലിയാം ഹാസ്‌കെറ്റും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോര്‍ഡന്‍ ബക്കിങ്ഹാം ഒരു വിക്കറ്റും നേടി.

Content Highlight: BBL: Liam Haskett Gets Hit for a Six, His Father Takes Catch in the Stands

We use cookies to give you the best possible experience. Learn more